Latest News

നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി അമ്മ കണ്ടുനില്‍ക്കെ വെള്ളത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റുമരിച്ചു

ചെങ്ങന്നൂര്‍: സ്‌കൂളില്‍ പോകാനിറങ്ങിയ നാലാം ക്ലാസ്സ് വിദ്യാര്‍ഥി അമ്മയുടെയും അനുജത്തിയുടെയും അമ്മൂമ്മയുടെയും കണ്‍മുന്നില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും അയല്‍വാസികള്‍ക്കും വൈദ്യുതാഘാതമേറ്റു. 

വെണ്മണി പടിഞ്ഞാറ് ചാണംപള്ളില്‍ രാജേഷ്ഭവനത്തില്‍ രാജേഷ്‌കുമാറിന്റെ മകന്‍ അഭിരാം (ഉണ്ണിക്കുട്ടന്‍-8) ആണ് മരിച്ചത്. അമ്മ മഞ്ജു, അയല്‍വാസി ചാണംപള്ളില്‍ മോഹനന്റെ ഭാര്യ ലേഖ എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഗുരുതരമായി പരിക്കേറ്റ ലേഖ കൊല്ലകടവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ 7.30ന് വെണ്മണി പടിഞ്ഞാറ് ആശ്രമപടി ജങ്ഷന് തെക്കുവശം പി.ഐ.പി. കനാലിനോട് ചേര്‍ന്നുള്ള നടവഴിയിലാണ് അപകടം. ശക്തമായ മഴയെത്തുടര്‍ന്ന് കനാലും നീരൊഴുക്കുതോടും നിറഞ്ഞൊഴുകിയിരുന്നു. ഇതിലേക്ക് വൈദ്യുതി കമ്പികള്‍ പൊട്ടിവീണതാണ് വൈദ്യുതാഘാതമേല്‍ക്കാനുള്ള കാരണം.

സ്‌കൂള്‍ ബസ്സില്‍ പോകുന്നതിനായി അമ്മ മഞ്ജുവിനും അനുജത്തി അമേയയ്ക്കും ഒപ്പമാണ് അഭിരാം വീട്ടില്‍നിന്ന് ഇറങ്ങിയത്. നീരൊഴുക്കുതോട്ടില്‍ ഇഴജന്തുക്കളും മീനുകളും ചത്തുകിടക്കുന്നതായി അഭിരാം അമ്മയോട് പറഞ്ഞു. ഇക്കാര്യം മഞ്ജു വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് അമ്മൂമ്മ പൊന്നമ്മ തോടിന് സമീപത്തേക്ക് വന്നു. ഇളയകുഞ്ഞിനെ പൊന്നമ്മയെ ഏല്‍പ്പിച്ചശേഷം മകനെയെടുത്ത് വെള്ളത്തിലേക്ക് ഇറങ്ങിയ മഞ്ജുവിനാണ് ആദ്യം ഷോക്കേറ്റത്. 

ഷോക്കേറ്റ അമ്മയുടെ കൈയില്‍നിന്ന് ദൂരെ വെള്ളത്തിലേക്ക് അഭിരാം തെറിച്ചുവീണു. ഇതുകണ്ട് നിലവിളിച്ച പൊന്നമ്മയുടെ ശബ്ദംകേട്ട് ഓടിയെത്തിയ അയല്‍വാസിയും വിമുക്തഭടനുമായ വെണ്മണി കുറുപ്പിന്റയ്യത്ത് ഗംഗാധരന്‍ നായര്‍ (50) വെള്ളത്തിലേക്ക് ഇറങ്ങി. വെള്ളത്തില്‍ വൈദ്യുതി ഉണ്ടെന്ന് മനസ്സിലാക്കിയ ഗംഗാധരന്‍ നായര്‍ ഉടുത്തിരുന്ന മുണ്ട് മഞ്ജുവിന്റെ ദേഹത്ത് ചുറ്റിയാണ് കരയ്‌ക്കെടുത്തത്.

ഇതിനിടെ ഓടിയെത്തിയ ലേഖ, അഭിരാമിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ഇറങ്ങിയതോടെ ഷോക്കേറ്റുവീണു. ലേഖയെയും ഗംഗാധരന്‍ നായര്‍ കരയ്‌ക്കെത്തിച്ചു. പിന്നീട് തോട്ടി ഉപയോഗിച്ചാണ് അഭിരാമിനെ വെള്ളത്തില്‍നിന്ന് കരയിലെത്തിച്ചത്. ഗംഗാധരന്‍ നായര്‍ക്കും നേരിയ തോതില്‍ ഷോക്കേറ്റു.

നാട്ടുകാര്‍ ഓടിയെത്തി ഫ്യൂസ് ഊരിമാറ്റി വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഷോക്കേറ്റ മൂന്നുപേരെയും വൈകാതെ കൊല്ലകടവിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അഭിരാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പെട്ട മൂന്ന് വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിവീണത്.

രാത്രിയിലെപ്പോഴോ വൈദ്യുതി നിലച്ചിരുന്നുവെങ്കിലും കമ്പികള്‍ പൊട്ടിവീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. നടവഴിക്ക് സമീപമുള്ള ആഞ്ഞിലിമരത്തില്‍ വൈദ്യുതി കമ്പികള്‍ കാറ്റില്‍ ഉരഞ്ഞുപൊട്ടിയെന്നാണ് കെ.എസ്.ഇ.ബി.യുടെ പ്രാഥമിക നിഗമനം. കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

വെണ്മണി പോലീസ് കേസ്സെടുത്തു. അഭിരാമിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇടപ്പോണിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തില്‍ ജോലിചെയ്യുന്ന അച്ഛന്‍ രാജേഷ്‌കുമാര്‍ നാട്ടിലെത്തിയതിന് ശേഷമായിരിക്കും ശവസംസ്‌കാരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.