Latest News

കാഞ്ഞങ്ങാട്ടെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ; 2 പേര്‍ മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍

മംഗലാപുരം: അജാനൂര്‍ കൊളവയലിലെയും ഇട്ടമ്മലിലെയും വ്യാജ മേല്‍വിലാസത്തില്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയ രണ്ടുപേര്‍ മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ പിടിയിലായി.
ഗള്‍ഫിലേക്ക് യാത്രതിരിക്കാന്‍ എത്തിയ കാസര്‍കോട് അടൂര്‍ പാണ്ടിയിലെ കാട്ടിപ്പാറ ഹൗസില്‍ എം കുഞ്ഞമ്പു നായരുടെ മകന്‍ കെ അരവിന്ദാക്ഷന്‍(48), കാസര്‍കോട് തളങ്കരയിലെ മുഹമ്മദിന്റെ മകന്‍ എം മുഹമ്മദ് ദിഷാദുല്‍(40) എന്നിവരാണ് പിടിയിലായത്. 

അരവിന്ദാക്ഷന്‍ കൊളവയലിലെ അമ്പുവിന്റെ മകന്‍ ചെന്നോത്ത് രവീന്ദ്രന്റെ പേരിലും ദിഷാദുല്‍ അജാനൂര്‍ ഇട്ടമ്മലിലെ എ എം ക്വാര്‍ട്ടേഴ്‌സിലെ നിസാമുദ്ദീന്റെ മകന്‍ കണിയാത്ത് മുഹമ്മദ് എന്ന പേരിലുമാണ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. 

കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് ലോബിയാണ് ഇവര്‍ക്ക് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ ലോബിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് മേഖലയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയ നിരവധിപേര്‍ക്കെതിരെ കേസ് അന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ചിന് കീഴിലുള്ള ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തെ ആഭ്യന്തര -രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് ലുക്കൗട്ട് നോട്ടീസ് കൈമാറിയിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ വെളിച്ചത്തിലാണ് അരവിന്ദാക്ഷനും മുഹമ്മദ് ദിഷാദിലും വിമാനത്താവളത്തില്‍ പിടിയിലായത്.
ഇരുവരെയും ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘത്തിന് കൈമാറി. സംഘത്തിലെ എസ് 
ഐമാരായ ടി വി മുരളീധരന്‍, അബൂബക്കര്‍, എ എസ് ഐ സൈദ് അലവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി പ്രസന്നന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ജിതേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. 

ഈ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇരുവരും നിരവധി തവണ വിദേശ യാത്ര നടത്തിയതായി അന്വേഷണ സംഘത്തിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
കൊളവയല്‍, പടന്നക്കാട്, അട്ടേങ്ങാനം എന്നീ തപ്പാല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ കൂടുതലായും എത്തിയത്. മൂന്ന് പോസ്റ്റുമാന്മാര്‍ക്കും കാ ഞ്ഞങ്ങാട്ടെ ചില ട്രാവല്‍ ഏജന്റുമാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.