Latest News

പോലീസ് പിടികൂടി ജാമ്യത്തില്‍ വിട്ട യുവാവ് കുഴഞ്ഞുവീണു മരിച്ചു

മൂവാറ്റുപുഴ:  പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യം നല്‍കി വിട്ടയച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. കസ്റ്റഡിയില്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതാണ് മരണകാരണം എന്ന് ആരോപിച്ച് ബന്ധുക്കള്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി. കല്ലൂര്‍ക്കാട് പോലീസ്  കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച പിണക്കാട്ടുപറമ്പില്‍ ബിജോയി വര്‍ഗീസ് (38) ആണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്.

മദ്യപിച്ചു വാഹനമോടിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ 24ന് ബിജോയിയെ പോലീസ്  കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ചപ്പോള്‍ സുഹൃത്തിന്റെ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയെന്ന പരാതിയിലും ബിജോയിക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ ഇയാള്‍ കല്ലൂര്‍ക്കാട് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. 25ന് കോടതിയില്‍ ഹാജരാക്കിയ ബിജോയിയെ ജാമ്യത്തില്‍ വിട്ടയച്ചുവെങ്കിലും നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

കൊടിയ മര്‍ദനമായിരുന്നുവെന്നും 10 ദിവസത്തില്‍ കൂടുതല്‍ തനിക്ക് ആയുസുണ്ടാകില്ലെന്നും ബിജോയി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ സമീപത്തുള്ള വീട്ടില്‍ പെയിന്റിങ് ജോലിക്കിടെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ദേഹത്ത് മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

അതേസമയം ഇങ്ങനെയൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നായിരുന്നു ആദ്യം പോലീസ്  പറഞ്ഞത്. പിന്നീട് മദ്യപിച്ച് വാഹനമോടിച്ചതിന് ബിജോയിയെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഉടനെ തന്നെ വിട്ടുവെന്ന് പൊലീസ് തിരുത്തി. ബിജോയിയുടെ മരണശേഷം മൃതദേഹ പരിശോധനയ്ക്കെത്തിയ പോലീസും നാട്ടുകാരുമായി തര്‍ക്കമുണ്ടായി. 

പോലീസ്  മര്‍ദനമാണ് മരണകാരണം എന്നാരോപിച്ചാണു നാട്ടുകാരും ബന്ധുക്കളും പോലീസിനെ തടഞ്ഞത്. തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. റിയയാണ് ബിജോയിയുടെ ഭാര്യ. ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.