Latest News

കാഞ്ഞങ്ങാട് ബാര്‍ ലൈസന്‍സ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

കാഞ്ഞങ്ങാട് : ബാര്‍ വിവാദത്തിന്റെ പേരില്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടുപേരെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കി. യു.ഡി.എഫ്‌. ഭരിക്കുന്ന കാഞ്ഞങ്ങാട്‌ നഗരസഭ കെ.പി.സി.സിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി ബാറിന്‌ അനുമതി നല്‍കിയതിന്റെ പേരിലാണു നടപടി.

കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോരടി, കൗണ്‍സിലര്‍ അനില്‍ വാഴുന്നോരടി എന്നിവരെയാണു കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കെ.പി.സി.സിക്കു വിരുദ്ധമായി നിലപാടു കൈക്കൊണ്ടതിന്റെ പേരിലാണു നടപടിയെന്നു കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ ഇവര്‍ കൈക്കൊണ്ട നിലപാടു സംബന്ധിച്ചു കെ.പി.സി.സി. നേരത്തേ കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കിയിരുന്നു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനെത്തുടര്‍ന്നാണ്‌ വിശദമായ അന്വേഷണത്തിനായി ഇരുവരെയും സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.

അന്വേഷണത്തിന്‌ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെ നിയോഗിച്ചു. തദ്ദേശസ്‌ഥാപനങ്ങളിലെ പ്രതിനിധികള്‍ മദ്യശാലകള്‍ അനുവദിക്കാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം നല്‍കിയതിന്റെ പിറകെയാണു വി.എം.സുധീരന്‍ ഈ നടപടി സ്വീകരിച്ചത്‌.
മദ്യനയത്തിന്റെ കാര്യത്തില്‍ നിലപാടില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ അദ്ദേഹം ഒരിക്കല്‍കൂടി ഉറപ്പിക്കുകയാണ്‌ ഇതിലൂടെ.

നേരത്തെ ബാറിന്‌ അനുമതി നല്‍കിയതു പിന്‍വലിക്കാന്‍ കെ.പി.സി.സി. ഇവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതിനുവേണ്ടി നിരാക്ഷേപപത്രം നല്‍കിയ തീരുമാനം  ചൊവ്വാഴ്ച ഭരണസമിതിക്കു റദ്ദാക്കാനുമായില്ല. ഭരണമുണ്ടെങ്കിലും കൗണ്‍സിലില്‍ ഭൂരിപക്ഷമില്ലാത്ത യു.ഡി.എഫ്‌. അംഗങ്ങള്‍ നിരാക്ഷേപപത്രം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും സി.പി.എം. അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ബി.ജെ.പി. അനുകൂല നിലപാട്‌ എടുക്കാതിരിക്കുകയും ചെയ്‌തതാണ്‌ കാരണം. ഐ.എന്‍.എല്ലിന്റെ രണ്ടംഗങ്ങള്‍ യോഗത്തില്‍ നിന്നു വിട്ടു നിന്നു. ഇതിനു തൊട്ടുപിറകെയാണ്‌ കെ.പി.സി.സിയുടെ നടപടി വന്നത്‌.

നേരത്തെ, നിരാക്ഷേപപത്രം നല്‍കാന്‍ തീരുമാനമെടുത്ത കൗണ്‍സിലര്‍മാരോട്‌ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംസ്‌ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. ഇതേത്തുടര്‍ന്ന്‌ നിരാക്ഷേപ പത്രം നല്‍കിയ തീരുമാനത്തില്‍ വിയോജനക്കുറിപ്പു നല്‍കി യു.ഡി.എഫ്‌. അംഗങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു. മന്ത്രി മഞ്ഞളാംകുഴി അലി നിരാക്ഷേപ പത്രം മരവിപ്പിക്കുകയും വിശദീകരണം തേടുകയും ചെയ്‌തതോടെയാണ്‌  ചൊവ്വാഴ്ച കൗണ്‍സില്‍ വീണ്ടും യോഗം ചേര്‍ന്നത്‌


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.