Latest News

ലോകകപ്പ് ബ്രസീലിലാണെങ്കിലും ആവേശവും ആധിയും കാസര്‍കോട്ടുകാര്‍ക്കാണ്‌

കാസര്‍കോട്: ഉറക്കമില്ലാത്ത രാവുകളാണിനി. ബ്രസീലിലെ പുല്‍ത്തകിടികളെ തഴുകി ഉരുളുന്ന ബസൂക്കയ്ക്കുപിന്നാലെ കണ്ണുകളും മനസ്സുകളും പായും. നെയ്മറും മെസ്സിയും റൊണാള്‍ഡോയും ഓരോ ഫുട്‌ബോള്‍ ആരാധകരന്റെയും മനസ്സിലൂടെ ഓടിത്തുടങ്ങി. കാസര്‍കോടിന്റെ മലയോരവും താഴ്വാരവും ഒറ്റമനസ്സോടെ ഒരുമാസം മുഴവന്‍ ബ്രസീലിലായിരിക്കും.

ഇഷ്ടടീമിന്റെ കളികള്‍ കാണാന്‍ പലരും മുന്‍കൂട്ടി അവധിയെടുത്തുകഴിഞ്ഞു. ബ്രസീലും ജര്‍മനിയും അര്‍ജ്ജന്റീനയുമായി ചേരിതിരിഞ്ഞെങ്കിലും എല്ലാവര്‍ക്കും ഒരു ഫുട്‌ബോള്‍ എന്ന ഏക മനസ്സാണ്. വീടുകള്‍ മുതല്‍ ഓഡിറ്റോറിയങ്ങള്‍ വരെ ഫുട്‌ബോള്‍ തിയേറ്ററുകളായി മാറിക്കഴിഞ്ഞു. ലോകകപ്പ് മാതൃകകളും ബ്രസൂക്ക ഫുട്‌ബോളും കാസര്‍കോട്ടെത്തി.
ആരാധനയുടെ അങ്ങേത്തലം കണ്ട മൊഗ്രാലില്‍ കഴിഞ്ഞദിവസം ബ്രസൂക്കയെത്തിയതോടെ ആവേശത്തിന് അണപൊട്ടി. ബാംഗ്ലൂരില്‍നിന്നാണ് ലോകകപ്പിന്റെ മാതൃകയിലുള്ള ട്രോഫിയും ബ്രസൂക്കയും എത്തിയത്. സംഭവം ഫ്രണ്ട്‌സ് ക്ലബ്ബ് ലോകകപ്പ് ഡ്യുപ്പ്-ഡ്യൂപ്പ് മത്സരം നടത്തി ആഘോഷിച്ചു. അര്‍ജ്ജന്റീനയും-ജര്‍മനിയുമാണ് മൊഗ്രാലിലെ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ജര്‍മനിയെ ഏകപക്ഷിയമായ മൂന്നുഗോളുകള്‍ക്ക് അര്‍ജ്ജന്റീന തകര്‍ത്ത് ട്രോഫി സ്വന്തമാക്കി.

ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ നാടായ ബേക്കലില്‍ ബുധനാഴ്ച ലോകകപ്പിന്റെ വിളംബര റാലി സംഘടിപ്പിച്ചു. മുഹമ്മദന്‍സ് മൗവ്വലിന്റെ ആഭിമുഖ്യത്തിലാണ് റാലി. ലോകകപ്പില്‍ മത്സരിക്കുന്ന 32 രാഷ്ട്രങ്ങളുടെ പതാകയും ജഴ്‌സിയുമണിഞ്ഞ് ആരാധകര്‍ റാലിയില്‍ അണിനിരന്നത്.

പാണത്തൂരുകാര്‍ ഇത്തവണത്തെ ലോകകപ്പിനെ ആസ്വദിക്കുന്നത് കുറച്ച് വ്യത്യസ്തമായാണ്. എല്ലാ ടീമുകളുടെ ആരാധകരും നാട്ടുകാരും വില്ലേജ് ഫ്രണ്ട്‌സ് എന്ന പേരില്‍ ഒത്തുചേര്‍ന്നു. ഹില്‍ടൗണ്‍ ഓഡിറ്റോറിയം തന്നെ ഒരുമാസത്തെക്ക് വാടകക്കെടുത്തു. പ്രൊജക്ടര്‍ പിരിവെടുത്ത് വാങ്ങി. കേബിള്‍ കണക്ഷനും ഉറപ്പാക്കി. പാണത്തൂരെ എല്ലാവരും ഒന്നിച്ചിരുന്നു കളികാണും. വൈദ്യുതിമുടക്കം പതിവായതിനാല്‍ കളി 'മിസ്' ആകാതിരിക്കാന്‍ ജനറേറ്ററും റെഡി.

ആവേശത്തിന് പാണത്തൂരിന്റെ ഒപ്പുചാര്‍ത്തി പത്തരയടി ഉയരത്തില്‍ വലിയൊരു ലോകകപ്പ് മാതൃകയുണ്ടാക്കി. 50 കിലോ പ്ലാസ്റ്റര്‍ഓഫ് പാരീസാണ് ഇതിന് ചെലവായത്. ഇതിനുപുറമേ വിളംബരജാഥയും ബൈക്ക് ഷോയും നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിക്കൊപ്പമാണ് ചന്തേരയിലെ കുട്ടിക്കൂട്ടം ലോകഫുട്‌ബോള്‍ മാമാങ്കത്തെ വരവേറ്റത്. ഇസ്സത്തുല്‍ ഇസ്ലാം എല്‍.പി.സ്‌കൂളിലാണ് അപ് അപ് ബ്രസൂക്ക എന്ന പേരില്‍ ലോകകപ്പ് ഫുട്‌ബോളിന് സ്വാഗതമോതിയത്. 

പന്തുതട്ടിയും കാല്‍പ്പന്തുകളിയുടെ അനുഭവങ്ങള്‍ പങ്കുെവച്ചും റാഫി ഒപ്പം കൂടിയപ്പോള്‍ കുട്ടികളില്‍ ആവേശം നിറഞ്ഞു. ഇഷ്ട ടീം ആരെന്നായി? കുട്ടികളുടെ ചോദ്യത്തിന് അര്‍ജ്ജന്റീനയെയാണ് റാഫി കൂട്ടുപിടിച്ചത്. ലോകകപ്പ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഒരുക്കിയ ഗോള്‍ പോസ്റ്റെന്ന വാര്‍ത്താബോര്‍ഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ലോകകപ്പ് ടീമുകളെ പരിചയപ്പെടുത്തല്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ലോകകപ്പ് ഫുട്‌ബോള്‍ ഭാഗമായി വരുംദിവസങ്ങളില്‍ നടക്കും. ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് എന്നീ അധ്യാപകരാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. 

പതിവ് ഫ്ലക്‌സ് യുദ്ധവും തുടങ്ങിക്കഴിഞ്ഞു. വഴിയരികിലെല്ലാം ടീമുകളുടെ ഗ്രൂപ്പ് ഫോട്ടോവെച്ച് പടുകൂറ്റന്‍ ഫ്ലക്‌സുകള്‍ ഉയര്‍ന്നുകഴിഞ്ഞു. കളി നിര്‍ത്തിയിട്ട് കാലങ്ങളായെങ്കിലും മറഡോണയുടെ ഫ്ലക്‌സും പലേയിടത്തും പൊങ്ങിക്കഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.