കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ നഗരങ്ങളും ഗ്രാമങ്ങളും തെരുവു നായ്ക്കള്‍ കൈയ്യടക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും നായ്ക്കളുടെ വിളയാട്ടം മാത്രം. കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും റോഡ് നിറയെ തെരുവു നായ്ക്കളാണ്. റോഡില്‍ കിടക്കുകയും കുറുകെ ഓടുകയും കടിപിടി കൂടുകയും ചെയ്യുന്ന നായ്ക്കള്‍ ഗതാഗതസ്തംഭനത്തിനും വാഹനാപകടത്തിനും വരെ കാരണമാകുന്നുണ്ട്.
കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍, കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റ്, പുതിയ കോട്ട, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ വളപ്പിലും നായ്ക്കള്‍ തമ്പടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഷിഞ്ഞ വസ്ത്രം കടിച്ചെടുത്ത് സ്റ്റേഷന്‍ പരിസരത്ത് ഓടിയെത്തിയ തെരുവു നായയുടെ വായില്‍ നിന്നും മറ്റൊരു നായ ബലമായി വസ്ത്രം കടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരു നായ്ക്കളും തമ്മില്‍ കടിപടികൂടുകയും ഇതുകണ്ട് കൂട്ടത്തോടെ ഓടിയെത്തിയ മറ്റു നായ്ക്കള്‍ കടിപിടിയില്‍ പങ്കുചേരുകയും ചെയ്തത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയവര്‍ ഉള്‍പ്പെടെയുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി.
പോലീസ് സ്റ്റേഷന് സമീപത്തു കൂടി നടന്ന് പോകുന്നവര്‍ക്ക് നേരെ നായ്ക്കള്‍ കുരച്ചു ചാടുന്നതും പതിവാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന പഴവര്‍ഗ്ഗങ്ങള്‍ അടക്കമുള്ളവയുടെ അവശിഷ്ടങ്ങളും മത്സ്യമാര്‍ക്കറ്റ് പരിസരത്തെ മത്സ്യാവശിഷ്ടങ്ങളും ഭക്ഷിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്.
ഒറ്റയായി വരുമ്പോള്‍ ശാന്തസ്വഭാവം പ്രകടിപ്പിക്കുന്ന നായ്ക്കള്‍ സംഘം ചേരുമ്പോള്‍ അക്രമാസക്തമാവുകയും വഴിയാത്രക്കാരെ ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്നു. ഗ്രാമങ്ങളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നായ്ക്കള്‍ ഭീഷണിയായി മാറുകയാണ്. നായശല്യം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment