Latest News

സ്കൂളിലെ പ്രണയിനിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മധ്യവയസ്കന്റെ "ക്വട്ടേഷന്‍'

കോഴിക്കോട്: സ്കൂളില്‍ പഠിക്കുമ്പോഴുള്ള കാമുകിയുടെ ഭര്‍ത്താവായ അഭിഭാഷകനെ വധിക്കാന്‍ മധ്യവയസ്കന്‍ ക്വട്ടേഷന്‍ നല്‍കി. ക്വട്ടേഷന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കഥകള്‍. മുന്‍കാമുകിയുടെ ഭര്‍ത്താവായ അഭിഭാഷകനെ വധിക്കാന്‍ കാമുകന്‍ ഷംസുദ്ദീന്‍ ആദ്യം പ്രയോഗിച്ചത് ദുര്‍മന്ത്രവാദമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. ദുര്‍മന്ത്രവാദത്തിനും ക്വട്ടേഷനും നേതൃത്വം നല്‍കിയത് ഷംസുദ്ദീന്റെ വീട്ടിലെ ജോലിക്കാരിയായ രാധാമണിയായിരുന്നു. ക്വട്ടേഷന് പണം നല്‍കിയതാകട്ടെ ഷംസുദ്ദീന്റെപിതാവ് അബൂബക്കറും.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ കാമുകിയുടെ ഭര്‍ത്താവായ അഡ്വ.മുസ്തഫയെ വധിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇവര്‍ പോലുമറിയാതെ പോലീസ് ഇവരെ പിന്തുടര്‍ന്ന് വലിയിലാക്കുകയായിരുന്നു. ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആറു പ്രതികള്‍ തിങ്കളാഴ്ച പിടിയിലായത്. 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഷംസുദ്ദീന്‍ നല്‍കിയിരുന്നത്. ഷംസുദ്ദീന്‍ ഇപ്പോള്‍ കുവൈത്തിലാണുളളത്. ഇയാളെ പിടികൂടാന്‍ പോലീസ് ലൂക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയതായി അന്വേഷണസംഘം പറഞ്ഞു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് പാലത്തിനു സമീപത്തെ മുന്‍കാമുകിയുടെ ഭര്‍ത്താവ് അഡ്വ. മുസ്തഫയെ വധിക്കാന്‍ ക്വട്ടേഷന്‍ തുകയായ 25 ലക്ഷത്തില്‍ 10 ലക്ഷം ആദ്യം നല്‍കിയിരുന്നു.

ഷംസുദ്ദീന്റെ പിതാവ് കൊയിലാണ്ടി കൊല്ലം സ്വദേശി അബൂബക്കര്‍ രാധാമണിയൊടൊപ്പം ചേര്‍ന്ന് ഏല്‍പ്പിച്ചതാണ് ക്വട്ടേഷന്‍. മകന്റെ സന്തോഷമാണ് എന്റേതെന്ന് പറഞ്ഞാണ് പിതാവ് ഇവരോടൊപ്പം ചേര്‍ന്നത്. അഡ്വ.മുസ്തഫയുടെ ഭാര്യ മുമ്പ് ഷംസുദ്ദീന്റെ കാമുകിയായിരുന്നുവെന്നും ഇവരെ സ്വന്തമാക്കാനാണ് മുസ്തഫയെ ഇല്ലായ്മ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു. ഷംസുദ്ദീന് ഭാര്യയും മക്കളുമുണ്ടെങ്കിലും ഇവരുമായി അത്ര നല്ല അടുപ്പമല്ല ഇപ്പോഴുളളത്. ഇതുകൊണ്ടു തന്നെ മുസ്തഫയുടെ ഭാര്യയെ സ്വന്തമാക്കുകയെന്നതായിരുന്നു ഷംസുദ്ദീന്റെ ലക്ഷ്യം. ഷംസുദ്ദീന്റെ വീട്ടിലെ ജോലിക്കാരിയായിരുന്ന രാധാമണിയെയാണ് മുസ്തഫയെ ഇല്ലാതാക്കാനുളള കാര്യങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തിയിരുന്നത്. അവര്‍ ഭര്‍ത്താവ് നാരായണനെയും ഒപ്പം കൂട്ടി.

ആദ്യം ദുര്‍മന്ത്രവാദത്തിലൂടെ കൊലപ്പെടുത്താനായിരുന്നു നീക്കം നടന്നത്. ഇതിനായി രാധാമണി വയനാട്ടിലെ ചില ആദിവാസി ഊരുകളില്‍ പോയി മന്ത്രവാദികളെ കണ്ടു. ആഭിചാരക്രിയകള്‍ പലതും നടത്തി. എന്നിട്ടും മുസ്തഫ മരിച്ചില്ല. ദുര്‍മന്ത്രവാദം പരാജയപ്പെട്ടപ്പോഴാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. ഇതിനായാണ് താമരശേരി കന്നൂട്ടിപ്പാറ ഹരിദാസനെ ബന്ധപ്പെട്ടത്. ഹരിദാസനാണ് ബാലുശേരിയിലുള്ള ഉണ്ണിരാജനെയും ഇയാളുടെ മകനെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ഉണ്ണിരാജനും മകന്‍ പ്രജീഷുമാണ് മുസ്തഫയെ വധിക്കാമെന്നേറ്റത്.

ക്വട്ടേഷന്‍ സംഘത്തിന് ഷംസുദ്ദീന്റെ പിതാവ് അബൂബക്കറാണ് മുസ്തഫയുടെ ഫോട്ടോയും ക്വട്ടേഷന്‍ തുകയുടെ ആദ്യഗഡുവായ 10 ലക്ഷം രൂപയും നല്‍കിയത്. ഇയാള്‍ തന്നെ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് പാലത്തിനു സമീപത്തെ വീടും കാണിച്ചുകൊടുത്തിരുന്നു. കൂടാതെ മുസ്തഫ ഉപയോഗിക്കുന്ന കാറിന്റെ നമ്പറും പ്രതികള്‍ ശേഖരിച്ചിരുന്നു.എന്നാല്‍ രാധാമണിക്ക് കുവൈറ്റിലേക്ക് മടങ്ങിപ്പോകേണ്ട തിരക്കുമൂലമാണ് പദ്ധതി വൈകിയത്. സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ഏതു തരത്തിലാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയതെന്ന് കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂവെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഞായറാഴ്ച താമരശേരിയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ പ്രജീഷിനെയും ഉണ്ണിരാജനെയുമാണ് ആദ്യം പിടികൂടിയത്. വാഹനപരിശോധനക്കിടെയായിരുന്നു ഇവര്‍ പിടിയിലായത്. ഇവരെ പിടികൂടുമ്പോള്‍ ഒരു ലക്ഷം രൂപയും ഒരാളുടെ ഫോട്ടോയും കൈവശമുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികള്‍ കൂടി വലയിലായത്. ഷംസുദ്ദീനും മുസ്തഫയുടെ ഭാര്യയും മുന്‍പ് സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ചിരുന്നുവെന്നും പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്റെ കാമുകിയെ സ്വന്തമാക്കാന്‍ പണമാണ് ഷംസുദ്ദീന് തടസ്സമായത്. സാമ്പത്തികസ്ഥിതി മോശമായിരുന്ന ഷംസുദ്ദീന് വിവാഹം കഴിച്ചുകൊടുക്കാന്‍ പെണ്ണിന്റെ വീട്ടുകാര്‍ അനുവദിച്ചില്ല.

തുടര്‍ന്നാണ് മുസ്തഫയെ അവര്‍ വിവാഹം ചെയ്തത്. പിന്നീട് ഫെയ്‌സ്ബുക്ക് വഴിയാണ് കാമുകിയുമായുളള ഷംസുദ്ദീന്റെ ബന്ധം ദൃഢമായത്. ഇതോടെ ഷംസുദ്ദീന് മുന്‍കാമുകിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയിലെത്തുകയായിരുന്നു.വിദേശത്തും നാട്ടിലും ഷംസുദ്ദീന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു രാധാമണി. പഴയകാമുകിയുടെ കഥയും വേദനയും മനസിലാക്കി സഹായിക്കാനൊരുങ്ങുകയും തനിക്ക് കിട്ടുന്ന പണം കൊണ്ട് സുഖമായി ജീവിക്കാനായിരുന്നു രാധാമണിയും ഭര്‍ത്താവും തീരുമാനിച്ചിരുന്നത്. ഷംസുദ്ദീന്റെ ഭാര്യയായ അന്യമതക്കാരിയുമായ പൊരുത്തക്കേടുകളും മുന്‍കാമുകിക്ക് തുല്യം ആരുമാവില്ലെന്ന വേദനയും രാധാമണി തിരിച്ചറിഞ്ഞിരുന്നു. പഴയ കാമുകിയെ സ്വന്തമാക്കാന്‍ ഷംസുദ്ദിന് എല്ലാ ഒത്താശയും ചെയ്ത് ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു രാധാമണി.

എന്നാല്‍ മുസ്തഫയെ വധിക്കാന്‍ ഷംസുദ്ദീന്‍ പദ്ധതി തയ്യാറാക്കുന്നത് മുസ്തഫയുടെ ഭാര്യയ്ക്ക് അറിയില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതേസമയം തന്നെ കൊലപ്പെടുത്താനുളള 25ലക്ഷത്തിന്റെ ക്വട്ടേഷനോക്കുറിച്ചോ അവര്‍ പിന്തുടരുന്നതിനെക്കുറിച്ചോയെന്നും അഡ്വ.മുസ്തഫ അറിഞ്ഞിരുന്നില്ല.അതിനാല്‍ അദ്ദേഹം ഒരു പരാതിപോലും നല്‍കിയിരുന്നില്ല. താമരശേരി കന്നുകുട്ടിപ്പാറ രാധാമണി (50), ഇവരുടെ ഭര്‍ത്താവ് നാരായണന്‍ (54), കൊയിലാണ്ടി കൊല്ലം സ്വദേശി അബൂബക്കര്‍ (60), താമരശേരി കന്നൂട്ടിപ്പാറ ഹരിദാസന്‍ (48), കിനാലൂര്‍ ഉണ്ണിരാജന്‍, ഇവരുടെ മകന്‍ പ്രജീഷ് എന്നിവരാണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ എ വി ജോണ്‍, എസ് ഐ ബി കെ ബിജു,സീനിയര്‍ സിപിഒ ബാബു, സിപിഒമാരായ രണ്‍ധീര്‍,മുഹമ്മദ്ഷാഫി,എടി സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder Attempt, Police Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.