Latest News

യുവാവിന്റെ പരാതിയില്‍ പുറത്തുവന്നത് വ്യാജ പാസ്‌പോര്‍ട്ട് മാഫിയയുടെ പ്രവര്‍ത്തനം

പാലോട്: തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് വിതരണം ചെയ്തുവന്നിരുന്ന വന്‍ റാക്കറ്റിലെ മൂന്നുപേരെ പോലീസ് പിടികൂടി. വിതുര സ്വദേശി മന്‍ഷാദ്, തിരുവനന്തപുരം സ്വദേശികളും ട്രാവല്‍ ഏജന്റുമാരുമായിരുന്ന ആര്‍.കെ. രാധാകൃഷ്ണന്‍, ബിജുലാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യാജപാസ്‌പോര്‍ട്ട് എടുക്കാന്‍ ഇവരെ സഹായിച്ചുവന്നിരുന്ന പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരന്‍ സുരേഷ് ഒളിവിലാണ്.

ഇടിഞ്ഞാര്‍ സ്വദേശിയായ സുജിത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതിനുശേഷം പോലീസ് വെരിഫിക്കേഷന്‍ നടത്തി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി. രണ്ടുമാസം കഴിഞ്ഞ് സുജിത്തിന് തപാല്‍ മുഖാന്തിരം മറ്റൊരാളുടെ ഫോട്ടോ പതിച്ച പാസ്‌പോര്‍ട്ടാണ് ലഭിച്ചത്. ഫോട്ടോ മാറിപ്പോയതാണെന്നും ശരിയായ പാസ്‌പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും സുജിത്തിന് പിന്നീട് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ സംശയം തോന്നിയ സുജിത്ത് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ച് വിതരണം ചെയ്യുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കണ്ണൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ രാജീവ് എന്നയാളിന് വ്യാജപാസ്‌പോര്‍ട്ട് നല്‍കിയത് സുജിത്തിന്റെ പാസ്‌പോര്‍ട്ടില്‍ തിരിമറി നടത്തിയായിരുന്നു. പോലീസ് ക്ലിയറന്‍സ് ലഭിച്ച സുജിത്തിന്റെ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ രാജീവിന്റെ ഫോട്ടോ പതിച്ച് വ്യാജ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുകയായിരുന്നു. ഇതിന് പാസ്‌പോര്‍ട്ട് ഓഫീസിലെ ചില ജീവനക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കുറ്റവാളികള്‍ വ്യാജപാസ്‌പോര്‍ട്ട് വാങ്ങി രാജ്യംവിട്ടുപോയതായി പോലീസ് സംശയിക്കുന്നു.

പാവപ്പെട്ട തൊഴില്‍ രഹിതരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ചെറുപ്പക്കാര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കുന്ന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഈ റാക്കറ്റില്‍ ട്രാവല്‍ ഏജന്റുമാരും പാസ്‌പോര്‍ട്ട് ഓഫീസിലെ ചില ജീവനക്കാരും കണ്ണികളാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട കേസുകളിലെ കുറ്റവാളികള്‍ ഇത്തരത്തില്‍ വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തിയിട്ടുണ്ടാകാമെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സത്യങ്ങള്‍ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. വ്യാജപാസ്‌പോര്‍ട്ട് ലഭിച്ച് കബളിപ്പിക്കപ്പെട്ട സുജിത്തിന് നിരവധി തവണ ഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്.

സുജിത്തിന്റെ പാസ്‌പോര്‍ട്ടില്‍ പതിച്ചിരുന്ന ഫോട്ടോ കണ്ണൂര്‍ സ്വദേശിയായ രാജീവിന്റേതാണെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. ഇതിന്റെ സത്യാവസ്ഥ പോലീസ് അന്വേഷിച്ചുവരികയാണ്. വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ച് വിതരണം ചെയ്യുന്ന റാക്കറ്റില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം, പാലോട് സിഐ ശ്യാംലാല്‍, പാലോട് എസ്‌ഐ ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Pasport, Police, case, Arrested.
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.