Latest News

ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളില്‍ റയല്‍ മാഡ്രിഡിന് കിരിടം

ലിസ്ബണ്‍: മാഡ്രിഡ് നാട്ടങ്കത്തില്‍ കൈവിട്ടുപോകുമെന്നു കരുതിയ വിജയം അത്ഭുതകരമായി തിരിച്ചുപിടിച്ച റയല്‍ മാഡ്രിഡിന് പത്താം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം. ഇഞ്ച്വറി ടൈം വരെ ഒരു ഗോളിന് പിന്നിട്ടുനിന്ന റയല്‍ ഒന്നിനെതിരെ നാലു ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് ചരിത്രവിജയം ആഘോഷിച്ചത്. ചാമ്പ്യന്‍സ് ലീഗ് കിരീടം പത്തു തവണ സ്വന്തമാക്കുന്ന ആദ്യ ക്ലബായിരിക്കുകയാണ് റയല്‍ .

36-ാം മിനിറ്റില്‍ ഗോളി ഇകര്‍ കസീയസിന്റെ പിഴവില്‍ നിന്ന് മുതലെടുത്ത് ഗോഡിന്റെ ഗോളിലാണ് സ്പാനിഷ് ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ലീഡ് നേടിയത്. പ്രതിരോധത്തിലേയ്ക്ക് ഉള്‍വലിഞ്ഞ അത്‌ലറ്റിക്കോയ്‌ക്കെതിരെ ഗോള്‍ മടക്കാന്‍ റയല്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഫലം കാണാന്‍ അവസാന വിസില്‍ വരെ കാത്തുനില്‍ക്കേണ്ടിവന്നു. 93-ാം മിനിറ്റില്‍ സ്പാനിഷ് താരം സെര്‍ജിയോ റാമോസാണ് റയലിന്റെ ജീവന്‍ തിരിച്ചുനല്‍കിയ സമനില ഗോള്‍ നേടിയത്.

എക്‌സ്ട്രാ ടൈമില്‍ മറ്റൊരു റയലിനെയാണ് കണ്ടത്. നിരന്തരമായ ആക്രമണം കൊണ്ടവര്‍ അത്‌ലറ്റിക്കോയെ മുക്കിക്കളഞ്ഞു. നേരത്തെ നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ സുവര്‍ണ താരം ഗരെത് ബെയ്ല്‍ 110-ാം മിനില്‍ നിര്‍ണായകമായ ലീഡ് നേടിക്കൊടുത്തു. 118-ാം മിനിറ്റില്‍ പകരക്കാരന്‍ മാഴ്‌സെലൊ ലീഡുയര്‍ത്തി. 120-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റിയാനൊ പട്ടിക പൂര്‍ത്തിയാക്കി.

1956 മുതല്‍ 60 വരെ തുടര്‍ച്ചയായി അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ പിന്നീട് 66, 98, 2000, 02 വര്‍ഷങ്ങളിലും കിരീടത്തില്‍ മുത്തമിട്ടു. മൂന്ന് തവണ റണ്ണറപ്പുമായി. ഏഴ് തവണ കിരീടം നേടിയ എ.സി. മിലാനാണ് റയലിന് തൊട്ടു പിറകില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Football, World News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.