Latest News

തമിഴ് ബ്ലേഡ്സംഘങ്ങള്‍ മലയോരത്തു നിന്നു മുങ്ങി

കാഞ്ഞങ്ങാട്: ബ്ളേഡ് സംഘങ്ങള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടപടി ശക്തമാക്കിയതോടെ പണം പലിശയ്ക്കു നല്‍കിവന്നിരുന്ന തമിഴ് സംഘങ്ങള്‍ മലയോരത്തു നിന്നു മുങ്ങി. തളിപ്പറമ്പ്, കാഞ്ഞങ്ങാട് തുടങ്ങിയ ടൌണുകള്‍ കേന്ദ്രീകരിച്ച്പ്രവര്‍ത്തിച്ചു വന്നിരുന്ന തമിഴ്നാട്ടില്‍ നിന്നുമുള്ള ബ്ളേഡ് സംഘമാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോരം താവളമാക്കി പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്തു രഹസ്യമായി നടത്തിവന്നിരുന്ന ഇടപാടുകള്‍ പിന്നീട് വാഹനവുമായി വന്ന് ആവശ്യക്കാരെ കണ്ടെത്തി പലിശയ്ക്കു പണം നല്‍കുകയാണ് ചെയ്തിരുന്നത്.

ആദ്യം ചെറിയ തുക മാത്രം നല്‍കി ഇടപാടുകാരുടെ സ്വഭാവം മനസ്സിലാക്കിയ ശേഷമാണ് വന്‍ തുക വായ്പയായി നല്‍കുന്നത്. ആഴ്ചയില്‍ ഒരു തവണയാണ് പണം പിരിച്ചെടുക്കാനെത്തുന്നത്. എന്നാല്‍ അമിതപലിശ ഈടാക്കുന്ന ബ്ളേഡ് സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് തമിഴ്നാട്ടില്‍ നിന്നുമുള്ള ബ്ളേഡ് സംഘങ്ങള്‍ മുങ്ങിയത്. പണം പലിശയ്ക്കു വാങ്ങിയ ചില വിരുതന്‍മാര്‍ ബ്ളേഡ് സംഘമെന്നു പറഞ്ഞു വിരട്ടാന്‍ തുടങ്ങിയതും നാടു വിടുന്നതിനു കാരണമായി. വീട്ടമ്മമാര്‍ക്കാണ് തമിഴ് സംഘങ്ങള്‍ പലിശയ്ക്കു പണം നല്‍കുന്നത്. തിരിച്ചുകൊടുക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നിലെന്നു പറയപ്പെടുന്നു.

ഓരോ ദിവസവും ഓരോ പ്രദേശത്തായിരിക്കും പിരിവു നടത്തുക. ഒരാഴ്ച വീഴ്ചവരുത്തിയാല്‍ സംഘം തിരിച്ചുപോകുമെങ്കിലും മൂന്നു പ്രാവശ്യം തുടര്‍ച്ചയായി

പണമടവ് മുടങ്ങിയാല്‍ ഇവര്‍ പ്രതികരിച്ചു തുടങ്ങും. തമിഴ്നാട്ടിലെ ചില വന്‍കിടക്കാരില്‍ നിന്നു നാമമാത്രമായ പലിശയ്ക്കു പണം വാങ്ങി കേരളത്തിലെത്തിച്ചു വന്‍ പലിശയ്ക്കു വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനിടെ ഈസ്റ്റ് എളേരി പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്ളേഡ് സംഘം ചെറുപുഴ ടൌണില്‍ മാത്രം ലക്ഷക്കണക്കിനു രൂപയാണ് പലിശയ്ക്കു നല്‍കിയത്.

ഈ സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയതോടെ സൊസൈറ്റികളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും പണം പിരിക്കുന്നവരെ ഉപയോഗിച്ചുള്ള പണപ്പിരിവാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനം മൂലം ധനകാര്യസ്ഥാപനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.