Latest News

73 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 15 വര്‍ഷത്തിന് ശേഷം ശിക്ഷ; മുഖ്യപ്രതിക്ക് 5 വര്‍ഷം കഠിനതടവ്‌

കാഞ്ഞങ്ങാട്: വീട് കുത്തിതുറന്ന് 73 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ മുഖ്യപ്രതിയെ കോടതി അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ ഇ എ അബ്ദുല്‍ ലത്തീഫിനെ(40)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകളിലായി അഞ്ചു വര്‍ഷം കഠിന തടവിനും 2500 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഈ കേസിലെ മറ്റു പ്രതികളായ രാജീവന്‍, ഹമീദ് എന്നിവരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.

കളനാട്ടെ എം കെ ഇബ്രാഹിമിന്റെ വീട് കുത്തിതുറന്നാണ് അബ്ദുള്‍ ലത്തീഫും രാജീവനും, ഹമീദും സ്വര്‍ണ്ണവും പണവും കവര്‍ന്നതെന്നാണ് കേസ്.
1999 ഒക്‌ടോബര്‍ 6നാണ് കേസിനാസ്പദമായ സംഭവം. ഇബ്രാഹിമും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ മുന്‍വശത്തെ വാതില്‍ അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിതുറന്ന് അകത്തു കടക്കുകയും കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും 12,600 രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.
ഇബ്രാഹിമിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും വിരലടയാള വിദഗ്ധരുടെ സഹായത്തോടെ കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് വിരലടയാളം ശേഖരിക്കുകയും ചെയ്തതോടെ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയായിരുന്നു. 

ലത്തീഫ് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഈ കേസിന്റെ വിചാരണ വേളയില്‍ രാജീവനും ഹമീദും മാത്രമാണ് ഹാജരായത്. ഇവരെ കോടതി ശിക്ഷിക്കുകയും ലത്തീഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ ലത്തീഫിനെ വ്യാഴാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.