നീലേശ്വരം: നീലേശ്വരം പോലീസ് സ്റ്റേഷന് വിളിപ്പാടകലെ കരുവാച്ചേരി തോട്ടം പരിസരത്തെ മുന്‍ ഗള്‍ഫുകാരന്‍ കാത്തിം പറമ്പത്തിന്റെ വീട്ടുപറമ്പിലെ വിറകുപുരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന 113 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ ഇനിയും തുമ്പായില്ല. ഈ സംഭവത്തില്‍ ഏറെ ദുരൂഹതകളും അവ്യക്തതയും ഉണ്ടെന്ന് പോലീസ് പറയുന്നു.
കാത്തിമിന്റെ വീടിനടുത്തുള്ള വിറക് പുരയില്‍ ബാഗില്‍ സൂക്ഷിച്ച് ചാക്കില്‍ പൊതിഞ്ഞ് വിറകുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച 113 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് പരാതി. വിറക് പുരയുടെ രണ്ട് ജനല്‍ കമ്പികള്‍ വളച്ചുമാറ്റി അകത്ത് കടന്നാണ് കവര്‍ച്ച നടത്തിയതെന്ന് പറയപ്പെടുന്നതെങ്കിലും പോലീസ് അത് അപ്പാടെ വിശ്വസിക്കുന്നില്ല.
വളച്ചുമാറ്റിയ ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ അകത്ത് കയറാന്‍ സാധാരണ ഒരാള്‍ക്ക് കഴിയില്ലെന്ന് പോലീസ് സംശയിക്കുന്നു. വിറക് പുരയില്‍ വിലപ്പെട്ട എന്തോ സാധനമുണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞ ആരോ ആണ് ഈ കവര്‍ച്ചക്ക് പിന്നിലെന്ന ബലപ്പെട്ട സംശയമാണ് പോലീസിന് ഇപ്പോഴുള്ളത്.
വിറക് മോഷ്ടിക്കാന്‍ വിറക് പുരയിലേക്ക് ആരെങ്കിലും കയറുമെന്ന് ആരും വിശ്വസിക്കുന്നില്ല. അത് കൊണ്ടുതന്നെ സ്വര്‍ണ്ണം വിറക്പുരയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ആര്‍ക്കൊക്കെയോ അറിയാമെന്നാണ് പോലീസ് കരുതുന്നത്.
അന്വേഷണം ഇപ്പോള്‍ കാത്തിമിന്റെ വീടും വീട്ടുകാരുമായി ബന്ധമുള്ളവരിലേക്കാണ് നീങ്ങുന്നത്. ഈ വീടുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് കവര്‍ച്ചയെ കുറിച്ച് അറിയാമെന്ന് പോലീസ് വിശ്വസിക്കുന്നു. ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെയൊക്കെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി എന്‍ പ്രദീപ് കുമാര്‍ ഇത് സംബന്ധിച്ച് ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ ശേഖരിച്ച വിരലടയാളങ്ങള്‍ പതിവിന് വിപരീതമായി അത്യാധുനിക ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കാത്തിമിന്റെ ഭാര്യ മറിയംബിയുടെയും വിവാഹിതയായ മകള്‍ നദീറയുടെയും പേരക്കുട്ടിയുടെയും സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് കാത്തിം. തിങ്കളാഴ്ച വൈകിട്ട് കാത്തിമും കുടുംബവും വീട് പൂട്ടി തൈക്കടപ്പുറത്തെ തറവാട്ട് വീട്ടിലേക്ക് പോയിരുന്നു. രാത്രി 8 ന് ശേഷമാണ് തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ച നടന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ആഭരണങ്ങള്‍ വിറക് പുരയില്‍ സൂക്ഷിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment