Latest News

എം.എല്‍.എയുടെ മകനുമായി വിവാഹം ഉറപ്പിക്കാനിരുന്ന പെണ്‍കുട്ടി ഒളിച്ചോടി

കൊച്ചി: എം.എല്‍.എയുടെ മകനുമായി വിവാഹം ഉറപ്പിക്കാനിരിന്ന പെണ്‍കുട്ടി കാമുകനുമൊത്ത്‌ ഒളിച്ചോടി. യുവാവിന്റെ ബന്ധുക്കള്‍ക്കു പോലീസിന്റെ മര്‍ദ്ദനം. മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ പ്രതിപക്ഷാംഗത്തിന്റെ മകളാണ്‌ സഹപാഠിയായ പുല്ലുവഴി സ്വദേശി ജെയിന്‍ ജോര്‍ജിനൊപ്പം ഒളിച്ചോടിയത്‌. കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ പ്രമുഖനായ എം.എല്‍.എയുടെ മകനുമായി ശനിയാഴ്‌ച വളയിടല്‍ ചടങ്ങ്‌ നിശ്‌ചയിച്ചതിനിടെയാണ്‌ പെണ്‍കുട്ടി സ്‌ഥലം വിട്ടത്‌.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്‌ ജെയിനിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളേയുമാണ്‌ പോലീസ്‌ തല്ലിച്ചതച്ചത്‌. മൂവാറ്റുപുഴയിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലാണ്‌ കേസന്വേഷണം. ജെയിനിന്റെ പിതൃമാതാവ്‌ 75 വയസുള്ള ഏലിക്കുട്ടിയെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ എടുത്തെറിഞ്ഞെന്നും ആരോപണമുണ്ട്‌. തലയ്‌ക്കു പരുക്കേറ്റ ഏലിക്കുട്ടിയെ പെരുമ്പാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ച്‌ ജെയിനിന്റെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ;- പെണ്‍കുട്ടിയുടെ അനുവാദമില്ലാതെയാണ്‌ കല്ല്യാണം തീരുമാനിച്ചത്‌. ഇതേതുടര്‍ന്ന്‌ പെണ്‍കുട്ടിയും ബന്ധുക്കളുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ ഇഷ്‌ടമില്ലാത്തയാളെ കല്ല്യാണം കഴിക്കില്ലെന്ന്‌ കത്തെഴുതിവച്ച്‌ ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി. മൂവാറ്റുപുഴ കെ.എസ്‌.ആര്‍.ടി.സി. ബസ്‌സ്‌റ്റാന്‍ഡിനു സമീപത്തുനിന്നും ഓട്ടോ വിളിച്ചു. പെണ്‍കുട്ടി ഒറ്റയ്‌ക്കായതിനാല്‍ ഓട്ടോക്കാരന്‍ വരാന്‍ മടിച്ചു. ബന്ധു ആശുപത്രിയിലാണെന്നു പറഞ്ഞതിനെത്തുടര്‍ന്നാണ്‌ ഓട്ടോക്കാരന്‍ സമ്മതിച്ചത്‌. ഓട്ടോ ഡ്രൈവറുടെ മൊബൈലില്‍നിന്നും ജെയിനിനെ വിളിച്ചു. വീട്ടുകാര്‍ നിശ്‌ചയിക്കുന്ന വിവാഹം കഴിക്കേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്നു ജെയിനിനോട്‌ പറഞ്ഞു.

തുടര്‍ന്ന്‌ ഇരുവരും ജെയിനിന്റെ മൈസൂരിലുള്ള ബന്ധുവീട്ടിലേക്കു പോയി. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ വീട്ടില്‍നിന്നും ഇറങ്ങി പോയതെന്നും കാട്ടി നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡിവൈ.എസ്‌.പിക്കും മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കും നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായവരാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. തിങ്കളാഴ്‌ച രാത്രി ജെയിനിനേയും പെണ്‍കുട്ടിയേയും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ അങ്കമാലി ഗസ്‌റ്റ്‌ ഹൗസില്‍ വിളിച്ചുവരുത്തി. ഇരുവരെയും ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞ്‌ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നും ആക്ഷേപമുണ്ട്‌. ഇതിനിടെ ഇവര്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തെന്ന്‌ പോലീസ്‌ സംശയം പ്രകടിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.