Latest News

പെര്‍ളയില്‍ ടിപ്പര്‍ ലോറി പൊലീസ് ജീപ്പിന് നേരെ ഓടിച്ചുകയറ്റാന്‍ ശ്രമം; എ.എസ്.പി നാല് റൗണ്ട് വെടിവെച്ചു

ബദിയടുക്ക: വാഹന പരിശോധനക്കിടയില്‍ നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി പിന്തുടര്‍ന്ന് പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി പൊലീസ് ജീപ്പിന് നേരെ ഓടിച്ചുകയറ്റാന്‍ ശ്രമം. എ.എസ്.പി ഡോ. ജിതേന്ദ്രനാഥ് ടിപ്പര്‍ ലോറിക്ക് നേരെ നാല് റൗണ്ട് വെടിവെച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരമണിക്ക് പെര്‍ളയിലാണ് സംഭവം.

ഡോ. ജിതേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് കര്‍ണാടക ഭാഗത്ത് നിന്നും ലോറിയെത്തിയത്. പരിശോധനക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമിത വേഗത്തില്‍ ഓടിച്ചുപോയി. എ.എസ്.പിയും സംഘവും പിന്തുടര്‍ന്നു. മൂക്കംപാറ ജംഗ്ഷനിലെത്തിയപ്പോള്‍ ഊടുവഴിയിലൂടെ പെര്‍ഡാല പാലത്തിലെത്തി. ഇടുങ്ങിയ പാലത്തിന്റെ ഒരു ഭാഗത്ത് പൊലീസ് ജീപ്പിന് മുന്നിലായി പൂഴി ഇറക്കിയാണ് സംഘം കടന്നുകളഞ്ഞത്.

മറികടന്നുപോകാന്‍ പറ്റാത്ത വിധത്തിലായിരുന്നു ടിപ്പര്‍ ലോറിയില്‍ നിന്നും മണല്‍ റോഡില്‍ തട്ടിയത്. മറ്റൊരു റോഡിലൂടെ മൂക്കംപാറ പള്ളിക്കണ്ടം ജംഗ്ഷനിലെത്തിയപ്പോള്‍ ലോറിയും പൊലീസ് ജീപ്പും മുഖാമുഖമായി. ലോറി വേഗം കുറക്കാതെ പൊലീസ് ജീപ്പിന് നേരെ ഓടിച്ചതോടെ എ.എസ്.പി ടയറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

അതോടെ ലോറി വഴിമാറി ഓടി രക്ഷപ്പെടുകയായിരുന്നു. ലോറി കണ്ടെത്താന്‍ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.