Latest News

ബൈക്ക് മോഷണം: അഞ്ച് വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ പിടിയില്‍

കൊണ്ടോട്ടി: ബൈക്ക് മോഷ്ടിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ മോഷ്ടിച്ച് വില്പനനടത്തിയ 11 ബൈക്കുകള്‍ കണ്ടെടുത്തു. വിദ്യാര്‍ഥികളില്‍നിന്നാണ് ബൈക്കുകളെല്ലാം കണ്ടെടുത്തത്.

വേങ്ങര, തിരൂര്‍, ചേളാരി എന്നിവിടങ്ങളിലെ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളായ അഞ്ചുപേരെയും തിരൂര്‍ മുട്ടന്നൂര്‍ കാവിലക്കാട് തെക്കാട്ടിപറമ്പന്‍ ഇസ്മായില്‍ (20), തിരൂര്‍ എടക്കനാട് കരുവാമ്പറമ്പില്‍ സനീഷ് (20) എന്നിവരെയുമാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്.

ഐക്കരപ്പടിയില്‍ ഒരുവിദ്യാര്‍ഥി നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്ക് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണസംഘം പിടിയിലായത്. ഈ വിദ്യാര്‍ഥിയെ ചോദ്യംചെയ്തതില്‍ വേങ്ങര സ്വദേശികളായ രണ്ടുപേരാണ് ബൈക്ക് നല്‍കിയതെന്ന് പോലീസിന് വിവരംകിട്ടി.

വേങ്ങര സ്വദേശികളെ ചോദ്യംചെയ്തപ്പോള്‍ ഇസ്മയിലിന്റെ പക്കല്‍നിന്ന് തുച്ഛമായ വിലയ്ക്ക് ഒരു ബൈക്ക് വാങ്ങിയും മറ്റൊരെണ്ണം മോഷ്ടിച്ചും വില്പന നടത്തിയതായി ഇവര്‍ സമ്മതിച്ചു. ഇവര്‍ മോഷ്ടിച്ച ബൈക്ക് ചേളാരിയില്‍നിന്ന് കണ്ടെത്തി. ഇസ്മയിലിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ബൈക്ക് വാങ്ങാനെന്ന വ്യാജേന പിടിയിലായവരെക്കൊണ്ട് ഫോണില്‍ വിളിപ്പിച്ചു. ഇസ്മയില്‍ ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാര്‍ഥികളുമായി ചമ്രവട്ടം പാലത്തിനടുത്തെത്തിയ പോലീസ് തന്ത്രത്തില്‍ ഇയാളെയും കൂടെവന്ന സനീഷിനെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.

കറുപ്പ് പള്‍സര്‍ ബൈക്കുകളാണ് ഇവര്‍ മോഷ്ടിച്ചവയെല്ലാം. 5000 മുതല്‍ 9000 രൂപവരെ വാങ്ങിയാണ് ഇവര്‍ ബൈക്കുകള്‍ വിറ്റിരുന്നത്. ഏഴ് ബൈക്കുകള്‍ ഇസ്മയില്‍ നേരിട്ടും മറ്റുള്ളവ പിടിയിലായ വിദ്യാര്‍ഥികളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇസ്മയില്‍ മോഷ്ടിക്കുന്ന ബൈക്കുകള്‍ വില്‍ക്കാനും വിദ്യാര്‍ഥികള്‍ സഹായിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് 500 രൂപ വീതം കമ്മീഷന്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

മോഷ്ടിച്ചവയില്‍ ഏഴെണ്ണം തിരൂര്‍ മേഖലയില്‍നിന്നും മൂന്നെണ്ണം പൊന്നാനി മേഖലയില്‍നിന്നും ഒന്ന് പരപ്പനങ്ങാടി മേഖലയില്‍നിന്നുമാണ്. രേഖകളൊന്നും നല്‍കാതെയാണ് ഇവര്‍ ബൈക്കുകള്‍ വിറ്റിരുന്നത്. ഇസ്മയിലിനെയും സനീഷിനെയും മലപ്പുറം കോടതിയിലും മറ്റുള്ളവരെ ജുവൈനല്‍ ജസ്റ്റിസ് കോടതിയിലും ഹാജരാക്കി.

ഡിവൈ.എസ്.പി അഭിലാഷിന്റെ നേതൃത്വത്തില്‍ സി.ഐ ബി. സന്തോഷ്, എസ്.ഐ മജീദ്, നീലകണ്ഠന്‍, മോഹന്‍ദാസ്, സത്യനാഥന്‍, ശശി കുണ്ടറക്കാടന്‍, ശ്രീകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.