Latest News

സൃഷ്ടാവിന്റെ വിധി വിലക്കുകള്‍ അനുസരിക്കാത്തവര്‍ സൃഷ്ടികള്‍ ഇറക്കുന്ന സര്‍ക്കുലറുകള്‍ പാലിക്കുമോ?

സാമൂഹ്യ തിന്മയും സര്‍വ്വനാശവും സാമൂഹ്യ വിപത്തും വരുത്തി വെക്കുന്ന മദ്യപാനശീലവും മദ്യം വിളമ്പല്‍ സംസ്‌കാരത്തിനും മയക്കുമരുന്ന ഉപയോഗത്തിനും വിവാഹധൂര്‍ത്തിനും സ്ത്രീധനത്തിനുമെതിരെ ശക്തമായി തന്നെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന് യുവജന പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്.

വിവാഹ ധൂര്‍ത്തിനും വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന അനിസ്ലാമികവും അനാചാരവുമായ പ്രവണതകള്‍ക്കെതിരെ ഇടയ്ക്കിടെ സംയുക്ത ജമാഅത്ത് പോലെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് സര്‍ക്കുലറുകള്‍ ഇറക്കാറുണ്ടെങ്കിലും അപ്രായോഗികമായി തീരുമ്പോള്‍ സംയുക്ത ജമാഅത്തിനും മഹല്ല് ജമാഅത്ത് കമ്മിറ്റിക്കും ഇമാമുകള്‍ക്കും ഖത്തീബുമാര്‍ക്കും സര്‍ക്കുലറുകള്‍ നടപ്പിലാക്കാന്‍ ഇച്ഛാശക്തിയില്ലായെന്ന് പറഞ്ഞ് കൊണ്ട് ആക്ഷേപിക്കുകയും ആരോപിക്കുകയും ചെയ്യുന്നത് ചിലരില്‍ കൂടി നാം കാണാറും കേള്‍ക്കാറുമുണ്ട്.
എന്നാല്‍ വിവേകവും അടിയുറച്ച വിശ്വാസവുമുള്ള യഥാര്‍ത്ഥ സത്യവിശ്വാസിക്കും സാമൂഹ്യബോധമുള്ളവനും അവനവന്‍ നിലകൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ വിശ്വാസവും ആദര്‍ശവും ആശയവും വിധിവിലക്കുകളും മാത്രം അനുസരിച്ച് ജീവിക്കുന്നവനാണെങ്കില്‍ മേല്‍ വിവരിച്ച കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ആവശ്യമായി വരുന്നില്ലായെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സൃഷ്ടാവിന്റെ (പരിശുദ്ധ ഖുര്‍ആനിലുള്ള വിധിവിലക്കുകളും) പ്രവാചക വചനങ്ങളും ജീവിതചര്യകളും മാതൃകയായി സ്വീകരിക്കാതെ അതൊക്കെ പുച്ഛമായി സ്വീകരിക്കുന്നവന് മറ്റേത് സര്‍ക്കുലറുകളും സ്വീകരിക്കുമെന്ന് നാം കരുതുകയും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതില്ല.
ജനാധിപത്യ രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രം വലുതായി കാണുകയും സൃഷ്ടാവിന്റെ മതവിധി വിലക്കുകളെ തള്ളിക്കളയുകയും സാമൂഹ്യ നിയമവും ഇഹപര ശിക്ഷയും അവരവര്‍ ചെയ്യുന്ന തെറ്റും സ്വയം തിരിച്ചറിയട്ടെ.
വിവാഹ സല്‍ക്കാരങ്ങളിലും വിരുന്നുകളിലേക്കും അതിഥികളെ ക്ഷണിച്ച് വരുത്തിക്കൊണ്ട് അഭയാര്‍ത്ഥി ക്യാമ്പിലും സര്‍ക്കാര്‍ ഹോസ്പിറ്റലിലും ജയിലുകളിലും അനാഥാലയങ്ങളിലും മറ്റും ഭക്ഷണം വിളമ്പിക്കൊടുക്കുന്ന രീതിയും സല്‍ക്കാരത്തിലേക്കായി ക്ഷണിച്ച് വരുത്തിയവര്‍ ഭക്ഷണത്തിന് വേണ്ടി ക്യൂ നിന്ന് കൊണ്ട് അവരവര്‍ വിളമ്പിയെടുക്കുകയും മടിയില്‍ വെച്ചും നിന്നും കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്ന രീതിയും വര്‍ദ്ധിച്ച് വരുന്ന അനുകരണവും ഏത് സംസ്‌കാരമാണെന്ന് തിരിച്ചറിയാതെ പോകുന്നു.
പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് കൊണ്ടുള്ള ഭക്ഷണം വിളമ്പല്‍ രീതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് തനതായ ഭാരതീയ സംസ്‌കാരവും മതവിശ്വാസ സംസ്‌കാരവും അന്യമാക്കപ്പെടുകയാണ്.
അതിഥികളെ മാന്യമായി സ്വീകരിച്ച് കൊണ്ട് മേശയ്ക്ക് ചുറ്റും അല്ലാതെയും വട്ടത്തിലിരുത്തിക്കൊണ്ട് പരസ്പര സ്‌നേഹവും സൗഹൃദവും ഐക്യവും സാഹോദര്യവും ആശയവിനിമയവും നടത്തിക്കൊണ്ട് സാമൂഹ്യ ബന്ധം ഊട്ടി ഉറപ്പിക്കുന്ന രീതിയില്‍ ഭക്ഷണം കഴിച്ചിരുന്ന കാലത്തുള്ള രീതിയെ അന്യമാക്കിക്കൊണ്ടുള്ള പാശ്ചാത്ത്യ സംസ്‌കാരം ഭാരതീയരായ നാം സ്വീകരിക്കേണ്ടതുണ്ടോ?
സല്‍ക്കാരത്തിന് വിളമ്പുന്ന ഭക്ഷണ വിഭവങ്ങളാകട്ടെ ആരോഗ്യത്തിന് ഹാനികരവുമാകുന്നവയായി തീരുന്നു. കൃത്രിമ രുചികളുണ്ടാക്കുന്ന ചേരുവകളും അമിതമായ ഓയിലുകളും ഉപയോഗിച്ച് കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ അതിഥികളായി എത്തുന്നവരെ ഭക്ഷിപ്പിച്ച് കൊണ്ട് മറ്റൊരു സല്‍ക്കാരത്തിന് പങ്കെടുക്കാനുള്ള ആരോഗ്യം ഇല്ലാതാക്കുന്ന തരത്തിലായിത്തീരുന്നു. ഭക്ഷണം വിളമ്പുന്ന കാര്യത്തിലും ആരോഗ്യപരിരക്ഷാ കാര്യത്തിലും അശ്രദ്ധരാകുന്നതും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
പവിത്രമായ വൈവാഹിക ദിനത്തില്‍ ബന്ധുമിത്രാതികളുടെയും ഗുരുനാഥന്‍മാരുടെയും രക്ഷിതാക്കളുടെയും പ്രകൃതിയുടെയും സൃഷ്ടി കര്‍ത്താവിന്റെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ധന്യമാക്കേണ്ടുന്ന ഒന്നാണ് വിവാഹം - എന്നാല്‍ വിവാഹത്തോടനുബന്ധിച്ച് വരനെയും കൊണ്ട് പോകല്‍ ചടങ്ങ് എന്നിവയാകട്ടെ ഉല്‍സവക്കാഴ്ചയ്ക്ക് തുല്യമാക്കിക്കൊണ്ട് വരനെ ആനയിക്കുന്ന അവസ്ഥയും കാഴ്ചക്കാരായ സമൂഹത്തിന്റെ ശാപം ഏറ്റുവാങ്ങുന്ന തരത്തിലായിത്തീരുന്നത് തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടത് രക്ഷിതാക്കളുടെയും വിവേകമുള്ളവരുടെയും ബാദ്ധ്യതയാണ്.
വിവാഹ ദിവസം വരനെയും വധുവിനെയും റാഗിങ്ങ് ചെയ്യുന്നതും ചിലയിടങ്ങളില്‍ മണിയറയിലെ സാധനങ്ങള്‍ നശിപ്പിക്കുന്നതും വധൂവരന്‍മാരെയും വീട്ടുകാരെയും മാനസീകമായി പീഡിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. ധന്യമായിത്തീരേണ്ടുന്ന വിവാഹ മധുരസുദിനത്തെ കൈപ്പേറിയ ദിനമാക്കി തീര്‍ക്കുന്നത് തീര്‍ത്തും നാം ഒഴിവാക്കപ്പെടേണ്ടതുണ്ട്. ആത്മീയതിലും ഭൗതികമായും വിജ്ഞാനം നേടിക്കൊണ്ടിരിക്കുകയും ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ മൂല്യബോധവും വിവേകവും മതവിധി വിലക്കുകളും സാമൂഹ്യനിയമവും സാമൂഹ്യ പ്രതിബദ്ധതയും നഷ്ടപ്പെടാതെ നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

കെ.വി.ഇബ്രാഹിം മാണിക്കോത്ത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.