Latest News

മാവുങ്കാലിലെ ക്ഷേത്ര പുരോഹിതനെയെയും ഭാര്യയെയും കബളിപ്പിച്ച് മംഗലാപുരത്ത് നിന്ന് സ്വര്‍ണ്ണം തട്ടി

മാവുങ്കാല്‍: മംഗലാപുരത്ത് മാവുങ്കാലിലെ ക്ഷേത്രപുരോഹിതനെയും ഭാര്യയെയും കബിളിപ്പിച്ച് സ്വര്‍ണ്ണം തട്ടിയെടുത്തു. മാവുങ്കാല്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തിലെ പുരോഹിതനായ വേണുഗോപാലും ഭാര്യ രോഹിണിയുമാണ് തട്ടിപ്പിനിരയായത്.

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സനടത്താന്‍ മംഗലാപുരത്തെത്തിയ വേണുഗോപാലിനെയും ഭാര്യയെയും മൂലക്കണ്ടത്തെ പച്ചക്കറി വ്യാപാരിയുടെ മകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ സമീപിക്കുകയും തുടര്‍ന്ന് ഹോട്ടലില്‍ കയറി മൂന്നുപേരും ചായകുടിക്കുകയും ചെയ്തു.
വേണുഗോപാലിന്റെ അസുഖത്തെ കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും ചോദിച്ച് മനസിലാക്കിയ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ തനിക്ക് പരിചയമുള്ള അറബിയുണ്ടെന്നും അദ്ദേഹം സാമ്പത്തിക സഹായം നല്‍കുമെന്നും ദമ്പതികളെ അറിയിച്ചു. പാവങ്ങളെ സഹായിക്കുന്ന ഉദാരമതിയാണ് അറബിയെന്നും യുവാവ് വിശദീകരിച്ചു. 

തുടര്‍ന്ന് യുവാവ് അറബിയെ കാണാന്‍ ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞ് വേണുഗോപാലിനെ ഓട്ടോറിക്ഷയില്‍ കയറ്റി. രോഹിണിയോട് ടൗണില്‍ തന്നെ നില്‍ക്കണമെന്നും ഇപ്പോള്‍ വരാമെന്നും പറഞ്ഞാണ് യുവാവ് വേണുഗോപാലിനെ ഓട്ടോയില്‍ കൊണ്ടുപോയത്. ആശുപത്രിക്ക് മുന്നില്‍ ഓട്ടോ നിര്‍ത്തിയ ശേഷം അറബിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇപ്പോള്‍ തിരിച്ചുവരാമെന്നും അതുവരെ ഇവിടെത്തന്നെ നില്‍ക്കണമെന്നും വേണുഗോപാലിനെ അറിയിച്ച ശേഷം യുവാവ് ആശുപത്രിക്കകത്തേക്ക് പോയി.
എന്നാല്‍ ഏറെനേരം വേണുഗോപാല്‍ കാത്ത് നിന്നിട്ടും യുവാവ് ആശുപത്രിയില്‍ നിന്നും തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് വേണുഗോപാല്‍ ആശുപത്രിക്കകത്തേക്ക് യുവാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതേ സമയം യുവാവ് തന്ത്രപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് മുങ്ങി നേരെയെത്തിയത് വേണുഗോപാലിന്റെ ഭാര്യ രോഹിണിയുടെ സമീപത്തേക്കാണ്.
വേണുഗോപാലിന്റെ ചികിത്സക്കായി പത്ത് പവന്‍ സ്വര്‍ണ്ണം അറബി വേണുഗോപാലിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ആള്‍ ഉടന്‍ തന്നെ ഇവിടെ എത്തുമെന്നും മറ്റൊരാള്‍ക്കുകൂടി സഹായം നല്‍കേണ്ടതിനാല്‍ കുറച്ച് സ്വര്‍ണ്ണം ആവശ്യമാണെന്നും ഈ സാഹചര്യത്തില്‍ രോഹിണിയുടെ കഴുത്തിലുള്ള ഒന്നേകാല്‍ പവന്റെ താലിമാല ഊരിവാങ്ങാന്‍ വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കി. 

ഇതേ തുടര്‍ന്ന് രോഹിണി താലിമാല യുവാവിന് നല്‍കി. വീണ്ടും കാണാമെന്ന് പറഞ്ഞ് യുവാവ് മാലയുമായി സ്ഥലം വിടുകയും ചോയ്തു. അല്‍പ്പനേരം കഴിഞ്ഞ് മംഗലാപുരം ടൗണില്‍ തിരിച്ചെത്തിയ വേണുഗോപാല്‍ അറബിയെ കാണിക്കാന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയ യുവാവിനെ എവിടെയും കാണുന്നില്ലെന്ന് ഭാര്യയെ അറിയിച്ചു. ഇതോടെയാണ് തങ്ങള്‍ കബിളിക്കപ്പെട്ടതായി ദമ്പതികള്‍ക്ക് ബോധ്യപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.