Latest News

മാനസികാരോഗ്യകേന്ദ്രത്തിലെ രോഗിയെ സഹഅന്തേവാസി കഴുത്തുഞെരിച്ചു കൊന്നു

കോഴിക്കോട്: കുതിരവട്ടം ഗവ.മാനസികാരോഗ്യകേന്ദ്രത്തില്‍ രോഗിയെ സഹഅന്തേവാസി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മലപ്പുറം മമ്പാട് കൂട്ടിയാക്കല്‍ ചെമ്പക്കാടന്‍ ഹൗസ് മമ്മദ്കുട്ടിയുടെ മകന്‍ സിദ്ധിഖ് (46) ആണ് കൊല്ലപ്പെട്ടത്.

സിദ്ധിഖിനൊപ്പം സെല്ലില്‍ കഴിഞ്ഞിരുന്ന മാനന്തവാടി തോണിച്ചാല്‍ വെളയാണ്‍കുന്നത്ത് ജി.ഒ. സക്കറിയക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കൊലപാതകത്തിന് കേസെടുത്തു.

സക്കറിയയും സിദ്ധിഖുംഉള്‍പ്പെടെ മൂന്നുപേരായിരുന്നു മൂന്നാം വാര്‍ഡിലെ സെല്ലില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 5.40 ഓടെയാണ് സംഭവം നടന്നത്. അക്രമാസക്തനായ സക്കറിയ ഉപയോഗിച്ചിരുന്ന മുണ്ട് കീറി സിദ്ധിഖിന്റെ കഴുത്തില്‍ മുറുക്കി സെല്ലിന്റെ കന്പികള്‍ക്കിടയിലൂടെ വലിക്കുകയായിരുന്നു. സെല്ലില്‍ ഉണ്ടായിരുന്ന മൂന്നാമന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തിയാണ് സക്കറിയയെ പിടിച്ചുമാറ്റിയത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ യാണ് സിദ്ധിഖ് മരിച്ചത്.

റോഡില്‍ അലഞ്ഞുതിരിഞ്ഞുനടന്ന സിദ്ധിഖിനെ മഞ്ചേരി സി.ജെ.എം. കോടതിയുടെ നിര്‍ദേശാനുസരണം ഈ മാസം 17-നാണ് മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. ഇതിന് മുമ്പും സിദ്ധിഖ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. കല്പറ്റ സി.ജെ.എം. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെയ് 22-നാണ് സക്കറിയയെ മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്.

മുമ്പ് ആക്രമണ മനോഭാവം പ്രകടിപ്പിക്കാത്തതുകൊണ്ടാണ് രോഗികളെ മൂന്നുപേരെയും ഒരേ സെല്ലില്‍ ഇട്ടതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.രവികുമാര്‍ അറിയിച്ചു. മൂന്നാം വാര്‍ഡില്‍ 107 രോഗികളാണ് ഇപ്പോഴുള്ളത്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ കുഴപ്പക്കാരല്ലാത്തവരെ ഒരുമിച്ച് സെല്ലില്‍ ഇടുന്ന പതിവുണ്ട്. ഇത്തരത്തില്‍ പ്രവേശിപ്പിച്ച രോഗി അക്രമാസക്തനായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

അതേസമയം ആസ്പത്രിയില്‍ കൊലപാതകം നടന്നിട്ടും വിവരമറിയാന്‍ ആസ്പത്രി സൂപ്രണ്ട് വൈകിയെന്ന് പരാതിയുണ്ട്. വിഷയത്തില്‍ ഡി.എം.ഒ. പ്രാഥമിക അന്വേഷണം നടത്തി. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.