Latest News

വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ കമിതാക്കള്‍ അറസ്റ്റില്‍

കൊച്ചി: വാടകയ്‌ക്കെടുത്ത കാറുമായി മുങ്ങിയ ടാക്‌സി ഡ്രൈവറും കാമുകിയും പോലിസ് പിടിയിലായി. വൈറ്റില ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായിരുന്ന ഇടുക്കി നെടുങ്കണ്ടം കുഴിവിളവീട്ടില്‍ മനു(33), കോട്ടയം പനച്ചിക്കാട് കുഴിമറ്റം പോസ്റ്റില്‍ മറ്റത്തില്‍വീട്ടില്‍ മോനിഷ(25) എന്നിവരെയാണ് ഇടുക്കിയില്‍നിന്നു കടവന്ത്ര പോലിസ് അറസ്റ്റ് ചെയ്തത്. ട്രാവല്‍ ഏജന്‍സിയില്‍ കരാര്‍വ്യവസ്ഥയില്‍ ട്രിപ്പ് ഓടുന്നതിനായി കൊടുത്തിരുന്ന ആലപ്പുഴ കാര്‍ത്തികപ്പിള്ളി മഹാദേവിപുരം കൃഷ്ണാ നിവാസില്‍ അരുണ്‍ എം ദാസിന്റെ കാറാണ് ഇയാള്‍ വാടകയ്‌ക്കെടുത്തത്.

വ്യാജ ചെക്ക് നല്‍കി പാക്കേജ് ട്രിപ്പ് ഉണ്ടെന്നു പറഞ്ഞ് ഉടമയായ അരുണിന്റെ കൈയില്‍നിന്ന് 77,000 രൂപയും വാങ്ങിയാണു മനു കാറുമായി കടന്നത്. മോഷ്ടിച്ച കാറുമായി അടിമാലി, മൂന്നാര്‍, കോതമംഗലം, പോട്ട ആശ്രമം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ മനുശങ്കര്‍, ടിനു എന്നീ വ്യാജ പേരുകളില്‍ കാമുകിയുമൊന്നിച്ച് ഒളിവില്‍ കഴിഞ്ഞ് ആര്‍ഭാടജീവിതം നയിക്കുമ്പോഴാണു പോലിസ് പിടികൂടിയത്. പോലിസ് സംശയിക്കാതിരിക്കാന്‍ ഒരു പ്രമുഖ ദൃശ്യമാധ്യമത്തിന്റെ എംബ്ലവും ഐഡന്റിറ്റി കാര്‍ഡും വ്യാജമായി നിര്‍മിച്ച് വീഡിയോ കാമറയുമായി ന്യൂസ് റിപോര്‍ട്ടര്‍ ചമഞ്ഞാണ് ലോഡ്ജുകളില്‍ താമസിച്ചിരുന്നത്.

കടവന്ത്ര പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചതില്‍ ഇയാള്‍ എറണാകുളത്തും ഇടുക്കിയിലുമുള്ള രണ്ടു യുവതികളെ വിവാഹം കഴിച്ചിരുന്നെന്നു കണ്ടെത്തി. ഈ ബന്ധങ്ങള്‍ വേണ്ടെന്നുവച്ചാണ് ഇപ്പോഴുള്ള യുവതിയുമായി രജിസ്റ്റര്‍ വിവാഹം നടത്തിയത്.

വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ വച്ച് പ്രസ് എന്ന സ്റ്റിക്കര്‍ പതിച്ച് പത്രപ്രവര്‍ത്തകരെന്ന വ്യാജേന കോതമംഗലം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ മണ്ണുമാഫിയ, റേഷന്‍ കരിഞ്ചന്ത എന്നിവയുടെ അന്വേഷണത്തിനായി പലരെയും സമീപിച്ചിരുന്നതായി പോലിസ് അറിയിച്ചു.

10ാംക്ലാസ് പാസാവാത്ത ഇയാളുടെ പക്കല്‍നിന്നു വ്യാജ ഡ്രൈവിങ് ലൈസന്‍സും എസ്.എസ്.എല്‍.സി, പ്രീഡിഗ്രി, ഡിഗ്രി കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പോലിസ് കണ്ടെടുത്തു. കോട്ടയം വെസ്റ്റ് പോലിസ് സ്‌റ്റേഷനില്‍ ഇന്നോവ കാര്‍ മോഷണം നടത്തി വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരേ വാറന്റുണ്ട്.

എറണാകുളം അസി. കമ്മീഷണര്‍ റെക്‌സ് ബോബി അരവിന്ദിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സി.ഐ. നിസാമുദ്ദീന്‍, കടവന്ത്ര എസ്.ഐ. എം ബി ലത്തീഫ്, സീനിയര്‍ സി.പി.ഒ. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.