Latest News

ഒരു ഗ്രാമം മുഴുവന്‍ സുലോചനയെ തിരയുന്നു; മക്കള്‍ക്കു നല്‍കാന്‍

കാഞ്ഞങ്ങാട്: ഇടയ്ക്കെപ്പോഴോ പിടിവഴുതിപ്പോകുന്ന മനസ്സുമായി ആ അമ്മ ഇപ്പോള്‍ എവിടെയായിരിക്കും? അകലങ്ങളിലെവിടെയോ സുഖമായിരിക്കുന്നുണ്ടാവുമോ? അല്ലെങ്കില്‍ മക്കളെ തേടിഅലഞ്ഞു കരഞ്ഞുതളര്‍ന്ന്... 

വിതുമ്പുന്ന നെഞ്ചുമായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ബാല മന്ദിരത്തില്‍ നിന്നെത്തിയ പതിമൂന്നുകാരന്‍ ബാബു മാത്രമല്ല ഇതു ചോദിക്കുന്നത്. കാസര്‍കോട് മടിക്കൈ യിലെ അമ്പലത്തുകര എന്ന ഗ്രാമം മുഴുവനും നൊമ്പരത്തോടെ പരസ്പരം ചോദിക്കുന്നുണ്ടിത്.

നാട്ടുകാരുടെയും സഹോദരന്‍ കുഞ്ഞമ്പുവിന്റെയും തണലില്‍ കഴിഞ്ഞ അമ്പലത്തുകരയിലെ സുലോചനയെ(35) പെട്ടന്നൊരു ദിവസം കാണാതാവുകയായിരുന്നു. നാഗര്‍കോവില്‍ റജിസ്ട്രേഷനിലുള്ള ഒരു ലോറിയില്‍ ഇവരെ തട്ടിക്കൊണ്ടുപോയി എന്നതടക്കം പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സുലോചന എവിടെയെന്നത് ഇപ്പോഴും ദുരൂഹം. കുഞ്ഞമ്പുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടുമാസമായി അന്വേണം നടത്തുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.

ഓര്‍മക്കുറവും അല്‍പം മനോവൈകല്യവും ഉണ്ടെങ്കിലും സുലോചന നാളിതുവരെ വീടുവിട്ടു നിന്നിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. 2002ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. മൂത്തമകള്‍ അശ്വതി വിവാഹം ചെയ്തു പോയതോടെ ഇളയമക്കളായ ബാബുവിനെയും പന്ത്രണ്ടുകാരി അമ്മുവിനെയും നാട്ടുകാരുടെ സഹായത്തോടെ ബാലമന്ദിരത്തിലാക്കി. തൃശൂരിലെ ബാലികാമന്ദിരത്തിലാണ് അമ്മു.

അമ്പലത്തുകരയിലെ ഒരു ഹോട്ടലില്‍ മേശ തുടച്ചുകിട്ടുന്ന പണം കൊണ്ടു കുഞ്ഞമ്പുവാണ് സുലോചന ഉള്‍പ്പെടുന്ന കുടുംബത്തെ പോറ്റിയത്. നാട്ടുകാരും സഹായിച്ചിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ മടിക്കൈ ജിഎച്ച്എസ്എസില്‍നിന്നു സുലോചനയ്ക്ക് ഉച്ചക്കഞ്ഞിയും നല്‍കിയിരുന്നു. കാണാതായ ദിവസം സുലോചനയെ ചെമ്മവട്ടംവയല്‍ പരിസരത്തു കണ്ടിരുന്നതായി ചിലര്‍ പറയുന്നു. അന്യസംസ്ഥാനലോറികള്‍ ഏറെയും പോകുന്ന ദേശീയപാതയായതിനാല്‍ സുലോചനയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കുമോ എന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം.

അമ്പലത്തുകരയില്‍ സുലോചനയ്ക്ക് അഞ്ചു സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും വീടില്ല. സഹോദരനായ കുഞ്ഞമ്പുവും നാട്ടുകാരും ഇപ്പോള്‍ തേടുന്നത് ഒറ്റക്കാര്യം: അടുത്ത അവധിക്കു ബാബുവും അമ്മുവും എത്തുമ്പോള്‍അവര്‍ക്കൊരു പൊന്മുത്തം നല്‍കാന്‍ സുലോചന ഉണ്ടാവുമോ?
(കടപ്പാട്: മനോരമ)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.