Latest News

പൊള്ളലിന്റെ വേദനമാറാതെ റഫീദയും മുഫീതയും; സ്‌കൂള്‍ പഠനം സ്വപ്‌നം

കാസര്‍കോട്: റഫീദയ്ക്കും മുഫീതയ്ക്കും ഇപ്പോള്‍ മനസ്സുനിറയെ സ്‌കൂളാണ്. വേദന ശരീരമാകെ നീറ്റുമ്പോഴും കൂട്ടുകാരെയും ക്ലാസ്മുറിയെയും പുസ്തകങ്ങളെയും ഇവര്‍ക്ക് മറക്കാനാവുന്നില്ല.
രണ്ടുമാസം മുമ്പ് ഇടിമിന്നലില്‍ പൊള്ളലേറ്റതാണ് പറമ്പ് ചെറുകരകോളനിയിലെ പി.എ.അബ്ദുല്‍ സലാമിന്റെയും ഖദീജയുടെയും മക്കളായ റഫീദയ്ക്കും മുഫീതയ്ക്കും. സ്‌കൂളില്‍ പോകാനാവാത്തതാണ് ഇവര്‍ക്ക് ഇരട്ടിവേദനയാകുന്നത്.

കൂട്ടുകാരെല്ലാം പുതിയ പുസ്തകവും ബാഗും കുടയുമെടുത്ത് കളിചിരിയോടെ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീടിന്റെ വരാന്തയില്‍ നിറകണ്ണുകളോടെ നോക്കിനില്ക്കും. ഞങ്ങള്‍ക്ക് ഇനിയെന്ന് കൂടെ പോകാന്‍ അകുമെന്നറിയാതെ. റഫീദ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലും മുഫീത തെക്കില്‍പറമ്പ് ഗവ. യു.പി. സ്‌കൂളില്‍ ഏഴാം ക്ലാസിലുമാണ് പോകേണ്ടിയിരുന്നത്.

കഴിഞ്ഞ ഏപ്രില്‍ 27ന് യാദൃശ്ചികമായുണ്ടായ ഒരപകടമാണ് ഇവര്‍ക്ക് വേദനയായത്.
മാതാവായ ഖദീജയുടെ സഹോദരി സുബൈദയുടെ കാസര്‍കോട് ചൗക്കിയിലെ വീട്ടില്‍ അവധിക്കാലം ചെലവിടാന്‍ പോയതായിരുന്നു റഫീദയും മുഫീതയും.
വീടിന്റെ ഒന്നാംനിലയില്‍ കിടന്നുറങ്ങിയ കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് മുറിക്ക് തീപിടിച്ചാണ് പൊള്ളലേറ്റത്. തുടര്‍ന്ന് കുട്ടികളെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആസ്​പത്രിയില്‍ എത്തിച്ചു.

സുബൈദയുടെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ മകള്‍ സഫയ്ക്കും അപകടത്തില്‍ സാരമായി പൊള്ളലേറ്റിരുന്നു. പരീക്ഷ ജയിച്ചുവെങ്കിലും മംഗലാപുരത്ത് ഇപ്പോഴും ചികിത്സ തുടരുന്ന സഫയുടെ ഉപരിപഠനവും അനിശ്ചിതത്വത്തിലാണ്.

ശരീരമാസകലം പൊള്ളലേറ്റ റഫീദയും മുഫീതയും അടുത്തിടെയാണ് ആസ്​പത്രി വിട്ടത്. റഫീദയെ ഉപ്പ ചട്ടഞ്ചാല്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ത്തുവെങ്കിലും അടുത്തൊന്നും പോകാന്‍പറ്റാത്ത സ്ഥിതിയാണ്.
മുഫീതയ്ക്ക് മൂന്നും റഫീദയ്ക്ക് രണ്ടും ശസ്ത്രക്രീയകള്‍ വേണ്ടിവന്നു. ഭക്ഷണംപോലും കുട്ടികള്‍ ഉമ്മ ഖദീജയുടെ സഹായത്തോടെയാണ് കഴിക്കുന്നത്.
കുട്ടികളുെട ചികിത്സയ്ക്കും മറ്റുമുള്ള സാമ്പത്തികപ്രയാസം കുടുംബത്തെ അലട്ടുകയാണ്. അസ്​പത്രിയില്‍ വേണ്ടിവന്ന ഒന്നരലക്ഷത്തോളം രൂപ കണ്ടെത്താനാവാത്തതിനാല്‍ രണ്ടുദിവസം അവിടെ കൂടുതല്‍ നില്‌കേണ്ടിവന്നതായി ഖദീജ പറഞ്ഞു. ഒടുവില്‍ ബന്ധുക്കളുടെ സ്വര്‍ണം പണയംവെച്ചാണ് ആസ്​പത്രി ബില്ലടച്ചത്.

പ്രകൃതിദുരന്തമായിട്ടും ഇവര്‍ക്ക് സര്‍ക്കാര്‍സഹായം കിട്ടിയത് 20,000 രൂപ മാത്രം. ജില്ലാ പഞ്ചായത്തംഗം പാദുര്‍ കുഞ്ഞാമു ഇടപെട്ട് കളക്ടറാണ് സാന്ത്വനം ഫണ്ടില്‍ നിന്ന് ഈ തുക നല്കിയത്. കുട്ടികളുടെ ഉപ്പ അബ്ദുല്‍ സലാമിന് നേരത്തേ പക്ഷാഘാതം വന്നതിനാല്‍ അധ്വാനമുള്ള ജോലിക്ക് പോകാന്‍ പറ്റുന്നില്ല. വീടിനു സമീപം കട നടത്തുകയാണിദ്ദേഹം.
സലാമിന്റെ മൂത്തമകന്‍ സിദിഖ് ബൈക്കപകടത്തില്‍ പരിക്കേറ്റ് മാസങ്ങളോളം മംഗലാപുരത്ത് ചികിത്സയിലായതിനു പിന്നാലെയാണ് ഇളയകുട്ടികളുടെ അപകടം.
ശരീരത്തിലെ പാട് മായാന്‍ റഫീദയ്ക്കും മുഫീതയ്ക്കും ഇനിയും ചികിത്സ തുടരണം.
കുഞ്ഞുങ്ങളുടെ പാടൊന്ന് പടച്ചോന്‍ മാറ്റിയിരുന്നുവെങ്കില്‍ എന്ന ഖദീജയുടെ പ്രാര്‍ഥനയ്‌ക്കൊപ്പം സുമനസ്സുകളുടെ കൈത്താങ്ങുകൂടി അവര്‍ക്ക് പ്രതീക്ഷയുടെ ബലം നല്കിയിരുന്നുവെങ്കില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.