Latest News

യുവതിയുടെ ജീവൻ രക്ഷിക്കാൻ തുണയായി റെയിൽവേ പൊലീസും വാട്‌സ് ആപ്പും; ഒഴി​വായത് ഒരു ദുരന്തം

കൊച്ചി: ഒരു യുവതിയുടെ ജീവൻ രക്ഷിക്കാൻ വെള്ളിയാഴ്‌ച ആലപ്പുഴ മുതൽ പാലക്കാടു വരെയുള്ള റെയിൽവേ പൊലീസ് സേനാംഗങ്ങൾ ആരുമറിയാതെ നടത്തിയ ശ്രമം സിനിമാക്കഥകളെ വെല്ലുന്നതായി. ഫോൺ കോളുകളും എസ്.എം.എസുകളും വാട്‌സ് ആപ്പ് മെസേജുകളും മൊബൈൽ ടവർ ലൊക്കേറ്റിംഗുമെല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു ഏതാനും മണിക്കൂറുകൾ.

നിസാരമായ ദാമ്പത്യപ്രശ്നം ഒരു കുഞ്ഞിന്റെയും ഭർത്താവിന്റെയും ജീവിതം ദുരന്തത്തിലാക്കേണ്ടതായിരുന്നു. റെയിൽവേ പൊലീസിന്റെ കർത്തവ്യബോധവും സന്മനസുംകൊണ്ട് കഥ ശുഭപര്യവസായിയായി.
കഥയിങ്ങനെ: ആലപ്പുഴ സ്വദേശിയായ യുവാവും പാലക്കാട്ടുകാരിയായ യുവതിയും രണ്ടു വയസുള്ള പെൺകുഞ്ഞുമാണ് കഥാപാത്രങ്ങൾ. പ്രേമവിവാഹിതരാണ് ദമ്പതികൾ. ഇരുവരും വ്യത്യസ്​ത മതക്കാർ. മൂന്നു ദിവസം മുമ്പ് യുവതി കുഞ്ഞുമൊത്ത് നാട്ടിലേക്ക് യാത്രപോയി. വെള്ളിയാഴ്‌ച മടങ്ങി വരും വഴി ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസ് ട്രെയിനിൽ നിന്ന് ഭർത്താവിന് യുവതിയുടെ ഫോൺ വിളിയെത്തി. 'ജീവിതം മടുത്തു, ഞാൻ ട്രെയിനിൽ നിന്ന് ചാടി മരിക്കാൻ പോകുന്നു, കുഞ്ഞ് ട്രെയിനിലുണ്ട്. ആലപ്പുഴയിലെ വിലാസമെഴുതിയ കത്ത് അവളുടെ കൈയിലേൽപ്പിച്ചിട്ടുണ്ട്. ആലപ്പുഴ സ്റ്റേഷനിലെത്തി മകളെ ഏറ്റുവാങ്ങണം." പറഞ്ഞു നിറുത്തിയ ഉടൻ ഫോൺ ഓഫായി. പരിഭ്രാന്തനായ യുവാവ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തി. 

സ്‌റ്റേഷനിലെത്തുന്ന എല്ലാ ട്രെയിനിലും ഓടിക്കയറി തെരച്ചിൽ നടത്തുന്ന യുവാവിനെ കണ്ട് പന്തികേട് തോന്നിയ റെയിൽവേ പൊലീസ് കാര്യം തിരക്കി.
വിവരമറിഞ്ഞ അവർ ഉഷാറായി. തിരുവനന്തപുരത്തെ റെയിൽവേ സൈബർ സെല്ലിന് വിവരം കൈമാറി. അവർ യുവതിയുടെ ഫോണിലേക്ക് എസ്.എം.എസ് അയച്ച് കാത്തിരുന്നു. 5.30ന് മെസേജ് ഡെലിവറിയായപ്പോൾ ലൊക്കേഷൻ കണ്ടെത്തി. എറണാകുളത്തെ വടുതല. ആ സമയം വടുതലയിൽ എത്തിയ ധർബാദ് എക്പ്രസിൽ യുവതിയുണ്ടെന്ന് ഉറപ്പായി. അവിടെ നിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ഏതാനും കിലോ മീറ്റർ മാത്രമേയുള്ളൂ.
പിന്നെ എറണാകുളം റെയിൽവേ പൊലീസിന്റെ ഊഴമായി. യുവാവിൽ നിന്ന് യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ വാട്ട്സ് ആപ്പിലൂടെ വാങ്ങി ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് അയച്ചുകൊടുത്തു, അവർ ട്രെയിനിൽ ഓടി നടന്ന് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തി. എറണാകുളം റെയിൽവേ പൊലീസിന് ഇവരെ കൈമാറി. അപ്പോഴേക്കും യുവാവും എറണാകുളത്ത് എത്തിയിരുന്നു. 

ആകെ അസ്വസ്ഥയായിരുന്ന യുവതിയെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയയാക്കി. ഭാര്യഭർത്താക്കന്മാർ തമ്മിലുണ്ടായ നിസാര സൗന്ദര്യപ്പിണക്കമായിരുന്നു മെസേജിനു പിന്നിൽ.
പിന്നീട് റെയിൽവേ പൊലീസ് ഇരുവർക്കും കൗൺസലിംഗ് നൽകി രാത്രിയോടെ വിട്ടയച്ചു. 

യുവതിക്കെതിരെ കേസെടുക്കേണ്ടെന്നും തീരുമാനിച്ചു. എറണാകുളം റെയിൽവേ പൊലീസ് സി.ഐ. എസ്.ജയകൃഷ്‌ണനാണ് യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.