Latest News

അഭിനയത്തിരക്കിനിടയിലും പഠനത്തില്‍ മികവു തെളിയിച്ച് നമിത

തിരുവനന്തപുരം: മലയാളത്തിന്റെ പുത്തന്‍ താരോദയം നമിത പ്രമോദിനു ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയാണു കാര്‍മല്‍ ഗേള്‍സിലെ വിദ്യാര്‍ഥിനിയായ നമിത അഭിനയത്തിരക്കിനിടയിലും പഠനത്തില്‍ മികവു തെളിയിച്ചത്. 

 ഹ്യുമാനിറ്റീസ് വിഭാഗത്തിലാണു നമിതയുടെ മികച്ച വിജയം. ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി പഠനത്തിലും താന്‍ പിന്നിലല്ലെന്നു നമിത തെളിയിച്ചത്. ഫലം അറിയുമ്പോള്‍ മട്ടാഞ്ചേരിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രം വിക്രമാദിത്യന്റെ സെറ്റില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു നമിത. ഫലം വിളിച്ചുപറയാന്‍ അടുത്ത കൂട്ടുകാരി ദേവിയെ നമിത ചുമതലപ്പെടുത്തിയിരുന്നെങ്കിലും അതിനും മുന്‍പേ അഭിനന്ദനം അറിയിച്ചു മാധ്യമങ്ങളുടെ വിളി എത്തി.

ഫലം അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയതായി നമിത പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്ളസ് വണ്ണില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് കിട്ടിയതുകൊണ്ടു മികച്ച വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാലും ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞു വൈകിട്ട് ദിവസവും രണ്ടു മണിക്കൂര്‍ പഠിക്കുമായിരുന്നു. പഠിക്കാന്‍ ഇഷ്ടമുള്ള ചരിത്രമായതു കൊണ്ടു ഫ്രീയായി പരീക്ഷ എഴുതി. പഠനത്തില്‍ സഹായിച്ചതിനു നമിത നന്ദി പറയുന്നതു സീനിയേഴ്സിനോടും ടീച്ചര്‍മാരോടും ആണ്. പ്രത്യേകിച്ചു മന്ത്രി ശിവകുമാറിന്റെ മകള്‍ ഗൌരിയോടു വളരെ കടപ്പെട്ടിരിക്കുന്നതായി നമിത പറയുന്നു. പുസ്തകങ്ങളോ നോട്ട്സോ കയ്യിലില്ലാത്ത താന്‍ ഗൌരിയുടെ പുസ്തകങ്ങളും നോട്ടും വച്ചാണു പഠിച്ചത്.

ഷൂട്ടിങ്മൂലം ക്ളാസില്‍ പോകാതിരുന്ന തനിക്കു സഹായം നല്‍കിയ ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമാണു നമിത ഈ വിജയം സമര്‍പ്പിക്കുന്നത്. തുടര്‍ന്നു ബിഎയ്ക്കു ചേരാനാണു നമിതയുടെ പരിപാടി. പക്ഷേ വിഷയത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്നും നമിത. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളിലൂടെയായിരുന്നു നമിതയുടെ സിനിമാപ്രവേശം. തുടര്‍ന്നു ലാല്‍ ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ദിലീപിന്റെ നായികയായി സൌണ്ട് തോമ, കുഞ്ചാക്കോ ബോബനുമൊന്നിച്ചു ലോ പോയിന്റ് എന്നിവയാണു നമിതയുടെ പ്രധാന ചിത്രങ്ങള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.