Latest News

ഡി.സി.സി. യോഗത്തില്‍ പങ്കെടുക്കാതെ കെ.സുധാകരന്‍ ഇറങ്ങിപ്പോയി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കണ്ണൂര്‍ ഡി.സി.സി. തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ എത്തിയെങ്കിലും പങ്കെടുക്കാതെ കെ.സുധാകരന്‍ ഇറങ്ങിപ്പോയി.

വൈകിട്ട് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയ ഉടനെയാണ് സുധാകരന്‍ എത്തിയത്. വേദിയിലുള്ള നേതാക്കളെ നോക്കിയശേഷം പെട്ടെന്നുതന്നെ അദ്ദേഹം ഹാളില്‍നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ.യെ പുറത്തേക്ക് വിളിച്ച് പത്തുമിനുട്ടോളം സ്വകാര്യമായി സംസാരിച്ച ശേഷമാണ് സ്ഥലംവിട്ടത്. സുധാകരന്‍ യോഗം ബഹിഷ്‌കരിച്ച് പോയ കാര്യം ഹാളിലിരിക്കുന്ന പലരും അറിഞ്ഞില്ല.

തന്നെ സ്ഥിരം വിമര്‍ശിക്കുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണനെ അവലോകനവേദിയില്‍ കണ്ടതിനാലാണ് സുധാകരന്‍ യോഗം ബഹിഷ്‌കരിച്ചതെന്ന് അറിയുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് രാമകൃഷ്ണന്റെതായി ഒരു ചാനലില്‍ സുധാകരനെതിരെ വന്ന പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത് ദോഷംചെയ്തതായി അന്ന് പരാതിയുയര്‍ന്നു. രാമകൃഷ്ണന്റെ സുധാകരവിരുദ്ധപരാമര്‍ശങ്ങള്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. ഇത് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നടന്ന ത്രിതലപഞ്ചായത്തംഗങ്ങളുടെ യോഗത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നെങ്കിലും രാമകൃഷ്ണന്‍ എത്തിയിരുന്നില്ല.
അതേസമയം തിങ്കളാഴ്ച രാവിലെ നടന്ന യു.ഡി.എഫ്. യോഗത്തില്‍ കെ.സുധാകരനും പി.രാമകൃഷ്ണനും പങ്കെടുത്തെങ്കിലും രണ്ടുപേരും ഒരേസമയം വേദിയിലുണ്ടായിരുന്നില്ല.

ചാനലില്‍വന്ന ഒളിക്യാമറാ പരാമര്‍ശങ്ങളില്‍ രാമകൃഷ്ണനെതിരെ കണ്ണൂര്‍ ഡി.സി.സി., കെ.പി.സി.സി.ക്ക് പരാതി നല്കിയിരുന്നു. രാമകൃഷ്ണന് കെ.പി.സി.സി. പ്രസിഡന്റ് കാരണംകാണിക്കല്‍ നോട്ടീസും നല്കിയിരുന്നു. തനിക്കുനേരെ മോശമായി പെരുമാറിയിട്ടും കെ.പി.സി.സി.യുടെ ഭാഗത്തുനിന്ന് കാര്യമായി നടപടിയില്ലാത്തതില്‍ സുധാകരന് വിഷമമുണ്ട്. ഇക്കാര്യം അദ്ദേഹം ഡി.സി.സി. പ്രസിഡന്റിനെയും അറിയിച്ചിട്ടുണ്ട്.
മണിക്കൂറുകള്‍നീണ്ട ഡി.സി.സി. യോഗത്തില്‍ കെ.സുധാകരന്‍ തോല്ക്കാനുണ്ടായ സാഹചര്യങ്ങള്‍ അംഗങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. തന്റെ മുന്‍കാലവിമര്‍ശങ്ങള്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണമായി ഉപയോഗിച്ചത് തോല്‍വിക്ക് കാരണമായെന്ന് ഒരുവിഭാഗം നേതാക്കള്‍ പറഞ്ഞതിനെ രാമകൃഷ്ണന്‍ എതിര്‍ത്തു. സുധാകരന്‍ വളപട്ടണം പോലീസ് സ്റ്റേഷനിലുണ്ടാക്കിയ പ്രശ്‌നങ്ങളും എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തോല്‍വിക്ക് കാരണമല്ലെന്ന് രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ തുടക്കത്തില്‍ത്തന്നെ താന്‍ മത്സരത്തിനില്ലെന്ന സുധാകരന്റെ പരാര്‍ശം അണികള്‍ക്കിടയില്‍ ആവേശം കെടുത്തിയതായി ചില അംഗങ്ങള്‍ പറഞ്ഞു. മലയോര മേഖലയില്‍ സംഘടനാപ്രവര്‍ത്തനത്തിലുണ്ടായ വീഴ്ച, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, സംഘടനയില്‍ പഞ്ചായത്ത് തലത്തിലുണ്ടായ ചേരിപ്പോര്, സി.പി.എമ്മിന്റെ കള്ളവോട്ട്, അപരന്മാര്‍ ഇതൊക്കെയും പരാജയത്തിന് കാരണമായി എന്നും വിലയിരുത്തലുണ്ടായി.

അപരന്മാര്‍ക്കും നോട്ടയ്ക്കും വോട്ടുകൂടാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ ചിലര്‍തന്നെ കരുതിക്കൂട്ടി നടത്തിയ കളിയാണെന്നും വിമര്‍ശനമുയര്‍ന്നു. ജില്ലാനേതൃത്വം വേണ്ടവിധത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയില്ല, യുവാക്കളുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹകരണം ഉണ്ടായില്ല എന്നീ പരാതികളും ഉയര്‍ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.