Latest News

രാഹുലിനെതിരായ മുഖപ്രസംഗം: നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തീരുമാനം

മലപ്പുറം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ച് ചന്ദ്രികയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ മുസ്ലിംലീഗ് നടപടിയെടുക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച പാണക്കാട്ട് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാരസമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് നടപടിയെടുക്കുന്നതെന്ന് യോഗശേഷം ലീഗ് ദേശീയ ട്രഷറര്‍കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയപ്രാധാന്യമുള്ള മുഖപ്രസംഗം എഴുതുമ്പോള്‍ പാര്‍ട്ടിയോട് ചോദിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. അല്ലെങ്കില്‍ പത്രത്തിലെ രാഷ്ട്രീയവിദ്യാഭ്യാസമുള്ളവരോട് ആലോചിക്കണമെന്നും പറഞ്ഞിരുന്നു.

ആര്‍ക്കെതിരെയാകും നടപടിയെന്ന് പറയാനായിട്ടില്ല. ആരാണ് മുഖപ്രസംഗം എഴുതിയതെന്നും മറ്റും അന്വേഷിച്ചശേഷമേ അക്കാര്യം പറയാനാകൂ. രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരിക്കുമ്പോള്‍ വിമര്‍ശിക്കുന്നത് ഔചിത്യമുള്ള നടപടില്ല. ലീഗ് അങ്ങനെ ചെയ്യാറില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇന്ദിരാഗാന്ധി തോറ്റപ്പോള്‍ പല ഘടകകക്ഷികളും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നുവെന്ന് ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി പറഞ്ഞു. എന്നാല്‍ മുസ്ലിം ലീഗ് അതിന് മുതിര്‍ന്നില്ല. രാഷ്ട്രീയപാരമ്പര്യവും മര്യാദയും പാലിച്ചായിരുന്നു പാര്‍ട്ടി എന്നും പ്രവര്‍ത്തിച്ചതെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ചന്ദ്രികയുടെയും വീക്ഷണത്തിന്റെയും മുഖപ്രസംഗം പാര്‍ട്ടി നിലപാടുകളല്ലെന്ന് ലീഗും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖപ്രസംഗ വിവാദത്തിന് രാഷ്ട്രീയപ്രാധാന്യമില്ല. എന്നാല്‍ പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക മുഖപ്രസംഗം എഴുതുമ്പോള്‍ രാഷ്ട്രീയ മര്യാദയും സൂക്ഷ്മതയും പാലിക്കണമെന്നാണ് ലീഗ് നിലപാടെന്നും നേതാക്കള്‍ പറഞ്ഞു.

മലബാറില്‍ കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിക്കുന്നത് അല്പം വൈകിയാലും കുഴപ്പമില്ല. പഠിക്കാന്‍ താത്പര്യമുള്ള എല്ലാവര്‍ക്കും സീറ്റ് കിട്ടണം. എന്നാല്‍, സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ സുതാര്യതവേണം. കാര്യങ്ങള്‍ പഠിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചും നടപടി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍സമയം ആവശ്യമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം യോഗം വിലയിരുത്തി. ജില്ലാകമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവര്‍ത്തകസമിതിയും സെക്രേട്ടറിയറ്റും നിയമസഭാതലത്തില്‍ കാര്യങ്ങള്‍ വിലയിരുത്തും. പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും വീഴ്ചകള്‍ പരിശോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദും യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.