Latest News

നെഞ്ചിലെ ചൂട്‌ നല്‍കേണ്ട കുഞ്ഞിനെ ഒറ്റയ്‌ക്ക്‌ ആകാശത്തു പറത്തി ക്രൂരത

കണ്ണൂര്‍: മാതാപിതാക്കളുടെ നെഞ്ചിലെ ചൂടേറ്റു ലോകത്തെ നോക്കിച്ചിരിക്കേണ്ട പ്രായമാണു നിയാ നിസാമിന്‌. പക്ഷേ, 11 മാസം മാത്രം പ്രായമുള്ള അവള്‍ക്കു മാതാപിതാക്കളുടെ കണ്‍മുന്നില്‍ അനുഭവിക്കേണ്ടിവന്നത്‌ വളര്‍ന്നാലും ഉപബോധമനസില്‍ മായാതെ പതിഞ്ഞേക്കാവുന്ന ക്രൂരത. ആകാശത്ത്‌ 60 അടി ഉയരത്തില്‍ ആടിയുലഞ്ഞു പറക്കുമ്പോള്‍ അവള്‍ അലറിക്കരഞ്ഞതിനു സാക്ഷ്യം വഹിക്കാന്‍ താഴെ സംഘാടകര്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ഹൃദയം കല്ലാക്കിയ പോലീസ്‌ മേധാവിയും ചലച്ചിത്രതാരവും! മറ്റുള്ളവര്‍ക്കെല്ലാം കണ്ണീരോടെ കണ്ടുനില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ.

മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇന്‍ ബീച്ചില്‍ സാഹസികതയുടെ പേരില്‍ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കളുടെ സമ്മതത്തോടെ ആകാശത്തു പറത്തിയ കൊടുംക്രൂരത വിവാദമായതോടെ സംസ്‌ഥാന ബാലാവകാശ കമ്മിഷന്‍ പോലീസിനോടു കേസെടുക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സംഭവത്തില്‍ തെറ്റില്ലെന്നാണു കണ്ണൂര്‍ എസ്‌.പി: പി.എന്‍. ഉണ്ണിരാജയുടെ പ്രതികരണം.

മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടിയെ സാഹസികപ്രകടനത്തില്‍ പങ്കെടുപ്പിച്ചതു തെറ്റല്ലെന്നു ദൃക്‌സാക്ഷിയായ ചലച്ചിത്രനടന്‍ വിനീതും പറഞ്ഞു. രണ്ടാഴ്‌ച മുമ്പ്‌ പയ്യാമ്പലം കടപ്പുറത്തു പാരാ മോട്ടോര്‍ ഗ്ലൈഡിംഗിനിടെ വീണ്‌ കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ പി. ബാലകിരണിനു പരുക്കേറ്റിരുന്നു. സാഹസികതയുടെ പേരില്‍ കടലിനു മുകളില്‍ നടക്കുന്ന ആകാശപ്പറക്കലിന്റെ സുരക്ഷ സംബന്ധിച്ചു ഭീതിയകലുന്നതിനു മുമ്പാണ്‌ മുഴപ്പിലങ്ങാട്‌ ബീച്ചില്‍ പിഞ്ചുകുഞ്ഞിനെ പറപ്പിച്ചത്‌.

കോഴിക്കോട്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ എയ്‌റോ സ്‌പോര്‍ട്‌സ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൈരളി എയര്‍ലൈന്‍സാണ്‌ ബുധനാഴ്ച ഉച്ചയ്‌ക്ക്‌ ഒന്നോടെ മുഴപ്പിലങ്ങാട്‌ ബീച്ചില്‍ പരിപാടി സംഘടിപ്പിച്ചത്‌. ജില്ലാ പോലീസ്‌ മേധാവി പി.എന്‍. ഉണ്ണിരാജ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത ചടങ്ങില്‍ കൈരളി എയര്‍ലൈന്‍സ്‌ എം.ഡി: പി.പി. ബെന്നി, സൊസൈറ്റി ജനറല്‍ സെക്രട്ടറി സഫര്‍ അഹമ്മദ്‌, വൈസ്‌ പ്രസിഡന്റ്‌ എം. സിബഹത്തുള്ള, ജോയിന്റ്‌ സെക്രട്ടറി ക്യാപ്‌റ്റന്‍ ഷഹബാസ്‌, ചീഫ്‌ ഇന്‍സ്‌ട്രക്‌ടര്‍ മോയിസ്‌ സഫര്‍ എന്നിവരും സാക്ഷ്യം വഹിച്ചു. നാലു മിനിട്ട്‌, 60 അടിയോളം ഉയരത്തില്‍ ആകാശത്ത്‌ ഒറ്റയ്‌ക്കു കുഞ്ഞിനെ പറപ്പിച്ചു.

പാരാസെയ്‌ലിംഗിന്‌ ഇരുത്തിയതു മുതല്‍, ആകാശത്തേക്കു കുതിക്കുമ്പോഴും നിലത്തെത്തുന്നതുവരെയും കുഞ്ഞ്‌ ഭയന്നു കരഞ്ഞു. വയനാട്‌, സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ്‌ നിസാം-സഫ്രീന ദമ്പതികളുടെ മകള്‍ നിയ നിസാമിനെയാണു ക്രൂരവിനോദത്തിനിരയാക്കിയത്‌. 

തിരിച്ചിറങ്ങിയ കുഞ്ഞ്‌ മാതാപിതാക്കളുടെ കൈയിലെത്തിയിട്ടും നിര്‍ത്താതെ കരഞ്ഞു. സംഘാടകര്‍ക്കെതിരേ കേസെടുക്കാന്‍ സംസ്‌ഥാന ബാലാവകാശ കമ്മിഷന്‍ പോലീസിനു നിര്‍ദേശം നല്‍കി. ജില്ലാ കലക്‌ടറും റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.