Latest News

മാതാപിതാക്കള്‍ വിറ്റ പിഞ്ചുമക്കളില്‍ പെണ്‍കുട്ടിയെ സൂറത്ത് കല്ലില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: മൂന്നേകാല്‍ ലക്ഷം രൂപക്ക് മാതാപിതാക്കള്‍ ഇടനിലക്കാര്‍ വഴി വിറ്റ രണ്ടുമക്കളില്‍ ഒരാളെ കണ്ടെത്തി. കര്‍ണ്ണാടക സൂറത്ത്കല്ലിലെ വ്യാപാരി സുബ്രഹ്മണ്യന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ രണ്ടര വയസ്സുള്ള പെണ്‍കുട്ടി.

ഇതേ തുടര്‍ന്ന് സൂറത്ത്കല്ലിലെത്തിയ പോലീസ് സംഘം കുട്ടിയെയും സുബ്രഹ്മണ്യനെയും ഭാര്യയെയും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് മൊഴി ശേഖരിച്ച് വിട്ടയച്ചു. കുട്ടിയെ കണ്ടെത്തിയ വിവരം ഹൊസ്ദുര്‍ഗ് പോലീസ് കാസര്‍കോട് ശിശുക്ഷേമ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനി അനന്തര നടപടികള്‍ സ്വീകരിക്കേണ്ടത് ശിശുക്ഷേമ സമിതിയാണ്.

പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സുബ്രഹ്മണ്യന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സമിതിയംഗങ്ങള്‍ യോഗം ചേര്‍ന്ന് സുബ്രഹ്മണ്യനോടും ഭാര്യയോടും കുട്ടിയെ നിശ്ചിത ദിവസം സമിതി മുമ്പാകെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് അടുത്ത നടപടി.

കാഞ്ഞങ്ങാട് ഡി വൈ എസ് പി എന്‍ പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ കെ വി സുരേന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ രമേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കല്ലായി അബൂബക്കര്‍, ലക്ഷ്മി നാരായണന്‍, സുരേഷ് തുടങ്ങിയവരടങ്ങുന്ന അന്വേഷണ സംഘം ചൊവ്വാഴ്ച മംഗലാപുരത്തെ വിവിധ കോടതികളിലും പരിസര പ്രദേശങ്ങളിലും കാര്‍സ്ട്രീറ്റിലും ഉറുവയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി സുബ്രഹ്മണ്യന്റെ വീട്ടില്‍ കഴിയുന്നതായി കണ്ടെത്തിയത്.

പ്രസീത എന്നാണ് കുട്ടിക്ക് സുബ്രഹ്മണ്യനും ഭാര്യയും പേരിട്ടത്. ഈ ദമ്പതികള്‍ക്ക് മക്കളില്ല. പിഞ്ചുമക്കളെ വില്‍പ്പന നടത്തിയ കേസില്‍ പോലീസ് അന്വേഷിച്ച് വരുന്ന മംഗലാപുരത്തെ അഭിഭാഷക ആശാലത രണ്ട് ലക്ഷം രൂപക്കാണ് ഈ പെണ്‍കുട്ടിയെ രണ്ട് വര്‍ഷം മുമ്പ് സുബ്രഹ്മണ്യന് കൈമാറിയത്.

ആശാലത പെണ്‍കുട്ടിയുടെ പിതാവ് കുശാല്‍നഗര്‍ നൗഷാദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി എം സുലൈമാന് 1.50 ലക്ഷം രൂപയാണ് നല്‍കിയത്. ഈ തുകയില്‍ നിന്ന് പത്തായിരം രൂപ വീതം ഇടനിലക്കാരായ പടന്നക്കാട് തട്ടുകട നടത്തുന്ന കൊളവയലിലെ പി റഷീദ്(32), ഇരിയയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന കുന്താപുരം സ്വദേശി എം ബഷീര്‍(32), അജാനൂര്‍ ഇഖ്ബാല്‍ ഗേറ്റിനടുത്ത് താമസിക്കുന്ന ഉപ്പേരി മൊയ്തീന്‍ എന്ന ടി കെ മൊയ്തു(55)എന്നിവര്‍ക്ക് സുലൈമാന്‍ നല്‍കിയിരുന്നു.

അഭിഭാഷകയും കമ്മീഷനായി സുലൈമാനില്‍ നിന്ന് കാല്‍ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പെണ്‍കുട്ടിയെ വിറ്റ ഇടപാടില്‍ അഭിഭാഷകക്ക് കിട്ടിയത് അരലക്ഷം രൂപയുടെ ലാഭമാണ്. മക്കളില്‍ ആണ്‍കുട്ടി എവിടെയാണെന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇപ്പോഴുമില്ല. അഡ്വ. ആശാലതയെ അന്വേഷിച്ച് ഹൊസ്ദുര്‍ഗ് പോലീസ് നിരന്തരം മംഗലാപുരത്തെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു യുവ അഭിഭാഷകനാണ് സൂറത്ത്കല്ലിലെ വ്യാപാരിയുടെ സംരക്ഷണത്തില്‍ ഒരു പെണ്‍കുട്ടി ഉള്ളതായി പോലീസിന് സൂചന നല്‍കിയത്.

അഡ്വ. ആശാലത ഇപ്പോഴും മുങ്ങി നടക്കുകയാണ്. ആണ്‍കുട്ടിയെ കുറിച്ച് യാതൊരു സൂചനയും ഇല്ല. എങ്കിലും അന്വേഷണം സജ്ജീവമായി തുടര്‍ന്ന് വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.