Latest News

തൊണ്ടയിലും ആസിഡ് കയറി; വെള്ളമിറക്കാന്‍ പോലുമാകാതെ നിരഞ്ജന വീണ്ടും ആശുപത്രിയില്‍

ചിറ്റാരിക്കാല്‍: ബസ് യാത്രക്കിടെ മദ്യപനായ വൃദ്ധന്റെ ആസിഡാക്രമണത്തിനിരയായ ഒന്നരവയസുകാരി നിരഞ്ജനയുടെ മുഖത്തും ദേഹത്തും മാത്രമല്ല തൊണ്ടയിലും ആസിഡ് കയറി. 
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞശേഷം വീട്ടിലെത്തിയ നിരഞ്ജനയുടെ തൊണ്ടയിലേക്കും ആസിഡ് കയറിയതായി കഴിഞ്ഞദിവസം വ്യക്തമായി. 

കുഞ്ഞിന് വെള്ളമിറക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല. വായ്ക്കകത്തേക്ക് ആസിഡ് പടര്‍ന്നതാണ് ഇതിന് കാരണമെന്ന് ബോധ്യപ്പെട്ടതോടെ നിരഞ്ജനയെ തിങ്കളാഴ്ച വീണ്ടും ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

മെയ് 3നാണ് കാഞ്ഞങ്ങാട്-ചെറുപുഴ റൂട്ടിലോടുന്ന ലൗവിംഗ് ബസില്‍ പിതാവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ നിരഞ്ജനക്ക് ആസിഡാക്രമണത്തില്‍ പൊള്ളലേറ്റത്. മദ്യലഹരിയില്‍ ഇതേ ബസില്‍ യാത്ര ചെയ്യുകയായിരുന്ന എഴുപത്തിയഞ്ചുകാരനായ ചിറ്റാരിക്കാല്‍ പൂക്കോട്ടെ സോളമന്‍ തങ്കച്ചന്‍ കയ്യിലുണ്ടായിരുന്ന കാനില്‍ നിന്നും ആസിഡ് കുഞ്ഞിന്റെ പിതാവ് കമ്പല്ലൂര്‍ പെരളത്തെ ജിബിന്റെ ദേഹത്തൊഴിക്കുകയായിരുന്നു. നിരഞ്ജനെയും മടിയിലിരുത്തി യാത്ര ചെയ്യുമ്പോഴാണ് ജിബിന്‍ ആസിഡാക്രമണത്തിനിരയായത്. എന്നാല്‍ ആസിഡ് ഭൂരിഭാഗവും കൊണ്ടത് ജിബിന്റെ മടിയിലായിരുന്ന നിരഞ്ജനയുടെ മുഖത്തും ദേഹത്തുമാണ്. മറ്റ് രണ്ട് യാത്രാക്കാര്‍ക്കും ആസിഡ് വീണ് പൊള്ളലേറ്റിരുന്നു. 

ഏറ്റവും കൂടുതല്‍ പൊള്ളലേറ്റ നിരഞ്ജനക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഇടതുകണ്ണിലേക്ക് കൂടി ആസിഡ് തെറിച്ചുവീണതിനാല്‍ കാഴ്ചശക്തി നഷ്ടമാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ചികിത്സക്ക് ശേഷം വീട്ടില്‍ ജിബിനും നിരഞ്ജനയും തിരിച്ചെത്തിയെങ്കിലും വെള്ളമിറക്കാനും ഭക്ഷണം കഴിക്കാനും കുട്ടി പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സ നടത്താനും കണ്ണിന്റെ കാഴ്ചയുടെ കാര്യത്തില്‍ വിശദമായ പരിശോധന നടത്തുന്നതിനുമാണ് നിരഞ്ജനയെ വീണ്ടും പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കുട്ടിയുടെ ഇരുകണ്ണുകള്‍ക്കും വിദഗ്ധ ചികിത്സ നല്‍കാനായി ഈ മാസം അവസാനത്തോടെ അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. കോട്ടയം മണാര്‍കാട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായ ജിബിന്‍ വിഷുവിന് കമ്പല്ലൂരിലെ വീട്ടിലെത്തിയതായിരുന്നു. മണാര്‍കാട്ടെ ഒരു ക്വാര്‍ട്ടേഴ്‌സിലാണ് ജിബിനും കുടുംബവും താമസിക്കുന്നത്. അവധി കഴിഞ്ഞതിനുശേഷം നിരഞ്ജനയും കൊണ്ട് കോട്ടയത്തേക്ക് തിരിച്ചുപോകുമ്പോഴാണ് ആസിഡാക്രമണമുണ്ടായത്. 

നിര്‍ധന കുടുംബമാണ് ജിബിന്റേത്. ആസിഡാക്രമണത്തെ തുടര്‍ന്ന് വന്‍ തുക തന്നെ ചികിത്സക്കായി ജിബിന് ചിലവായിക്കഴിഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുതരത്തിലുള്ള സഹായവും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.