Latest News

ഹിന്ദുമഹാസഭയുടെ ഗാന്ധിവധ ആഘോഷത്തിനെതിരെ '150 കുഞ്ഞു ഗാന്ധിമാര്‍' അണിനിരന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: മഹാത്മാ ഗാന്ധിജിയെ വധിക്കുന്നത് പുനരാവിഷ്‌കരിച്ച് ആഘോഷിച്ചതിനെതിരെ കാഞ്ഞങ്ങാട്ട് മേലാങ്കോട്ട് ഗവ.യു.പി.സ്‌കൂളില്‍ 150 കുഞ്ഞു ഗാന്ധിയന്‍മാര്‍ അണിനിരന്ന് പ്രതിഷേധം.പ്രീ പ്രൈമറി മുതല്‍ ഏഴാംതരം വരെയുള്ള കുട്ടികള്‍ ഉത്തരീയം ധരിച്ചും ഊന്നുവടിയേന്തിയും ഗാന്ധിവേഷത്തിലെത്തി. [www.malabarflash.com]

മഹാത്മജിയെ ലോക രാഷ്ട്രങ്ങള്‍ ആദരിക്കുന്ന വര്‍ത്തമാനകാലത്ത് ഇന്ത്യയിലെ ചിലര്‍ ഇത്തരത്തിലുള്ള അപമാനകരമായ പ്രവര്‍ത്തനത്തിലേര്‍പ്പെടുത്തുന്നത് വലിയ നൊമ്പരമുണ്ടാക്കുന്നുവെന്ന് പ്രഥമധ്യാപകന്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു.

കവിയത്രി സി.പി. ശുഭ വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ കവിത ചൊല്ലി കുഞ്ഞു ഗാന്ധിയന്‍മാരെ ആവേശത്തിലാക്കി.ഗാന്ധിജിയുടെ പ്രിയപ്പെട്ട കീര്‍ത്തനമായ 'വൈഷ്ണവ് ജനതോ തേനേ കഹിയേ ജേ.... പീഡ് പരായി.. ജാനേരേ.. എന്ന വരികള്‍ ആലപിച്ചു കൊണ്ട് ഗാന്ധി വേഷധാരികളായ കുട്ടികളും മറ്റു കുട്ടികളും അസംബ്ലിയില്‍ അണിനിരന്നു. കുട്ടികള്‍ ഗാന്ധിജിയുടെ ആത്മകഥ ' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ' എന്ന പുസ്തകവും കൈയ്യിലേന്തി സ്‌കൂളിലെ മറ്റു കുട്ടികള്‍ ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഏറ്റുചൊല്ലിയും പരസ്പരം പറഞ്ഞും പ്രതിഷേധത്തെ കനപ്പെടുത്തി.

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.പി. ശ്രീകല അധ്യക്ഷത വഹിച്ചു.പി.ആര്‍.ആശ, സണ്ണി.കെ.മാടായി, എം.അനിത എന്നിവര്‍ സംസാരിച്ചു.കൊടക്കാട് നാരായണന്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.