Latest News

വിജയാരവത്തിനൊരുങ്ങി ലീഗ്‌; ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക്‌ സമ്മാനം

മലപ്പുറം: തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ ലീഗ്‌ പ്രവര്‍ത്തകര്‍ വിജയാരവത്തിനു തയ്യാറായി. തെരഞ്ഞെടുപ്പു ഫലമറിയാന്‍  3 നാള്‍ കൂടി ശേഷിക്കവെയാണു ലീഗ്‌ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും ലീഗ്‌ പ്രവര്‍ത്തകര്‍ വിജയാരവത്തിനു സജ്‌ജമായത്‌. ആഹ്‌ളാദ പ്രകടനങ്ങള്‍ക്കും മറ്റും നിരവധി പാരഡി ഗാനങ്ങള്‍ അണിയറയില്‍ സജ്‌ജമാക്കിയതിനു പിന്നാലെ പൊന്നാനിയും മലപ്പുറവും പച്ചപുതക്കും എന്ന പേരില്‍ പ്രത്യേക ഫേസ്‌ബുക്ക്‌ പേജും സജീവമായി. 
ലീഗ്‌ സ്‌ഥാനാര്‍ഥികളുടെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്കു പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
എന്തുസംഭവിച്ചാലും തങ്ങളുടെ മണ്ഡലങ്ങള്‍ നഷ്‌ടമാകില്ലെന്നും ഭൂരിപക്ഷത്തില്‍ മാത്രമാണു ആകാംക്ഷയെന്നും പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നു. മലപ്പുറത്തേയും പൊന്നാനിയിലേയും എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളായ പി.കെ സൈനബയേയും വി. അബ്‌ദുറഹിമാനേയും കളിയാക്കുന്ന രീതിയിലുള്ള നിരവധി പാട്ടുകളാണു പുറത്തിറങ്ങിയിട്ടുള്ളത്‌. 

ഇത്തരം പാട്ടുകള്‍ വാട്‌സ്‌ ആപ്പിലൂടെ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പൊന്നുമോള്‌ സൈനബാ കരയുന്നത്‌ എന്തിനാ... എന്നു തുടങ്ങുന്ന പാട്ട്‌ മലപ്പുറം എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.കെ സൈനബയ്‌ക്കെതിരായി ഇറക്കിയപ്പോള്‍ പൊന്നാനിയിലെ ഇടതു സ്വതന്ത്രനെതിരെ കൂടുതല്‍ പാരഡി പാട്ടുകള്‍ സജ്‌ജമായിട്ടുണ്ട്‌. പൊന്നാനിയും മലപ്പുറവും പച്ചപുതക്കും എന്ന പേരില്‍ പ്രത്യേക ഫേസ്‌ബുക്ക്‌ പേജില്‍ 10000-ലധികം പേര്‍ ഇതിനകം ലൈക്ക്‌ ചെയ്‌തു കഴിഞ്ഞു. പേജില്‍ ലീഗ്‌ സ്‌ഥാനാര്‍ഥികളുടെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്കു സര്‍പ്രൈസ്‌ സമ്മാനങ്ങളാണു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.
പേജിലെ ഓരോ വാക്കുകള്‍ക്കും ഫോട്ടോകള്‍ക്കും കമന്റും ഷെയറിംഗും കൂടിവരുകയാണ്‌. മലപ്പുറം മണ്ഡലം സ്‌ഥാനാര്‍ഥി ഇ. അഹമ്മദിന്റേയും പൊന്നാനി സ്‌ഥാനാര്‍ഥി ഇ.ടി മുഹമ്മദ്‌ ബഷീറിന്റേയും ഫോട്ടോകള്‍ എ, ബി എന്നു വേര്‍തിരിച്ചാണു പ്രവചന മത്സരം. രണ്ടു സീറ്റുകളിലും വിജയമുറപ്പിച്ച ലീഗ്‌ പ്രവര്‍ത്തകര്‍ക്കു ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണു സംശയമുള്ളത്‌. അടുത്ത ദിവസം മുതല്‍ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കുമെന്ന തലക്കെട്ടോടെയാണു ഫേസ്‌ബുക്ക്‌ പേജ്‌ തുടങ്ങുന്നത്‌.
നീലാകാശം, പച്ചക്കടല്‍, ചുവക്കാത്ത ഭൂമി എന്ന പ്രത്യേക ഫേസ്‌ബുക്ക്‌ പേജില്‍ കരുതിയിരിക്കുക ലീഗ്‌ പ്രവര്‍ത്തകര്‍ ലൈവാണ്‌, പൊന്നാനിയിലും മലപ്പുറത്തും പച്ചക്കുമെന്നു ഉറപ്പും നല്‍കുന്നു.
മുസ്ലിംലീഗ്‌ പ്രവര്‍ത്തകരുടെ വികാരം വ്യക്‌തമാക്കുന്ന പേജില്‍ കോണി ചിഹ്‌നം ഞങ്ങള്‍ക്കൊരു ലഹരിയാണ്‌, കിട്ടൂല മോനെ.. കിട്ടൂല മോനെ പൊന്നാനിയിയും മലപ്പുറവും കിട്ടൂല മോനെ തുടങ്ങുന്ന ലീഗ്‌ വികാരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്‌. പച്ച ലഡുവും പച്ച ജിലേബിയും പച്ചക്കളര്‍ വെള്ളവും പച്ചക്കളര്‍ ബേക്കറികളുമെല്ലാം പേജില്‍ നല്‍കിയിട്ടുണ്ട്‌.
മലപ്പുറത്തും പൊന്നാനിയിലും വിജയാഹ്‌ളാത്തിനായി പ്രവര്‍ത്തകര്‍ സജ്‌ജമായിട്ടുണ്ടെങ്കിലും പൊന്നാനിയിലാകും ആഘോഷം പൊടിപൊടിക്കുക. കോണ്‍ഗ്രസില്‍ നിന്നെത്തിയ വി. അബ്‌ദുറഹിമാനെ സ്വതന്ത്ര്യനായി മത്സരിപ്പിക്കുകയും കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കാലുവാരിയിട്ടും ലീഗിനെ തോല്‍പിക്കാനാവില്ലെന്നറിയിക്കാനും മത്സരാവേശം വാനോളമുയര്‍ന്ന ഇവിടുത്തെ അണികളില്‍ ആവേശം കൂടുതലായതിനാലും ഏതു പാര്‍ട്ടി ജയിച്ചാലും പൊന്നാനിയിലെ തെരഞ്ഞെടുപ്പ്‌ വിജയാരവങ്ങള്‍ക്കു മാറ്റുകൂട്ടും. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.