Latest News

രണ്ട് പിഞ്ചുമക്കളെ വിറ്റ പിതാവ് അറസ്റ്റില്‍; കുട്ടികളെ കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: ഒന്നര വയസ്സും ആറുമാസവും പ്രായമുള്ള രണ്ടു കുരുന്നുകളെ ഇടനിലക്കാര്‍ മുഖേന 3.25 ലക്ഷം രൂപയ്ക്കു വില്‍പ്പന നടത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് സൌത്തിലെ സുലൈമാനെ(48)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇടനിലക്കാരായ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലായതായും സൂചനയുണ്ട്. മംഗലാപുരത്തെ ഒരു അഭിഭാഷക മുഖേനയാണു കുട്ടികളെ വിറ്റതെന്നാണു പൊലീസിനു ലഭിച്ച വിവരം. പൊലീസ് മംഗലാപുരത്തെത്തിയെങ്കിലും കുട്ടികളെയും അഭിഭാഷകയെയും കണ്ടെത്താനായില്ല.

ഒരു വര്‍ഷം മുന്‍പാണു സംഭവം. സുലൈമാനു രണ്ടു ഭാര്യമാരിലായി 12 മക്കളുണ്ട്. ആദ്യഭാര്യയില്‍ ഒന്‍പതും രണ്ടാമത്തെ ഭാര്യയില്‍ മൂന്നും. രണ്ടാമത്തെ ഭാര്യയുടെ ഇളയ മക്കളെയാണു വിറ്റത്. ഒന്നര വയസ്സുള്ള പെണ്‍കുട്ടിയെ 1.75 ലക്ഷം രൂപയ്ക്കും ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 1.5 ലക്ഷം രൂപയ്ക്കുമാണ് വില്‍പ്പന നടത്തിയതെന്നു പൊലീസ് പറയുന്നു. 

സുലൈമാന്‍ ഇടനിലക്കാരുടെ സഹായത്തോടെ മംഗലാപുരത്ത് കുട്ടികളെ രണ്ടു കുടുംബങ്ങള്‍ക്കായി കൈമാറുകയായിരുന്നു. കുട്ടികളെ കൈമാറിയതിന് അഭിഭാഷക 25000 രൂപയും ഇടനിലക്കാരായി നിന്ന രണ്ടു പേര്‍ 7500 രൂപയും പ്രതിഫലം കൈപ്പറ്റിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

സുലൈമാന്‍ ആദ്യഭാര്യയോടൊപ്പമാണ് താമസം. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ സൂചനകളെത്തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കൂലിപ്പണിക്കാരനായ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ കുട്ടികളെ വളര്‍ത്താന്‍ കൈമാറുകയായിരുന്നുവെന്നാണ് സുലൈമാന്‍ പൊലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ കുട്ടികളുടെ മാതാവിനെയും പൊലീസ് തിരയുന്നുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി എന്‍. പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് അഡീഷനല്‍ എസ്ഐ കെ.വി. സുരേന്ദ്രനാണു കേസന്വേഷണച്ചുമതല. അറസ്റ്റിലായ സുലൈമാനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.