Latest News

ഇടുക്കി ബിഷപ് ഹൌസിലേക്കു സ്ഫോടകവസ്തു എറിഞ്ഞു; മൂന്നു കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

ചെറുതോണി: ഇടുക്കി ബിഷപ് ഹൌസിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. രണ്ടുപേര്‍ ഒളിവിലാണ്. കോണ്‍ഗ്രസ് വാഴത്തോപ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് തൊട്ടിയില്‍, യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം സെക്രട്ടറി കരിമ്പന്‍ ചെറുകാട്ട് ഷിന്റോ, വെള്ളമാക്കല്‍ സ്റ്റീഫന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ വന്ന വാഹനം ഓടിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയും യുഡിഎഫ് വാഴത്തോപ്പ് മണ്ഡലം കണ്‍വീനറുമായ ജേക്കബ് പിണക്കാട്ട്, കരിമ്പന്‍ സ്വദേശി ഉണ്ണി (ജിജോ) എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഇരുവരും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സ്റ്റീഫനും ഉണ്ണിയും കോണ്‍ഗ്രസ് അനുഭാവികളാണ്. ജോര്‍ജ്, ഷിന്റോ എന്നിവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസ് അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന വെള്ളിയാഴ്ച രാത്രി 9.45ന് ആണ് ഇടുക്കി രൂപതയുടെ അസ്ഥാനമായ ബിഷപ് ഹൌസിനു നേരെ നാലു നാടന്‍ ഗുണ്ടുകള്‍ എറിഞ്ഞത്. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വികാരി ജനറല്‍ മോണ്‍. ജയിംസ് മംഗലശ്ശേരില്‍ എന്നിവരും മറ്റു വൈദികരും പ്രാര്‍ഥന കഴിഞ്ഞു ചാപ്പലില്‍നിന്നു മടങ്ങുമ്പോഴായിരുന്നു സംഭവം. അരമനയുടെ പുറത്തെ വഴിയില്‍നിന്നു തീകൊളുത്തി അകത്തേക്ക് എറിഞ്ഞ ഗുണ്ടുകള്‍, രൂപതാ കെട്ടിടത്തിന്റെ ഭിത്തിയില്‍ തട്ടി തെറിച്ചുവീണു. ഇവ ബിഷപ്പിനും വൈദികര്‍ക്കും മുന്നില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിച്ചിതറി. നാലാമത്തെ ഗുണ്ടു പൊട്ടിയില്ല. ഇതു പിന്നീടു പരിസരത്തുനിന്നു കണ്ടെത്തി.

ഗുണ്ടെറിഞ്ഞത് അല്‍പംകൂടി മുന്‍പായിരുന്നെങ്കില്‍ ബിഷപ്പിനും വൈദികര്‍ക്കും പരുക്കേല്‍ക്കുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മെത്രാസന മന്ദിരത്തിനു സമീപം കാറില്‍ കാത്തിരുന്ന സംഘം പ്രാര്‍ഥന കഴിഞ്ഞു ബിഷപ് വരുന്നതു കണ്ടപ്പോഴാണു ഗുണ്ട് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഇന്നു ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കും. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍  ഉച്ചയോടെ കരിമ്പനില്‍നിന്നു കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവമറിഞ്ഞ് ഉടന്‍തന്നെ, ജില്ലാ പൊലീസ് മേധാവി അലക്സ് എം. വര്‍ക്കി, സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്ഐ സെല്‍വന്‍സണ്‍ നെറ്റോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇടുക്കിയില്‍നിന്നു വിജയിച്ച ജോയ്സ് ജോര്‍ജും റോഷി അഗസ്റ്റിന്‍ എംഎല്‍എയും രാത്രി അരമന സന്ദര്‍ശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാര്‍ ആനിക്കുഴിക്കാട്ടിലിനെ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു.

കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു സംഭവവുമായി ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൌലോസിനു നിര്‍ദേശം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ചു കരിമ്പനില്‍  ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെ ഹര്‍ത്താലാചരിച്ചു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണു ഗുണ്ടേറെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.  വൈകിട്ടുവരെ മെത്രാസന മന്ദിരത്തിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.