Latest News

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഫലം ഉച്ചയോടെ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍ വോട്ടെണ്ണലിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാസര്‍കോട് ഗവ. കോളേജാണ് വോട്ടെണ്ണല്‍ കേന്ദ്രം. 16ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഫലം ഉച്ചയോടെ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. 

ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. കാസര്‍കോട് ഗവ. കോളേജില്‍ ഏഴ് സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിട്ടുളള പോള്‍ ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ 16ന് രാവിലെ ഏഴ് മണിക്ക് സ്ഥാനാര്‍ത്ഥികളുടെയും ചീഫ് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നിരീക്ഷകരുടെയും സാന്നിദ്ധ്യത്തില്‍ പുറത്തെടുക്കും. കൃത്യം എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 

കാഞ്ഞങ്ങാട് , നീലേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണാന്‍ 12 വീതം മേശകളും കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണാന്‍ 14 വീതം മേശകളുമാണ് സജ്ജീകരിച്ചിട്ടുളളത്. ഓരോ മണിക്കൂറിലും വോട്ടെണ്ണലിന്റെ ലീഡ് നില കൗണ്ടിംഗ് സെന്ററില്‍ നിന്നും മൈക്കിലൂടെ അറിയിക്കും. മീഡിയാ സെന്ററില്‍ ഇത് ലഭ്യമാകും.
ഒരു കൗണ്ടിംഗ് ടേബിളില്‍ ഒരു സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരുണ്ടാകും. സെന്ററുകളുടെ മേല്‍നോട്ടം ബന്ധപ്പെട്ട നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കാണ്. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം ഇതിനകം നല്‍കി കഴിഞ്ഞു.
ഓരോ കൗണ്ടിംഗ് ടേബിളിലും ഓരോ സ്ഥാനാര്‍ത്ഥിയുടെയും ഒരു ഏജന്റിനെ വീതം നിയോഗിക്കാം. ഏജന്റുമാര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണലിന് എത്തുന്ന ഏജന്റുമാര്‍ സ്ഥാനാര്‍ത്ഥി വോട്ടെണ്ണലിന് നിയോഗിച്ച് നല്‍കുന്ന കത്തും തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. ഉദ്യോഗസ്ഥരോടും ഏജന്റുമാരോടും മുന്‍കൂട്ടി കൗണ്ടിംഗ് സെന്ററില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.