Latest News

മന്‍മോഹന്‍സിങ്ങിന് നല്‍കിയ വിരുന്നില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കാത്തതില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി നല്‍കിയ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കാത്തതില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു.

രാഹുല്‍ വിദേശത്തേക്ക് പോകുംമുമ്പ് മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നുവെന്നുപറഞ്ഞ് കോണ്‍ഗ്രസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലകോണുകളില്‍നിന്നും ആരോപണങ്ങള്‍ തുടരുകയാണ്. ബി.ജെ.പി., ശിവസേന, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയുടെ നേതാക്കളെല്ലാം രാഹുലിനെതിരെ രംഗത്തെത്തി.

എങ്ങനെയാണ് മന്‍മോഹന്‍സിങ്ങിനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്തതെന്ന് രാജ്യം മുഴുവന്‍ അറിയാമെന്ന് ബി.ജെ.പി. നേതാവ് ക്യാപ്റ്റന്‍ അഭിമന്യു സിങ് പറഞ്ഞു. പത്തുവര്‍ഷം രാജ്യം ഭരിച്ച മന്‍മോഹന്‍ മാന്യമായ യാത്രയയപ്പ് അര്‍ഹിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി തീര്‍ച്ചയായും പങ്കെടുക്കണമായിരുന്നു- സിങ് പറഞ്ഞു.

ശിവസേനയാണ് രാഹുലിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ വിദേശിയാണെന്നും അവധിക്കുവേണ്ടിയാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും പാര്‍ട്ടി വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു. അവധി കഴിഞ്ഞാല്‍ രാഹുല്‍ വിദേശത്തെ വീട്ടിലേക്ക് മടങ്ങുകയുംചെയ്യും. പത്തുവര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയുടെ യാത്രയയപ്പിന് ചെലവഴിക്കാന്‍ സമയമില്ലാത്തയാള്‍ക്ക് രാജ്യത്തിനുവേണ്ടി എങ്ങനെ സമയം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള നിരാശ മറയ്ക്കാനായി വിദേശത്ത് രാഹുല്‍ ഗാന്ധി തയ്യാറെടുപ്പ് നടത്തുകയായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

അമ്മ സോണിയ ഗാന്ധി നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ രാഹുലിന് സമയമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് ബി.ജെ.പി. നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. സീതാറാം കേസരിയെ സോണിയ അപമാനിച്ചതുപോലെ മന്‍മോഹനെ രാഹുലും അവഹേളിച്ചെന്നാണ് ബി.ജെ.പി. നേതാവ് തരുണ്‍ വിജയ് പ്രതികരിച്ചത്.

രാഹുല്‍ പ്രധാനമന്ത്രിയെ അവഹേളിച്ചതായി സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ആരോപിച്ചു. രാജ്യത്തേക്കാള്‍ വലുതാണ് താനെന്നാണ് രാഹുല്‍ കരുതുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വംനല്‍കിയിട്ടും രാഹുല്‍ ഗാന്ധിക്ക് പക്വത കൈവന്നിട്ടില്ലെന്നായിരുന്നു എ.എ.പി. നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അശുതോഷിന്റെ പ്രതികരണം.

മൂന്നുമാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷമാണ് രണ്ടുദിവസത്തേക്ക് രാഹുല്‍ ഗാന്ധി നഗരം വിട്ടതെന്നും അദ്ദേഹം വ്യാഴാഴ്ച തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. അത്താഴവിരുന്നില്‍ രാഹുല്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം നേരത്തേ അറിയാമായിരുന്നെങ്കില്‍ ചടങ്ങിനുമുമ്പ് ഇക്കാര്യം പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിക്കേണ്ടതായിരുന്നുവെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

ബുധനാഴ്ചയാണ് സോണിയ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥില്‍ പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് നല്‍കിയത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഒപ്പുവെച്ച ഉപഹാരം മന്‍മോഹന് കൈമാറി. ചടങ്ങ് പുരോഗമിക്കവെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം മാധ്യമപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് നേതാക്കളെയും അത്ഭുതപ്പെടുത്തി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ വിദേശത്ത് പോയതാണ് കാരണം.

എന്നാല്‍, ഇതുസംബന്ധിച്ച് രാഹുലിന്റെ ഓഫീസ് പ്രസ്താവനയിറക്കി. ശനിയാഴ്ച മന്‍മോഹന്‍സിങ്ങിനെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹത്തിന് നന്ദിപറഞ്ഞശേഷമാണ് നഗരം വിട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Manmohan singh, Rahul Gandhi, Delhi.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.