Latest News

കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹര വര്‍മ സുകുമാര കുറുപ്പോ? പോലീസ് ഡിഎന്‍എ ടെസ്റ്റിനൊരുങ്ങുന്നു

തിരുവനന്തപുരം: കേരള പോലീസിന്റെ തീരാകളങ്കമായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന് വേണ്ടി വീണ്ടും ഒരന്വേഷണത്തിന് കളമൊരുങ്ങുന്നു. കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹര വര്‍മ സുകുമാര കുറുപ്പാണോ എന്ന സംശയമാണ് പുതിയ അന്വേഷണത്തിന് പിറകില്‍.

ഹരിഹരവര്‍മ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വര്‍മ സുകുമാര കുറുപ്പാണോയെന്ന് പരിശോധിക്കാനായി സുകുമാരക്കുറുപ്പിന്റെ ബന്ധുക്കള്‍ക്ക് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് ആലോചിക്കുന്നതായാണ് വിവരം.

സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. വര്‍മ പരിചയപ്പെടുന്ന മിക്കവരോടും മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്ന് പരിചയപ്പെടുത്താറുണ്ട്. കുറുപ്പാണോയെന്ന പോലീസിന്റെ സംശയത്തിന് ഒരു കാരണമിതാണ്. രൂപവും ഭാവവും അടിക്കടി മാറുന്ന തന്ത്രശാലിയായിരുന്നു കുറുപ്പ്.

വര്‍മയുടേതെന്ന് കരുതിയ എല്ലാ തിരിച്ചറിയല്‍ രേഖകളും അന്വേഷണത്തില്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാലക്കാട്ടും തിരുവനന്തപുരത്തുമായി രണ്ട് ഭാര്യമാര്‍. ഇരുവര്‍ക്കും താമസിക്കാന്‍ കോടികള്‍ വിലമതിക്കുന്ന രമ്യഹര്‍മ്മങ്ങള്‍.

ഉന്നത റിയല്‍ എസ്‌റ്റേറ്റ് മാഫിയയിലെ കണ്ണി. കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലയുള്ള വസ്തുക്കള്‍, കൈവശം 3647 രത്‌നങ്ങള്‍ ഇതൊക്കെയായിരുന്നു വര്‍മ.

കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ് ക്ലബ്ബിനടുത്തെ വ്യാജവിലാസം ഉപയോഗിച്ചാണ് വര്‍മ പാസ്‌പോര്‍ട്ട് എടുത്തിരുന്നത്. ഇതേ വ്യാജവിലാസം ഉപയോഗിച്ച് പാലക്കാട്ടുനിന്ന് ഗിരിജാമേനോനെയും തിരുവനന്തപുരത്ത് സെയില്‍ടാക്‌സിലെ ഉന്നത ഉദ്യോഗസ്ഥയായ വിമലാദേവിയെയും വിവാഹംകഴിച്ചത്.

ഉന്നത പോലീസ് സംഘം രാപ്പകലില്ലാതെ കഷ്ടപ്പെട്ടിട്ടും ഒരു വ്യക്തിയുടെ പ്രാഥമിക വിവരങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അയാള്‍ എത്രത്തോളം സമര്‍ത്ഥനായ തട്ടിപ്പുകാരനാണെന്ന് വ്യക്തമാക്കുന്നു. ഹരിഹരവര്‍മ കൊലപാതകക്കേസില്‍ ശിക്ഷ വിധിച്ചെങ്കിലും ഇയാള്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുക തന്നെയാണ്.

keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Harihara Varma, Sukumara Kurup, Police, DNA.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.