Latest News

ഡല്‍ഹിയില്‍ നൂറുകോടിയുടെ മയക്കുമരുന്ന് പിടികൂടി: മലയാളിയടക്കം നാലുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ നൂറുകോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി മലയാളി ഉള്‍പ്പെടുന്ന മയക്കുമരുന്ന് കടത്തുസംഘം പിടിയില്‍. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം പൂന്തുറ ത്രിവേണി നഗറിലെ നൗഷാദ് അബ്ദുറഹ്മാന്‍(35), മഹാരാഷ്ട്ര അപ്പര്‍ ട്രോംബെ സുനിത നിവാസിലെ സാജിദ് സുബൈര്‍(25), സംഘത്തലവന്‍ മുംബൈ ചീത്താ ക്യാമ്പിലെ ഷാജഹാന്‍ മുഹമ്മദ് യാസിന്‍ എന്ന കരീം(37), മുഹമ്മദ് അബ്ദുള്‍ സത്താര്‍ എന്ന ഷേരു(26) എന്നിവരാണ് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ പിടിയിലായത്.

ഡല്‍ഹിയിലെ സാരായ് കാലെഖാനിലെ മില്ലേനിയം പാര്‍ക്കിനടുത്തുവെച്ച് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 16 കിലോഗ്രാം ഹെറോയിനും 9 കിലോഗ്രാം മെത്താംഫീറ്റാമീനുമായാണ് നൗഷാദും സാജിദ് സുബൈറും പിടിയിലായത്. പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ നിന്ന് മയക്കുമരുന്നുമായി ഡല്‍ഹി വഴി മുംബൈയിലേക്ക് വരികയായിരുന്നു ഇരുവരും. തുടര്‍ന്ന് സംഘത്തലവനായ കരീം എന്ന സേത്താ ഭായിയെയും അബ്ദുള്‍ സത്താറിനെയും അറസ്റ്റുചെയ്തു. 

ഇവരില്‍നിന്ന് അഞ്ചുകിലോഗ്രാം ഹെറോയിനും പിടിച്ചു. കൂട്ടാളികളെ കാണാതായതിനാല്‍ തിരഞ്ഞ് ഡല്‍ഹിയില്‍ എത്തിയതാണ് കരീമും സത്താറും. ഇതിനിടെ ഇടപാടുകാരില്‍ നിന്ന് അഞ്ചുകിലോ ഹെറോയില്‍ സ്വീകരിക്കുകയും ചെയ്തു. പാകിസ്താന്‍, ശ്രീലങ്ക, ദുബായ്, കുവൈത്ത്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണ് ഇവരുടേത്.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ നൗഷാദ് ബി.കോം ബിരുദധാരിയാണ്. കുറച്ചുകാലം കാര്‍ഗോ കമ്പനിയിലും റെഡിമെയ്ഡ് കടയിലും ജോലിചെയ്ത ഇയാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ മുംബൈയിലെത്തിയപ്പോഴാണ് മയക്കുമരുന്നു കടത്ത് സംഘത്തിലെ തമിഴ്‌നാട് സ്വദേശിയെ പരിചയപ്പെട്ടത്. ഇയാള്‍ സംഘവുമായി നൗഷാദിനെ ബന്ധപ്പെടുത്തി. മെയ് 20-ന് സുബൈറുമായി ചേര്‍ന്ന് അട്ടാരിയില്‍ മയക്കുമരുന്നു വാങ്ങി മടങ്ങവെയാണ് പിടിയിലായത്. 

സംഘത്തലവനായ കരീം എന്ന സേത്താ ഭായി ഏറെക്കാലം കുവൈത്തിലായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ടത്. ഇയാള്‍ നേരത്തേ, പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ നേതാക്കള്‍ ഇപ്പോള്‍ കുവൈത്തിലെ അമൂമി ജയിലിലാണ്. ഇവരുടെ മയക്കുമരുന്നുകടത്തിന് സഹായിക്കുകയായിരുന്നു കരീം. പിടിക്കപ്പെട്ട് ആറ്മാസം ജയിലിലുമായി. ഇതിനിടെ പാകിസ്താന്‍ സ്വദേശി ഖാലിദുമായും ഇയാളുടെ ഇന്ത്യയിലെ കണ്ണികളുമായും പരിചയപ്പെട്ടു. ഇവരുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ കടത്തെന്ന് കരുതുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Brown Sugar, Delhi, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.