Latest News

63വയസുള്ള ബിസിനസുകാരന്റെ വയറ്റില്‍ നിന്ന് 12 സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അറുപത്തിമൂന്നു വയസുള്ള ബിസിനസുകാരന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ ഓപ്പറേഷനിലൂടെ പുറത്തെടുത്തത് 12 സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍. 33 ഗ്രാം വീതം ഭാരമുള്ള ഇത്രയും സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ക്ക് രാജ്യാന്തര വിപണിയില്‍ 12 ലക്ഷം രൂപ വിലമതിക്കും. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സ്വദേശിയായ അതിസമ്പന്നനായ ബിസിനസുകാരനാണ് സ്വര്‍ണ്ണം നിറഞ്ഞ 'വയറു'മായി ആശുപത്രിയിലെത്തിയത്. വാട്ടര്‍ ബോട്ടിലിന്റെ അടപ്പു വിഴുങ്ങിയെന്നും അതിനാല്‍ കടുത്ത വയറുവേദനയുമാണെന്നാണ് അയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ സ്വര്‍ണ്ണ ബിസ്‌കറ്റാണ് വിഴുങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു.

സിംഗപ്പൂരില്‍ നിന്ന് 10 ദിവസം മുമ്പ് ഇന്ത്യയിലെത്തിയ അയാള്‍ സ്വര്‍ണ്ണബിസ്‌കറ്റ് കടത്താന്‍ കണ്ടെത്തിയ വഴിയാണ് അവ വിഴുങ്ങുകയെന്നത്. വിമാനത്താവളത്തിലെ പരിശോധനയിലും വയറ്റിലെ സ്വര്‍ണ്ണ ബിസ്‌കറ്റ് ശ്രദ്ധയില്‍ പെടാതെ പോയി. മലവിസര്‍ജ്ജനത്തിലൂടെ സ്വര്‍ണ്ണ ബിസ്‌കറ്റ് പുറത്തെടുക്കാനായിരുന്നു അയാളുടെ പദ്ധതി. വയറിളകാന്‍ മരുന്നു കഴിച്ചെങ്കിലും സ്വര്‍ണ്ണ ബിസ്‌കറ്റ് പുറത്തുവന്നില്ല. എന്നുമാത്രമല്ല കലശലായ വയറു വേദനയും തുടങ്ങി.

1989 മുതല്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടറെയാണ് ബിസിനസുകാരന്‍ ഇത്തവണയും കണ്ടത്. നേരത്തെ പിത്താശയം നീക്കംചെയ്യല്‍ ശസ്ത്രക്രിയ അടക്കം നാലു ശസ്ത്രക്രിയകള്‍ക്ക് അയാള്‍ വിധേയനായിരുന്നു. അതിനാല്‍ തന്നെ ഒരു ശസ്ത്രക്രിയ കൂടി നടത്തുകയെന്നത് രോഗിയെ അപകടത്തിലാക്കിയേക്കുമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു. ഈ മാസം ഒമ്പതിന് ആശുപത്രിയില്‍ എത്തിയ അയാളെ പക്ഷേ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ബിസ്‌കറ്റ് പുറത്തു വരുമെന്ന് കരുതി പത്തു ദിവസത്തോളം അയാള്‍ ആഹാരമൊന്നും കഴിച്ചിരുന്നുമില്ല.

ഒടുവില്‍ ഡോക്ടര്‍മാര്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയില്‍ ഒന്നിനു പുറകെ ഒന്നായി സ്വര്‍ണ ബിസ്‌കറ്റുകള്‍ പുറത്തെടുത്തു. ഖനിയില്‍ നിന്ന് സ്വര്‍ണ്ണം കുഴിച്ചെടുക്കുന്നതു പോലുള്ള ശ്രമകരമായ ദൗത്യമെന്നായിരുന്നു ഇതേക്കുറിച്ച് ഡോക്ടര്‍മാരുടെ പ്രതികരണം. 15ന് അയാള്‍ ആശുപത്രി വിട്ടു.

അതിസമ്പന്നനായ അയാള്‍ എന്തിനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായിട്ടുമില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Gold, Police, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.