Latest News

ബ്ലേഡ് സംഘം തടഞ്ഞുവച്ച യുവാക്കളെ പൊലീസ് മോചിപ്പിച്ചു; രണ്ടു പേര്‍ പിടിയില്‍

തളിപ്പറമ്പ്: കൊള്ളപ്പലിശ നല്‍കാത്തതിനു ബ്ലേഡ് മാഫിയാ സംഘം ലോഡ്ജില്‍ തടഞ്ഞുവച്ച യുവാവിനെയും സുഹൃത്തിനെയും പൊലീസ് മോചിപ്പിച്ചു. ബ്ളേഡ് സംഘത്തിലെ രണ്ടു പേരെ പിടികൂടി. രാമന്തളി സ്വദേശി പാണ്ടികശാല ഹൌസില്‍ പി.എസ്. ഷെഹിന്‍ (30), സുഹൃത്ത് സി.എച്ച്. ഷബീര്‍ (30) എന്നിവരെയാണ് പൊലീസ് മോചിപ്പിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഏഴോം ബോട്ടുകടവിനു സമീപം സി.കെ. ഷിഹാബുദ്ദീന്‍ (26), തളിപ്പറമ്പ് പുളിമ്പറമ്പ് പൂമംഗലോകരത്ത് വാഹിദ് (28) എന്നിവരെ ചിറവക്കിലെ ലോഡ്ജിനു സമീപത്തു നിന്നു പൊലീസ് പിടികൂടി. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

ഷെഹിന്റെ കുട്ടിക്ക് മംഗലാപുരത്തെ ആശുപത്രിയില്‍ ചികില്‍സ നടത്താനായി 11 മാസങ്ങള്‍ക്കു മുന്‍പ് തളിപ്പറമ്പിലെ ഉനൈസ് എന്നയാള്‍ ഇടനിലക്കാരനായി ഷിഹാബുദ്ദീനില്‍ നിന്ന് രണ്ടു ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നു പൊലീസ് പറയുന്നു. പ്രതിമാസം 15,000 രൂപയാണ് പലിശയായി നിശ്ചയിച്ചിരുന്നത്. കൂടാതെ ഷെഹീന്റെ കാര്‍, ഒപ്പിട്ട ചെക്ക്ബുക്ക്, വിരലടയാളം പതിപ്പിച്ച മുദ്രപത്രം എന്നിവ ഷിഹാബുദ്ദീന്‍ ഈടായി വാങ്ങിയിരുന്നു. പത്തു മാസം പലിശ നല്‍കിയെങ്കിലും 11ാം മാസം പലിശ മുടങ്ങി.

ഇതേത്തുടര്‍ന്ന് ഷിഹാബുദ്ദീന്‍ പലിശയ്ക്കായി പലതവണ ഷെഹീനെ സമീപിച്ചു. പിന്നീട് കാര്‍ 1.20 ലക്ഷത്തില്‍ വാടകയ്ക്ക് എടുക്കാന്‍ ആളുണ്ടെന്നും ബാക്കി പണത്തിന് ആറു മാസം കാലാവധി തരാമെന്നും തളിപ്പറമ്പിലേക്കു വരണമെന്നും ഷെഹീനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച പതിനൊന്നരയോടെ സുഹൃത്ത് ഷബീറിന്റെ വാഹനത്തില്‍ ഷെഹീന്‍ ചിറവക്കിലെ ലോഡ്ജില്‍ എത്തി. എന്നാല്‍ എട്ടോളം പേരടങ്ങുന്ന സംഘം ഇവരെ ലോഡ്ജ് മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവത്രെ.

രണ്ടു ലക്ഷം രൂപയുമായി വീട്ടുകാരോട് വരാന്‍ പറയണമെന്നും അല്ലെങ്കില്‍ തളിപ്പറമ്പ് മന്നയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി കഥകഴിക്കുമെന്നുമായിരുന്നു ഭീഷണി. ഷെഹീന്‍ വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ പയ്യന്നൂര്‍ പൊലീസില്‍ വിവരം നല്‍കുകയുമായിരുന്നു.

തളിപ്പറമ്പ് എസ്ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജിലെത്തിയെങ്കിലും മുറിയില്‍ ആരെയും കണ്ടെത്താനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് യുവാക്കളെ കണ്ടെത്തിയത്. സമീപത്തെ ഹോട്ടലില്‍ ഇരുവരെയും സമീപം നിര്‍ത്തി ഷിഹാബുദ്ദീനും വാഹിദും ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസിനെ കണ്ട് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പിടിയിലായവര്‍ക്കെതിരെ കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.