Latest News

ലീഗ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍

ഉദുമ: പനയാല്‍ കോട്ടപ്പാറയില്‍ മുസ്‌ലിം ലീഗ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വീട് തകര്‍ത്ത കേസിലെ ആറ് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ഉദുമ ആറാട്ട് കടവിലെ പ്രണേഷ് (24), പനയാല്‍ കടമ്പന്‍ ചാല്‍ സ്വദേശികളായ എ പ്രിയേഷ്(21), ടി ചന്ദ്രന്‍(45), എന്‍ വി ശ്രീകുമാര്‍(45), കുതിരക്കോട്ടെ എ ടി മുരളീധരന്‍, ശോഭിത് എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടപ്പാറയിലെ കെ അബ്ദുള്‍ ഖാദറിന്റെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. 2014 ഏപ്രില്‍ 14 ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രണേഷിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്‍ ഖാദറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച അബ്ദുള്‍ ഖാദറിനെ സംഘം വീട്ടുമുറ്റത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.

ജനല്‍ ചില്ലുകള്‍ തെറിച്ച് വീണ് അബ്ദുള്‍ ഖാദറിന്റെ സഹോദരന്റെ മക്കളായ സെന്‍ അബ്ദുള്ള,മുഹമ്മദ് യാസിന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജനല്‍ ചില്ലുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ആറായിരം രൂപയുടെ നഷ്ടം സംഭവിച്ചു.

അബ്ദുള്‍ ഖാദര്‍ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെല്ലാം ഒളിവില്‍ പോവുകയാണുണ്ടായത്. വെളളിയാഴ്ച വൈകുന്നേരമാണ് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട് ) കോടതി ജാമ്യം അനുവദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.