Latest News

അഞ്ചംഗകുടുംബത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു...

പേരൂര്‍ക്കട: കിഴക്കേമുക്കോല ശിവജിനഗര്‍ ശ്രീസായിയിലെ അഞ്ചംഗകുടുംബത്തിന്റെ കൂട്ടആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇനിയും ബാക്കിയാകുന്നു. മനോഹരന്‍ ആശാരി (67), ഭാര്യ മഹേശ്വരി (62), മക്കള്‍ ബിജു (36), സജു (34), ബിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദു (28) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിജു വരുത്തിവച്ച കടബാദ്ധ്യതമൂലം ജീവിക്കാനാകുന്നില്ലെന്ന് മനോഹരന്‍ ആശാരി തൊട്ടടുത്ത വീട്ടുടമസ്ഥനോടു പറഞ്ഞിരുന്നു. മരണം നടക്കുന്നതിന് തലേദിവസമായിരുന്നു ഇത്. അന്നാണ് പിടിയിലായ പ്രതികളിലൊരാളായ ശ്രീകുമാര്‍ ആശാരിയുടെ വീട്ടിത്തെി പണമാവശ്യപ്പെട്ട് ഭീഷണി മുഴക്കുന്നത്.

കിഴക്കേമുക്കോലയിലെ വീടുവച്ചിട്ട് മൂന്നുവര്‍ഷത്തിലേറെയായി. അന്നുമുതല്‍ കുടുംബത്തിന് കടബാദ്ധ്യതയുണ്ട്. എന്നാല്‍ തലേന്നാള്‍വരെ സന്തോഷപൂര്‍വ്വം കഴിഞ്ഞിരുന്ന കുടുംബം തൊട്ടടുത്ത ദിവസം ആത്മഹത്യചെയ്തത് എന്തുകൊണ്ട് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. മനോഹരന്‍ ആശാരിയെയും സജുവിനെയും സോഫയിലും ബിജു, കൃഷ്‌ണേന്ദു എന്നിവരെ ബെഡ്‌റൂമിനുള്ളിലും മഹേശ്വരിയെ അടുക്കളയിലുമാണ് മരിച്ചനിലയില്‍ കാണുന്നത്. കുടുംബം വരുത്തിവച്ച ഇത്രയും ഭീമമായ കടബാദ്ധ്യതയെക്കുറിച്ച് സമീപവാസികള്‍ക്ക് അറിയില്ലായിരുന്നു. മരണത്തിന് തൊട്ടടുത്ത ദിവസംവരെ മനോഹരന്‍ ആശാരി സാമ്പത്തികമായി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. മരണം നടക്കുന്ന ദിവസം സജുവാണ് ഏറ്റവും ഒടുവില്‍ വാഹനവുമെടുത്ത് പുറത്തുപോയി വന്നത്. വീടിനുള്ളില്‍ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു യന്ത്രവും സി.ഡികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സി.ഡിയില്‍ ഒരു സ്വാമിയുടെ പൂജാവിധികള്‍ വിവരിക്കുന്ന മണിക്കൂറുകള്‍ നീളുന്ന ദൃശ്യങ്ങളാണ് ഉള്ളത്. കുടുംബം സ്വാമിയുടെ കടുത്ത ആരാധകരായിരുന്നുവെന്നും ആഴ്ചകള്‍തോറും തമിഴ്‌നാട്ടിലെ ആത്മീയ കേന്ദ്രത്തില്‍ എത്താറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. വീടിന്റെ ദോഷങ്ങള്‍ മാറുന്നതിനും സാമ്പത്തികമായി ഉന്നതിയെ പ്രാപിക്കുന്നതിനും നിരവധി കാര്യങ്ങള്‍ ഇവര്‍ ചെയ്തിരുന്നതായാണ് പോലീസ് പറയുന്നത്.

ഇത് ആരെങ്കിലും മുതലെടുത്തിട്ടുണ്ടോയെന്നതിനെക്കുറിച്ച് അറിവില്ല. അതേസമയം കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബവുമായി ബന്ധമുണ്ടെന്നു കരുതുന്ന കൂടുതല്‍ ബ്ലേഡ്മാഫിയാ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും അന്വേഷണച്ചുമതലയുള്ള കന്റോണ്‍മെന്റ് എ.സി സെയ്ഫുദ്ദീന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Blade Mafiya, Family, Suicide.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.