Latest News

മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകരെ പേടിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാര്‍

മലപ്പുറം: ഒരു മാസം നീളുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ ആരംഭിക്കാനിരിക്കെ മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകരോട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ അപേക്ഷിക്കുകയാണ്, 'അറിയാതെങ്ങാനും വൈദ്യുതി മുടങ്ങിയാല്‍ ഞങ്ങളെ ഉപദ്രവിക്കരുതേ...എന്ന്. 

ലോകകപ്പ് ബ്രസീലിലാണെങ്കിലും ആവേശവും ആധിയും മലപ്പുറത്തുകാര്‍ക്കാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പേ വൈദ്യുതി മുടക്കം ഒഴിവാക്കാനായി ബ്രസീലില്‍ നടക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള ഒരുക്കമാണ് ജില്ലയില്‍ വൈദ്യുതി വകുപ്പ് നടത്തുന്നത്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുന്ന സമയങ്ങളിലും തുടര്‍ന്നാല്‍ മലപ്പുറത്തെ ആരാധകര്‍ അത് ഒരിക്കലും സഹിക്കില്ലെന്ന് വൈദ്യുതി വകുപ്പിനറിയാം.

ഏതെങ്കിലും സാഹചര്യത്തില്‍ വൈദ്യുതി മുടങ്ങിയാല്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അപേക്ഷ. കനത്ത മഴയിലും കാറ്റിലും വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ മലപ്പുറത്തുകാര്‍ക്ക് ഇതൊന്നും അറിയേണ്ടതില്ല, വൈദ്യുതി മുടക്കത്തിന് ജീവനക്കാരാണ് ഉത്തരവാദികളെന്നതരത്തിലാണ് പലരുടെയും പെരുമാറ്റമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പ് സമയത്ത് വൈദ്യുതി മുടങ്ങുമ്പോള്‍ കെഎസ്ഇബി സബ് ഓഫിസുകള്‍ ആരാധകര്‍ തല്ലിത്തകര്‍ത്ത സംഭവങ്ങള്‍ ജില്ലയില്‍ ഒട്ടേറെയുണ്ട്. ജീവനക്കാരും ആരാധകരുടെ ക്രോധത്തിന് ഇടയാകാറുണ്ട്.

ഇതെല്ലാം മുന്‍കൂട്ടി കണ്ട് രണ്ടു മാസം മുന്‍പുതന്നെ വൈദ്യുതി ലൈനുകള്‍ക്കു മുകളിലൂടെ പോകുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റി ടച്ചിങ്‌സ് നടത്താന്‍ ജീവനക്കാര്‍ നെട്ടോട്ടമോടുകയാണ്. അറ്റകുറ്റപ്പണികളുടെ പേരിലും അപ്രഖ്യാപിതവുമായ വൈദ്യുതി മുടക്കം ജില്ലയില്‍ പതിവാണ്. 

'ഇപ്പൊ കട്ടാക്കിക്കോ, ലോകകപ്പ് കളിയെങ്ങാനും തുടങ്ങ്ണ സമയത്ത് കരന്റ് പോയാ വിവരമറിയും എന്ന് വൈദ്യുതി ഓഫിസിലേക്ക് മുന്‍കൂട്ടി വിളിച്ചുപറഞ്ഞ കടുത്ത ആരാധകര്‍വരെയുണ്ടെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതെല്ലാം കേട്ട് ജീവനക്കാര്‍ ആധിപിടിച്ചിരിക്കുകയാണ്. ഏതായാലും ഒരു മാസത്തോളം രാത്രി കനത്ത മഴയും കാറ്റും ഇടിയും ഉണ്ടാകരുതേ എന്നാണ് കെഎസ്ഇബി ജീവനക്കാരുടെ പ്രാര്‍ഥന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.