Latest News

കാസര്‍കോട്ട് ഈ വര്‍ഷം കുറ്റാന്വേഷണവും ക്രമസമാധാന പാലനവും രണ്ടാക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൊലീസ് സേനയില്‍ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും രണ്ടാക്കി മാറ്റുന്നതു പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം കാസര്‍കോട്ട് നടപ്പാക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. വേണ്ടത്ര പൊലീസ് ഇല്ലാത്തതാണു സംസ്ഥാനത്തൊട്ടാകെ ഇതു നടപ്പാക്കുന്നതിനുള്ള തടസ്സമെന്നു നിയമസഭയില്‍ പൊലീസ്, ജയില്‍ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് അദ്ദേഹം മറുപടി നല്‍കി.

ജില്ലാതല ക്രൈം ഡിറ്റാച്ച്‌മെന്റിനെ ജില്ലാ ക്രൈംബ്രാഞ്ചാക്കി മാറ്റും. ശ്രദ്ധേയ കേസുകള്‍ അവര്‍ അന്വേഷിക്കും. അസിസ്റ്റന്റ് കമ്മിഷണര്‍ക്കോ ഡിവൈഎസ്പിക്കോ ആയിരിക്കും ചുമതല. കോളജ് മാഗസിനില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേസ് എടുത്ത നടപടി സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനു തൃശൂര്‍ ഐജിയെ ചുമതലപ്പെടുത്തി. ഭരണാധികാരികള്‍ക്കെതിരെ കാര്‍ട്ടൂണുകളും വിമര്‍ശനവും സ്വാഭാവികമാണ്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും.

500 വനിതാ കോണ്‍സ്റ്റബിള്‍മാരെയും 60 വനിതാ എസ്‌ഐമാരെയും ഉടന്‍ നിയമിക്കും. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യോജിച്ചാണു നക്‌സലൈറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനായി കണ്ണൂര്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട.

ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇതുവരെ 10431 റെയ്ഡ് നടത്തി. 825 പേരെ അറസ്റ്റ് ചെയ്തു. 4.27 കോടി രൂപ പിടിച്ചെടുത്തു. സംസ്ഥാനത്തു മാസം 24000 കോടി രൂപയുടെ പണമിടപാടു നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒട്ടേറെ വന്‍കിട പണമിടപാടു സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അതൊന്നും മാധ്യമങ്ങളില്‍ വന്നിട്ടില്ല. തുക എഴുതാത്ത ചെക്കുകളും മുദ്രപ്പത്രങ്ങളും ഒപ്പിട്ട വെള്ളക്കടലാസും വാങ്ങുന്നതായി ഈ വന്‍കിട കമ്പനികള്‍ക്കെതിരെ പരാതിയുണ്ട്.

എത്ര വലിയ ശക്തിയായാലും പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കില്ല . പരാതി ലഭിച്ചാല്‍ ഇനിയും റെയ്ഡ് നടത്തും. ഇത്തരം പണമിടപാടു സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഗവര്‍ണറെ താന്‍ നേരിട്ടു കാണും. തോന്നിയ പോലെ പലിശ വാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഓപ്പറേഷന്‍ കുബേരയിലുള്ള പൊലീസുകാര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. പണം വാങ്ങിയാല്‍ കര്‍ശന നടപടി എടുക്കും.

ബ്‌ളേഡിനെക്കാള്‍ ശക്തമാണു ലഹരിമരുന്നു മാഫിയ. ഇതുവരെ 8399 റെയ്ഡ് നടത്തി 1391 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ 11 കേസുകള്‍ എന്‍ഐഎയ്ക്കു വിട്ടിട്ടുണ്ട്. ഇതില്‍ എട്ടെണ്ണം കള്ളനോട്ട് കേസും രണ്ടെണ്ണം തീവ്രവാദക്കേസും ഒരെണ്ണം ഇറ്റാലിയന്‍ നാവികരുടെ കേസുമാണ്. ജയിലുകളില്‍ ജീവനക്കാരും കുറ്റവാളികളുമായുള്ള അവിഹിത ബന്ധം തടയാന്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ജയിലില്‍ പുകവലി നിരോധിക്കും. ട്രാഫിക് അപകടങ്ങള്‍ തടയാന്‍ സ്‌മൈല്‍ പദ്ധതി നടപ്പാക്കും.

വ്യാജരേഖയുണ്ടാക്കി സ്ത്രീകളെ മറുനാട്ടിലേക്കു കടത്തുന്നതു തടയാന്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രത്യേക സെല്‍ തുടങ്ങും. എല്ലാ പൊലീസ് സ്‌റ്റേഷനിലും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് ബ്യൂറോ തുടങ്ങും. എല്ലാ സ്‌റ്റേഷനുകളും കംപ്യൂട്ടര്‍വല്‍ക്കരിക്കും. മാവേലിക്കരയിലെ കമാന്‍ഡോ പരിശീലനകേന്ദ്രം ജൂലൈയില്‍ തുടങ്ങും.

മികച്ച ക്രമസമാധാനനിലയാണ് ഇന്നുള്ളത്. പൊതു പ്രവര്‍ത്തകര്‍ പറയുന്നതു ന്യായമാണെങ്കില്‍ ഏതു പാര്‍ട്ടിക്കാരനാണെങ്കിലും കേള്‍ക്കാന്‍ പൊലീസിനു ബാധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് സംവിധാനം നിലവില്‍വരും. സിബിഎസ്ഇ, ഐസിഎസ്ഇ, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ അവരുടെ ചെലവിലായിരിക്കും ഇതു തുടങ്ങുക. ഇതിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. 10 പുതിയ തീരദേശ പൊലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

ഈ വര്‍ഷം തന്നെ കൊച്ചിയില്‍ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ തുടങ്ങും. ടെക്‌നോപാര്‍ക്കില്‍ സൈബര്‍ ഡോം തുടങ്ങാനും നടപടി എടുത്തിട്ടുണ്ട്. തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കും. ജയിലുകളില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവപര്യന്തക്കാരെ വിട്ടയയ്ക്കുന്ന നടപടി തുടങ്ങിയെന്നും രമേശ് പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് 59നെതിരെ 72 വോട്ടിനു ധനാഭ്യര്‍ഥനകള്‍ നിയമസഭ പാസാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.