Latest News

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്‌മി നീക്കം

ന്യൂഡല്‍ഹി: തലസ്‌ഥാനത്ത്‌ വീണ്ടും ആം ആദ്‌മി സര്‍ക്കാര്‍ നിലവില്‍ വരാന്‍ സാധ്യത. ഡല്‍ഹി നിയമസഭയില്‍ നിലവില്‍ 27 എംഎല്‍എമാരുള്ള ആം ആദ്‌മി ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കുമെന്നാണ്‌ തലസ്‌ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 

നേരത്തേ എട്ടംഗങ്ങളുള്ള കോണ്‍ഗ്രസ്‌ പിന്തുണയോടെയാണ്‌ നിയമസഭയില്‍ 31 സീറ്റുകളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന്‌ ആം ആദ്‌മി സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിലാണ്‌ ആം ആദ്‌മി പാര്‍ട്ടിയില്‍, ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കണമെന്ന വികാരം ശക്‌തമായിരിക്കുന്നത്‌. 

ഇതു സംബന്ധിച്ച്‌ ഞായറാഴ്ച വൈകിട്ട്‌ ചേരുന്ന ആം ആദ്‌മി പാര്‍ട്ടി രാഷ്‌ട്രീയ കാര്യ സമിതിയില്‍ തീരുമാനമുണ്ടാകും. ലോക്‌പാല്‍ ബില്‍ പാസാക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ്‌ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി സര്‍ക്കാര്‍ രാജിവെച്ചത്‌. ബിജെപിയും കോണ്‍ഗ്രസും ലഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്‍ പാസാക്കാന്‍ പിന്തുണയ്‌ക്കാത്തതിനെ തുടര്‍ന്നായിരുന്നു 49 ദിവസം മാത്രം നിലനിന്ന ആം ആദ്‌മി സര്‍ക്കാര്‍ രാജിവെച്ച്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്‌. 

രാജ്യത്തൊട്ടാകെ സ്‌ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നെങ്കിലും ആകെ നാല്‌ സീറ്റുകള്‍ മാത്രമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിക്ക്‌ നേടാനായത്‌. ആം ആദ്‌മി ശക്‌തി കേന്ദ്രമായ ഡല്‍ഹിയിലെ ഏഴ്‌ സീറ്റും ബിജെപി തൂത്തുവാരുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ ഡല്‍ഹിയില്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ അറിയിച്ച നിലപാടില്‍ നിന്ന്‌ ആം ആദ്‌മി പിന്നോട്ടു പോകുന്നത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.