Latest News

യശോദാ ബെന്‍ ആഗ്രഹിച്ചത് ഒന്നു മാത്രം, മോദി ഭാര്യയായി അംഗീകരിക്കണം!

ഗുജറാത്ത്: ഒരായുസിന്റെ ജീവിതസാഫല്യമായ അംഗീകാരം കിട്ടിയ സ്ത്രീ ഭാഗ്യനിമിഷങ്ങളെ അവഗണിച്ച് ഓടിയൊളിച്ചോ? നരേന്ദ്രമോദിയുടെ ഭാര്യ യശോദാ ബെന്നിനെക്കുറിച്ചാണ് പറയു ന്നത്. ഇക്കാലമത്രയും പരസ്യമായി പറയാന്‍ മടിച്ച കല്യാണക്കാര്യം കഴിഞ്ഞ ദിവസം വഡോധരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവേളയിലാണ് ബിജെപി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോ ദി വെളിപ്പെടുത്തിയത്.

ഇതോടെ വാര്‍ത്തയിലെ താരമായ യശോദ ബെന്‍ എവിടെയെന്നറിയാന്‍ പത്രങ്ങളും ചാനലുകളും പരക്കം പായുകയായിരുന്നു. വ്യാഴാഴ്ച അവരെ തിരക്കി റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാ ഫര്‍മാരും പലരുമായും ബന്ധപ്പെട്ടു. ഒരു രക്ഷയുമില്ല. സംഗതി വാര്‍ത്തയായ ബുധനാഴ്ച രാത്രിയോടെ അവര്‍ അപ്രത്യക്ഷയായി. മാധ്യമങ്ങള്‍ തേടിവരുമെന്നറിഞ്ഞുകൊണ്ടുതന്നെയാവാം അവരുടെ ഒളിച്ചോട്ടമെന്നാണ് ബന്ധപ്പെട്ടവരെല്ലാം കരുതുന്നത്. പക്ഷേ എവിടേക്കാണ് പോയതെന്നു മാത്രം ആര്‍ക്കുമറിയില്ലെന്നാണ് അടുത്ത ബന്ധുക്കള്‍ പറഞ്ഞത്. ഇതിനിടെ യശോദ 40 പേര്‍ക്കൊപ്പം തീര്‍ഥാടനത്തിലാണെന്ന് ഇവരുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ സൂചന നല്കി.

അറുപത്തിരണ്ടുകാരിയായ യശോദ അധ്യാപനവൃത്തിയില്‍നിന്നു വിരമിച്ചവേളയില്‍ തന്റെ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞത്, കൂടുതലൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും തന്നെ ഭാര്യയായി മോദി അംഗീകരിക്കുന്നതു കേട്ടാല്‍ മതിയെന്നുമായിരുന്നു. ജോലി യില്‍നിന്നു വിരമിച്ചതിനുശേഷം ഭക്തി മാര്‍ഗത്തിലായിരുന്നു യശോദ. അതിരാവിലെ നാലിന് ഉണര്‍ന്നാല്‍ 11 മണിവരെ പ്രാര്‍ഥനയിലും പൂജയിലും വ്യാപൃതയായിരുന്നു.

മോദിക്കു പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ വേണ്ടി പ്രത്യേക പ്രാര്‍ഥനകളും ത്യാഗപ്രവര്‍ത്തികളും ചെയ്തിരുന്ന അവര്‍ മോഡി പ്രധാന മന്ത്രിയാകാന്‍വേണ്ടി ഇപ്പോള്‍ അരിയാഹാരം ഉപേക്ഷിച്ച് ഉപവാസം നടത്തി പ്രാര്‍ഥിക്കുകയായിരുന്നു. ഇതിനിടെയാണ് യശോദബെന്‍ ഭാര്യയാണെന്ന് നാമനിര്‍ദേശ പത്രികയിലെ കോളം പൂരിപ്പിച്ചുകൊണ്ട് നരേന്ദ്രമോദി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.

താന്‍ മോദിയുടെ ഭാര്യയാണെന്ന് യശോദബെന്‍ മുമ്പു പറഞ്ഞിരുന്നെങ്കിലും ഇത് പരസ്യമായി അംഗീകരിക്കാനോ വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലാതെ ഭാര്യയെ ഒപ്പം താമസിപ്പിക്കാനോ മോദി തയാറായിരുന്നില്ല. ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ ഭയന്ന് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ മോദി തയാറാകുകയായിരുന്നെന്നാണ് വാര്‍ത്ത. സ്വന്തം വളര്‍ച്ചയ്ക്കുവേണ്ടി ഭാര്യയുടെ ജീവിതം ബലികഴിച്ചയാളെന്ന കുപ്രസിദ്ധി നരേന്ദ്രമോദിയെ കാത്തിരിക്കുമോയെന്നത് കാലം പറയും.

മോദിയുടെ ജീവചരിത്രത്തിലൂടെ എഴുത്തുകാരനായ നിരഞ്ജന്‍ മുഖോപാധ്യായ ആണ് ഇവരുടെ വിവാഹ ജീവിതത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍എസ്എസ് തലപ്പത്തേക്ക് ഉയരാന്‍ കാത്തിരുന്ന മോദി വിവാഹക്കാര്യം രഹസ്യമായി വയ്ക്കുകയായിരുന്നെന്നു ജീവ ചരിത്രത്തില്‍ പറയുന്നു.

ആര്‍എസ്എസ് തലപ്പത്തുള്ളവര്‍ വിവാഹം കഴിക്കുന്നത് നേതൃത്വത്തിനു താല്‍പര്യമില്ലാത്തതിനാലും വിവാഹം കഴിച്ച വിവരം പുറത്തറിഞ്ഞാല്‍ തന്റെ രാഷ്ട്രീയ ഭാവി അവിടെ അവസാനിക്കും എന്നു ഭയന്നതിനാലുമാണു മോദി ഇതു രഹസ്യമായി വച്ചതെന്നു ഗ്രന്ഥകാരനായ മുഖോപാധ്യായ പറയുന്നു. തുടര്‍ന്ന് 2009ല്‍ ഒരു മാസിക യശോദയെ കണ്ടെത്തി അഭിമുഖത്തിനു ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചിരുന്നില്ല.

മോദിയെ ഭയമുള്ളതിനാല്‍ താന്‍ അതിനു തയ്യാറല്ലെന്നാണ് അവര്‍ അറിയിച്ചത്. ഓപ്പണ്‍ മാസികയുട ലേഖിക ഹൈമ ദേശ്പാണ്ഡെയിലൂടെയാണു മോദിയുടെ വിവാഹം സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീടു പുറത്തു വരുന്നത്. യശോദബെന്‍ ജോലി ചെയ്തിരുന്ന സ്കൂളില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പടെയുള്ളവരുടെ കടുത്ത നിയന്ത്രണങ്ങളെ അതി ജീവിച്ചാണ് അവര്‍ തമ്മില്‍ അന്നു സംസാരിച്ചത്.

അതേ തുടര്‍ന്നു യശോദയ്ക്കു നിരവധി ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. ആ സംഭവത്തിനു ശേഷം പൊതുവേ മാധ്യമങ്ങളോടു സംസാരിക്കാന്‍ ഭയന്നിരുന്ന അവര്‍ രണ്ടു മാസം മുമ്പ് ഒരു ദേശീയ ദിന പത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണു വിവാഹ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

യശോദ ചിമന്‍ എന്നാണു മുഴുവന്‍ പേരെങ്കിലും ഗുജറാത്തില്‍ സ്ത്രീകളുടെ പേരിനൊപ്പം ബെന്‍ എന്നു ചേര്‍ക്കുന്നത് പതിവായതിനാല്‍ യശോദ ബെന്‍ എന്നാണു എല്ലാവരും ഇവരെ വിളിക്കുന്നത്. വൈകിയ വേളയില്‍ ഇനി മോദി തന്നെ ജീവിതത്തിലേക്കു സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ലെന്നാണ് അവര്‍ പറഞ്ഞത്.

ഗുജറാത്തിലെ മെഹ്‌സന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന യശോദയെ പതിനേഴാം വയസിലാണു മോദി വിവാഹം കഴിക്കുന്നത്. അന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ഇവര്‍. വിവാഹ ശേഷം മോദി തന്നെ പാടേ അവഗണിക്കുകയായിരുന്നെന്നും മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണു തങ്ങള്‍ ഒരുമിച്ചു കഴിഞ്ഞതെന്നും അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും നിയമപരമായുള്ള വിവാഹമോചനം ഇതു വരെ നേടിയിട്ടില്ല.

സ്കൂള്‍ അധ്യാപികയായിരുന്ന യശോദയ്ക്ക് ഇപ്പോള്‍ 62 വയസുണ്ട്. മോദിയുടെ ജന്മഗ്രാമമായ വദ്‌നാ നഗറില്‍നിന്നും 35 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ബ്രാഹ്മന്‍വാദയിലെ പ്രൈമറി സ്കൂളിലായിരുന്നു യശോദ അധ്യാപികയായിരുന്നത്. മോദിയുടെ വളര്‍ച്ച ഒരിക്കലും അസ്വസ്ഥയാക്കിയിട്ടില്ല. ഇപ്പോഴും മോദിയോടുള്ള ആരാധന മന സില്‍ സൂക്ഷിക്കുന്ന ഇവര്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഉറച്ചു വിശ്വസിക്കുന്നു.

മോദി തന്നെ ഭാര്യയായി അംഗീകരിക്കാത്തതില്‍ വിഷമമില്ല, മോശം സമയവും വിധിയുമാണ് അദ്ദേഹത്തെക്കൊണ്ട് അന്നങ്ങനെ ചിന്തിപ്പിച്ചത്. അതേസമയം ഒരിക്കലും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നും പരസ്പര ധാരണയോടെയാണു പിരിഞ്ഞതെന്നും അവര്‍ പറഞ്ഞു. അധ്യാപക വൃത്തിയില്‍നിന്നു പിരിഞ്ഞതിനെത്തുടര്‍ന്നു ലഭിക്കുന്ന പെന്‍ഷനാണ് ഇപ്പോള്‍ യശോദയുടെ വരുമാനം. പടിഞ്ഞാറന്‍ ഗുജറാത്തില്‍ സഹോദരനൊപ്പമാണ് അവരിപ്പോള്‍ താമസം.

നരേന്ദ്ര മോദി യശോദ ബെന്നിനെ വിവാഹം ചെയ്തിരുന്നുവെന്ന സ്ഥിരീകരണവുമായി സഹോദരന്‍ സോമാ ഭായ് രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പായിരുന്നു മോദിയുടെ വിവാഹമെന്നും അന്നു തങ്ങളുടെ കുടുംബം ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായിരുന്നുവെന്നും ദമോദര്‍ ദാസ് വെളിപ്പെടുത്തി. രാജ്യത്തെ സേവിക്കാന്‍ വേണ്ടി മോദി കുടുംബത്തെ ഉപേക്ഷിക്കുകയായിരുന്നുവെന്നും സഹോദരന്‍ ചുണ്ടിക്കാട്ടി. എന്നാല്‍ വിവാഹക്കാര്യം തന്റെ സഹോദരന്‍ ഒരിക്കലും മറച്ചു വച്ചിട്ടില്ലെന്നാണു മോദിയുടെ മറ്റൊരു സഹോദരന്‍ പ്രഹല്‍ദ് പ്രതികരിച്ചത്.

ബുധനാഴ്ചയാണു മോദി സത്യവാങ്മൂലം സമര്‍പ്പിച്ചതെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്നു അര്‍ദ്ധ രാത്രിക്കു ശേഷമാണു നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചത്. ഏറെ വൈകിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റു ചെയ്തിരുന്നുമില്ല.

അതേസമയം വിവാഹക്കാര്യം മറച്ചുവച്ചതിന്റെപേരില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരേ നടപടിയെടുക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. 63 വയസുള്ള മോദി കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരെഴുതേണ്ട സ്ഥലം ഒഴിച്ചിടുകയായിരുന്നു പതിവ്.

2012 ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യത്തെ സംബന്ധിച്ചു കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ ഏറെ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം വഡോധരയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യം മോദി സ്ഥിരീകരിച്ചത്. എന്നാല്‍ നാമനിര്‍ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായത് 2013ല്‍ മാത്രമാണെന്നും അതിനാല്‍ പണ്ട് കോളം പൂരിപ്പിക്കാത്തതിന്റെ പേരില്‍ മോദിക്കെതിരേ നടപടിയെ ടുക്കാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Narendra Modi, Wife, Yashoda Ben.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.