Latest News

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ്: എം.എല്‍.എമാരെ ചോദ്യം ചെയ്തു

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആക്രമിച്ച കേസിൽ എം. എൽ. എമാരായ സി.കൃഷ്ണനും കെ.കെ നാരായണനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ പത്തേകാലോടെയാണ് ജില്ലാപൊലീസ് ആസ്ഥാനത്ത് എം.എൽ.എമാർ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡിവൈ. എസ്. പി കെ. എസ് സുദർശന്റെ നേതൃത്വത്തിൽ എം. എൽ.എമാരെ ചോദ്യം ചെയ്തു.

നേരത്തെ ഏപ്രിൽ 27ന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അന്നേ ദിവസം ഹാജരാകാൻ അസൗകര്യമുണ്ടെന്ന് എം. എൽ.എമാർ രേഖാമൂലം മറുപടി നൽകിയിരുന്നു. ആവശ്യമെങ്കിൽ പിന്നൊരു ദിവസം ഹാജരാകാമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പ് എം. എൽ. എമാരുടെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു. പൊലീസ് വീണ്ടും നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് എം.എൽ.എമാർ എത്തിയത്.

കഴിഞ്ഞ ഒക്ടോബർ 27നാണ് കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു നേരെ കല്ലേറുണ്ടായത്.സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ സോളാർ സമരത്തിന്റെ പേരിൽ പ്രതിഷേധിക്കാനെത്തിയ എൽ. ഡി.എഫ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. മുഖ്യമന്ത്രി അക്രമിക്കപ്പെട്ട സമയത്ത് കളക്ടറേറ്റ് പരിസരത്തുണ്ടായ പ്രതിഷേധ സമരങ്ങളിൽ രണ്ടു എം. എൽ.എമാരുണ്ടായിരുന്നുവെന്ന വീഡിയോ ദൃശ്യമുളളതിനാലാണ് എം.എൽ.എമാരെ പ്രതിചേർത്തത്. അന്യായമായ സംഘം ചേരലാണ് കുറ്റമായി ചുമത്തിയിട്ടുളളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.