Latest News

ഹസീനയുടെ കൊലപാതകം: രണ്ടു മാസമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല

2014 ഫെബ്രുവരി 13, കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തിരുവനന്തപുരത്തുനിന്നും നാഗര്‍കോവിലിലേയ്ക്ക് പോകുന്ന ദേശീയപാതയില്‍ കളിയിക്കാവിള നിന്നും കേവലം ഒന്നര കിലോമീറ്റര്‍ അകലെ അതംകോട് റോഡ്. അടുത്തുള്ള പള്ളിയിലും റോഡിലും പോകാനായി അതിരാവിലെ അതു വഴി നടന്നുപോയ നാട്ടുകാര്‍ കാണുന്നത് ഭീകരദൃശ്യം. റോഡിനടുത്തെ ഒരു കുടുംബശ്മാശാനത്തില്‍ തീര്‍ത്തും നഗ്നയായ ഒരു യുവതിയുടെ ജഡം.

വായില്‍ വിഷകുപ്പി, ജഡത്തിന് സമീപത്ത് ബാഗും മൊബൈലും. പിന്നെ തമിഴിലെ കത്തും. നാട്ടുകാര്‍ വിവരം അടുത്തുള്ള കളിയിക്കാവിള സ്റ്റേഷനില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് ജഡം മലയാളി യുവതിയുടെതാണെന്ന് അറിയുന്നത്. കാട്ടാക്കടയ്ക്ക് സമീപം പൂവച്ചല്‍ ആലമുക്ക് മുളയംകോട് ഹസീനമന്‍സിലില്‍ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകള്‍ ഹസീന(29)യുടെ ജഡമാണ് കണ്ടെത്തിയത്.

പോലീസ് പരിശോധനയില്‍ ആഭരണങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തി. ഇവരുടെ ജഡത്തിന് സമീപത്തുനിന്നും തമിഴില്‍ എഴുതിയ കത്തും പോലീസ് കണ്ടെത്തി. ബാഗിനകത്ത് വച്ചിരുന്ന 5000 ളം രൂപയും പോലീസ് കണ്ടെത്തി. അടുത്തുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ഹസീനയുടെ പിതാവ് പറഞ്ഞെങ്കിലും നാഗര്‍കോവിലിലെ ആശാരിപള്ളം മെഡിക്കല്‍ കോളേജിലാണ് കൊണ്ടു പോയത്. ഇതൊരു കൊലപാതകം തന്നെയാണെന്ന് അന്ന് തന്നെ പോലീസിന് ഉറപ്പായിരുന്നു.

പൂവച്ചല്‍ ആലമുക്ക് എന്ന ഗ്രാമത്തിലെ തീരെ നിര്‍ധനരായ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകളാണ് ഹസീന. ആലമുക്കില്‍ പെട്ടികട നടത്തുന്ന കാസിമിന് വേറെ വരുമാനമില്ല. കാണാന്‍ സുന്ദരിയായതിനാല്‍ ഹസീനയ്ക്ക് ചെറുപ്പത്തില്‍ തന്നെ ആലോചനകള്‍ വന്നു. ഒരു ഗള്‍ഫുകാരനുമായി വിവാഹവും നടത്തി. ഇതിനിടെ അയാള്‍ ഹസീനയെ കുട്ടിയായതിനുശേഷം ഉപേക്ഷിച്ചു. ഒറ്റപ്പെട്ട ഹസീന മകനായ അഫ്‌സലിനെ വളര്‍ത്താനാണ് ജോലിക്ക് ശ്രമിക്കുന്നത്. കോവളത്തിന് അടുത്തുള്ള മുക്കോലയിലെ മസാജിംഗ് സെന്റില്‍ ജോലി കിട്ടി. അവിടെ പോയി വരവെയാണ് മരണം നടന്നത്.

ശാരീരിക ബന്ധം നടന്നതായും ഹസീനയുടെ ശരീരത്തില്‍ വിഷത്തിന്റെയും മദ്യത്തിന്റെയും അംശം ഉള്ളതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മദ്യത്തില്‍ വിഷം കൊടുത്ത് കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു. ജഡത്തിന് ഒരു ദിവസത്തെ പഴക്കമേയുള്ളൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

തുടര്‍ന്ന് അന്വേഷണം തക്കല ഡി.വൈ.എസ്.പി എറ്റെടുത്തു. ഹസീനയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് അരുമന സ്വദേശികളായ രണ്ടുപേരെ കളിയിക്കാവിള പോലീസ് പിടികൂടിയിരുന്നെങ്കിലും പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും പുറത്തുപറയാന്‍ പോലീസ് തയ്യാറായില്ല. പല തവണ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയ ബന്ധുക്കളോട് പ്രതികളെ പിടികൂടിയാല്‍ അറിയിക്കാം എന്നാണ് പറഞ്ഞു വിട്ടത്.

ഒരു വ്യാഴാഴ്ചയാണ് ജഡം കാണുന്നത്. ബുധനാഴ്ച രാവിലെ മസാജ് സെന്റിലേക്ക് പോകുന്നുവെന്നും ഒരു ദിവസം കഴിഞ്ഞേ വരൂ എന്നും മാതാപിതാക്കളോട് പറഞ്ഞിട്ടാണ് ഹസീന പോയത്. സീസണ്‍ ആയതിനാല്‍ ജോലി ഉണ്ടെന്ന് പറഞ്ഞിരുന്നു. പിന്നീട് വീട്ടുകാര്‍ അറിയുന്നത് ഹസീനയുടെ മരണമാണ്. കഴിഞ്ഞ കുറെ നാളുകളായി തനിക്ക് ഭീഷണിയുള്ളതായി ബന്ധുക്കളോട് ഹസീന പറഞ്ഞിരുന്നു.

നിരവധി തവണ ഇവരെ ശല്യപ്പെടുത്താന്‍ പലരും ശ്രമിച്ചിരുന്നതായും പരാതിയുണ്ട്. ഇവരെ ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ ശല്യപ്പെടുത്തിയതിന് ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ കുറെ നാള്‍ മുന്‍പ് രണ്ടു പേരെ പിടികൂടിയിരുന്നു. കന്യാകുമാരി ജില്ലയില്‍ അടുത്തിടെ വ്യാപകമായ കവര്‍ച്ചയും അക്രമവും തടയാന്‍ പോലീസ് കനത്ത നിരീക്ഷണം നടത്തി വരികയാണ്. പോലീസ് വാഹന പരിശോധന ഉള്‍പ്പടെ നടത്തി വന്ന ദിവസമായിരുന്നു ബുധനാഴ്ച. ജഡം കൊണ്ടുവരുന്നതിനിടയില്‍ പോലീസ് നിരീക്ഷണം നടക്കുന്നതിനാല്‍ വാഹനം ആളൊഴിഞ്ഞ ഭാഗത്ത് എത്തി അവിടെ ഉപേക്ഷിച്ച് സംഘം മടങ്ങിയതാകാമെന്ന് നാട്ടുകാരും അന്ന് പോലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അതിനെ കുറിച്ച് അന്വേഷിച്ചില്ല.

ഈ സാഹചര്യത്തിലാണ് ഹസീനയുടെ മരണത്തില്‍ ഒട്ടേറെ സംശമുണ്ടെന്നും അതിനാല്‍ തുടരന്വേഷണം നടത്തണമെന്നും കാണിച്ച് ബന്ധുക്കള്‍ കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത് തമിഴ്‌നാട്ടില്‍ നടന്ന സംഭവമായതിനാല്‍ അവിടെ അന്വേഷണം തൃപ്തികരമാകില്ല എന്നു കാട്ടിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു.

ഹസീന വീട്ടില്‍ എഴുതി വച്ച ഒരു കത്തില്‍ ഒരു സ്ത്രീയെ ക്കുറിച്ച് സൂചനകളുണ്ടായിരുന്നു. ഇവരെ കുറിച്ച് വീട്ടുകാരോട് ചില സംശയങ്ങള്‍ ഹസീന മുന്‍പ് പറഞ്ഞിരുന്നു. വളരെ സ്‌നേഹത്തോടെ പരിചയപ്പെട്ട ഇവര്‍ പിന്നെ തന്നെ ചതിക്കുകയായിരുന്നുവെന്നും ഹസീന പറഞ്ഞിരുന്നു. ഇവരെ കുറിച്ച് ഒരു പരാതി തയ്യാറാക്കി വച്ചിരുന്നു. എന്നാല്‍ അത് കൊടുത്തില്ല. ഈ പരാതിയെ കുറിച്ചും ഹസീനയുടെ കത്തിനെകുറിച്ചും ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ഈ സ്ത്രീയെക്കുറിച്ച് അന്വേഷിക്കുന്നത്. ഇവര്‍ക്ക് വന്‍കിട ബന്ധങ്ങള്‍ ഉണ്ടായിരിക്കാമെന്നും ഹസീന വീട്ടുകാരോട് പറഞ്ഞിരുന്നു. ഈ മസാജ് സെന്റര്‍ ലൈസെന്‍സ് ഇല്ലാതെയാണ് നടത്തുന്നതെന്നും അവിടെ മസാജിംഗിന് പുറമേ പലതും നടക്കുന്നുവെന്നും ഹസീന പരാതിയായി പലരോടും പറഞ്ഞിരുന്നു. ഇത് അവര്‍ അറിഞ്ഞിട്ടുണ്ടാകാമെന്നും ബന്ധുക്കള്‍ പറയുന്നു.

അതിനിടെ ഹസീനയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് ഒരാള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അത് വീട്ടുകാരോട് അയാള്‍ തന്നെ വന്ന് പറയുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് അയാള്‍ ഈ ആവശ്യവുമായി വന്നില്ല. ഇയാളും ഈ സംഘത്തില്‍പ്പെട്ടതാണോ എന്നതും വീട്ടുകാര്‍ സംശയം പറയുന്നു. ഹസീനയ്ക്ക് ഒരാള്‍ സ്‌കൂട്ടര്‍ വാങ്ങി നല്‍കിയിരുന്നു. അതിനെ കുറിച്ചും അന്വേഷിച്ചില്ല. തമിഴ് നാട്ടിലെ ചെങ്കോട്ട തെങ്കാശിയിലുള്ള ഒരു സെല്‍വനുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ ജഡത്തിന് സമീപം കിടന്ന കത്തില്‍ പരാമര്‍ശിച്ചിരുന്നു.

കൊലപാതകത്തിന് പിറകില്‍ വാടകകൊലയാളികാമെന്ന് ബന്ധുക്കളും പോലീസ്സും സംശയിക്കുന്നു. ഹസീന ചിലപ്പോള്‍ പുറത്തുവിട്ടേയ്ക്കാമായിരുന്ന കാര്യങ്ങളെ സംബന്ധിച്ച് ഭയന്നാവാം കൊല എന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു തന്നെ ഉള്ള നിരവധി മൊബൈല്‍ നമ്പരുകളുണ്ട്. കാട്ടാക്കടയ്ക്ക് സമീപമുള്ളവരുടെ നമ്പരുകള്‍ ആണ് അധികവും.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടക്കുന്നില്ല. അതിനാലാണ് ബന്ധുക്കള്‍ കാട്ടാക്കട സര്‍ക്കിളിന് പരാതി നല്‍കിയത്. എന്നാല്‍ ഇത് തങ്ങളുടെ ജോലിയല്ല എന്ന് പറഞ്ഞ് ഇവരെ ഒഴിവാക്കുകയായിരുന്നു. ഹസീനയ്ക്ക് ഒരാള്‍ സ്വര്‍ണ്ണം വാങ്ങി നല്‍കിയ വിവരം അറിയിച്ചിട്ടും അതിനെ കുറിച്ചും അന്വേഷണമില്ല. പാലക്കാട് സ്വദേശിയായ ഒരു ഡോക്ടറെ കുറിച്ചും ബന്ധുക്കള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ അതും അന്വേഷിക്കുന്നില്ല എന്നാണ് പിതാവിന്റെ പരാതി.

ഒരു വന്‍മാഫിയയുടെ നീളുന്ന ചങ്ങലകളാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് പരക്കെ സംശയമുണ്ട്. സംസ്ഥാനം മുഴുവന്‍ നീണ്ടുകിടക്കുന്ന സംഘത്തിന്റെ ഇരയാണ് തന്റെ മകളെന്ന് പിതാവ് കാസിം പറയുന്നു. മകളെ വിദേശത്ത് കൊണ്ടുപോകാനുള്ള ഒരു നീക്കം നടന്നിരുന്നു. എന്നാല്‍ എതിര്‍പ്പ് കാരണം പോക്ക് നടന്നില്ല. ഈ കൊലയെ കുറിച്ച് കാര്യമായ അന്വേഷണം നടത്തിയാല്‍ വന്‍ സംഘത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്.

അന്വേഷണം ഇപ്പോള്‍ ആമയുടെ വേഗത്തിലാണ്. പിതാവും സഹോദരന്‍ അസീമും മൂന്ന് ദിവസത്തിലൊരിക്കല്‍ തമിഴ്‌നാട്ടില്‍ പോയി തിരക്കും. എന്നാല്‍ പുരോഗതിയെന്നുമില്ലാതെ തിരിച്ചും വരും. ഇപ്പോള്‍ തിരഞ്ഞെടുപ്പുകൂടി ആയതോടെ ഈ അന്വേഷണം ഏതാണ്ട് നിലച്ചമട്ടിലാണ്. തമിഴ്‌നാട്ടിലെ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തിനാലാണ് ബന്ധുക്കള്‍ കേരളപോലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി വാങ്ങിയ സി.ഐ സ്ഥലം മാറി പോയതിനാല്‍ ആകെയുണ്ടായിരുന്ന പ്രതീക്ഷയും നശിച്ചനിലയിലാണ്. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് 7 -ാം തരത്തില്‍ പഠിക്കുന്ന മകന്‍ അഫ്‌സലും മറ്റ് ബന്ധുക്കളും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Haseena, Murdercase, police. 
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.