Latest News

ബ്രസീലിനെ മെക്‌സിക്കോ കുടുക്കി

ഫോര്‍ട്ടലെസ: ഗ്വില്ലര്‍മോ ഒക്കോവോ എന്ന മെക്‌സിക്കന്‍ ഗോള്‍കീപ്പറെ ബ്രസീലുകാര്‍ ഉയിര്‍പോയാലും മറക്കില്ല. ഒന്നല്ല, എണ്ണം പറഞ്ഞ നാല് ഉറച്ച ഗോളവസരങ്ങള്‍ക്ക് മുന്നിലാണ് ഫ്രഞ്ച് ടീമായ എ.സി. അജാസിയോവിന്റെ കീപ്പറായ ഈ ഇരുപത്തിയെട്ടുകാരന്‍ വഴിമുടക്കിനിന്നത്. ബ്രസീലിന് അങ്ങനെ സ്വന്തം മണ്ണില്‍ മെക്‌സിക്കോയോട് ഗോള്‍രഹിത സമനില വഴങ്ങി. വിലപ്പെട്ട രണ്ടു പോയിന്റാണ് ഇതുവഴി അവര്‍ക്ക് നഷ്ടമായത്. നാലു ഗോള്‍ ഗ്വില്ലര്‍മോ തടഞ്ഞെങ്കിലും അത്രയും ഗോള്‍ തന്നെ സ്വന്തം പോസ്റ്റ് ഒഴിഞ്ഞു പോയതിന് ബ്രസീല്‍ ദൈവത്തോട് നന്ദി പറയണം. ബ്രസീലിന്റെ മേധാവിത്വത്തോടെ തുടങ്ങിയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പലപ്പോഴും ആതിഥേയര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. എണ്ണമറ്റ തവണയാണ് മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍മാര്‍ ബ്രസീലിയന്‍ ഗോള്‍മുഖത്തേയ്ക്ക് ഇരച്ചു കയറിയത്.
വെറുതെ വഴിയെ പോകുന്ന പന്തുകള്‍ പറന്നു പിടിച്ചല്ല ഗ്വില്ലര്‍മോ വീരനായത്. പോസ്റ്റിന് തൊട്ടുമുന്‍പില്‍ നിന്ന് ഗോളെന്നുറപ്പിച്ച് ബ്രസീലുകാര്‍ തൊടുത്ത നാലു ബുള്ളറ്റുകളാണ് ഗില്ലര്‍മോ വന്‍മതില്‍ പോലെ തകര്‍ന്നത്. ഗ്വില്ലര്‍മോയുടെ കരുത്തുറ്റ കൈകളോടും ഇച്ഛാശക്തിയോടും പൊരുതിത്തേറ്റ് തളരുന്ന ബ്രസീലിനെയാണ് പലപ്പോഴും കണ്ടത്. 26-ാം മിനിറ്റില്‍ നെയ്മറുടെ ഒരു കിടിലന്‍ ഹെഡ്ഡറാണ് ഓക്കാവോ ആദ്യം കുത്തിയകറ്റിയത്. ക്രോസിന് കൃത്യമായി ചാടി നിയര്‍ പോസ്റ്റിലേയ്ക്കു വന്ന നെയ്മറുടെ കണിശതയാര്‍ന്ന ഹെഡ്ഡര്‍ പറന്നുചാടിയാണ് ഒക്കാവോ കുത്തിയകറ്റിയത്.
ഒന്നാം പകുതിക്ക് വിസിലൂതാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോള്‍ മെക്‌സിക്കന്‍ പ്രതിരോധഭിത്തിയിലൂടെ നെയ്മര്‍ അടക്കം മൂന്ന ബ്രസീലിയന്‍ ആക്രമണകാരികള്‍ ഊളിയിട്ടിറങ്ങിയെങ്കിലും അവര്‍ക്ക് മുന്നില്‍ സാഹസങ്ങള്‍ക്ക് മുതിരാതെ നെഞ്ചുവിരിച്ചുനില്‍ക്കുകയായിരുയു ഒക്കാവോ. 63-ാം മിനിറ്റിലായിരുന്നു ഒക്കാവോയുടെ അടുത്ത സേവ്. വലതു പോസ്റ്റിനടുത്ത് കിട്ടിയ പന്ത് ആദ്യം നെഞ്ചിലെടുത്ത് വരുതിയിലാക്കി നെയ്മര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ബുള്ളറ്റ്‌തൊടുക്കുമ്പോള്‍ ഗ്യാലറി ഗോളെന്നുറപ്പിച്ച് ആര്‍ത്തുവിളിക്കുകയായിരുന്നു. പക്ഷേ, തീയുണ്ട നെഞ്ചുകൊണ്ട് തടുത്തിടുകയായിരുന്ന കൃത്യമായ പൊസിഷനില്‍ നിന്ന ഒക്കാവോ. അടുത്തത് ഇതിലും മികച്ചൊരു അവസരമായിരുന്നു. 69-ാം മിനിറ്റില്‍ ജോ കൊടുത്ത പാസ് ആദ്യം നെയ്മര്‍ തൊടുത്തപ്പോഴും ഒക്കാവോ മുന്നില്‍ മതില്‍ തീര്‍ത്തു. പോസ്റ്റിന്റെ തൊട്ടുമുന്നില്‍ നിന്ന് ഡാനി ആല്‍വേസ് വീണ്ടും പന്ത് വലയിലേയ്ക്ക് പായിച്ചെങ്കിലും ഇന്ന് ഒക്കാവോയുടെ ദിനമായിരുന്നു. പിഴവുകള്‍ അന്യമായ ദിനം.
ഗോളി ഒക്കാവോ മാത്രമല്ല, ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്കേസ് നയിച്ച മെക്‌സിക്കന്‍ പ്രതിരോധത്തെയും ബ്രസീലിന് അത്രയെളുപ്പം ഭേദിക്കാനിയില്ല. നെയ്മറുടെയും മറ്റും ഒറ്റയാള്‍ നീക്കങ്ങള്‍ മാത്രമല്ല, മൈതാനത്തിന് കുറുകെ പറന്ന ക്രോസുകളുടെയും വഴി മുടക്കാന്‍ മാര്‍ക്കേസും റോഡ്രിഗസുമെല്ലാം സദാ സജ്ജരായി നില്‍പ്പുണ്ടായിരുന്നു.

തിരിച്ച് ബ്രസീലിയന്‍ പോസ്റ്റിലും കണ്ടു ഇത്തരം അതിക്രമങ്ങള്‍. വാസ്‌ക്വേസിന്റെ ഏതാനും ലോങ് റേഞ്ചറുകള്‍ ഭാഗ്യം കൊണ്ടും ഗോളി ജൂലിയോ സെസാറിന്റെ ഇടപെടലുകള്‍ കൊണ്ടുമാണ് വഴിമാറി പോയത്. നല്ല നീക്കങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട മെക്‌സിക്കോ തുടക്കത്തില്‍ ബ്രസീലിയന്‍ പ്രതിരോധത്തിനെതിരെ ഇത്തരം ലോങ് റേഞ്ചുകളെ തന്നെയാണ് ആശ്രയിച്ചത്. മെക്‌സിക്കന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഹെക്ടര്‍ ഹെരേരയും ഇത്തരം ചില അപകടകരമായ ഷോട്ടുകള്‍ ബ്രസീലിയന്‍ ഗോള്‍മുഖത്തേയ്ക്ക് പായിച്ചു.

ഒരു മിഡ്ഫീല്‍ഡ് ജനറല്‍ ഇല്ലാതെപോയതാണ് ബ്രസീലിയന്‍ ആക്രമണത്തിന്റെ മുനയൊടിച്ചത്. പിന്‍നിരയില്‍ നിന്ന് കിട്ടുന്ന പന്ത് പാര്‍ശ്വങ്ങളിലൂടെ മിന്നല്‍വേഗത്തിലെത്തുക്കുന്ന പതിവ് പരിപാടി തന്നെയായിരുന്നു മെക്‌സിക്കോയ്‌ക്കെതിരെയും ബ്രസീലിന്റെ ആയുധം. മധ്യനിരയില്‍ നിന്ന് ഉയിര്‍കൊണ്ട ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ വളരെ വിരളം. ഒരൊറ്റ നീക്കത്തില്‍ പോലും ചിന്താസ്പര്‍ശം കണ്ടില്ല. മൈതാനമധ്യത്തിലൂടെ മുന്നേറാന്‍ നെയ്മറുടെ ഡ്രിബളിങ് പാടവം തന്നെയായിരുന്നു പ്രധാന ആശ്രയം. പക്ഷേ, ഇതുകൊണ്ടുമാത്രം മെക്‌സിക്കന്‍ പ്രതിരോധത്തിലേയ്ക്ക് നൂണ്ടുകയറാന്‍ സ്‌കോളാരിയുടെ ടീമിന് കഴിഞ്ഞില്ല. 
ഓരേ സമയം പ്രതിരോധിക്കുകയും തക്കം കിട്ടുമ്പോള്‍ വേഗമാര്‍ന്ന പ്രത്യാക്രമണങ്ങള്‍ കരുപ്പിടിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ബ്രസീലിനെതിരായ മെക്‌സിക്കന്‍ തന്ത്രം. പെരാള്‍ട്ടയുടെ ചില മുന്നേറ്റങ്ങള്‍ വലിയ സമ്മര്‍ദമാണ് ബ്രസീലിയന്‍ പ്രതിരോധത്തിലുണ്ടാക്കിയത്. 22-ാം മിനിറ്റില്‍ ഇത്തരമൊരു നീക്കത്തിന്റെ മുനയൊടിക്കാന്‍ തിയാഗോ സില്‍വയ്ക്ക് ശരിക്കും വിയര്‍ക്കേണ്ടിവന്നു. കളി 50 മിനിറ്റ് പിന്നിട്ടതോടെയാണ് മെക്‌സിക്കോയുടെ വിധം മാറിയത്. 
പിന്നീടുള്ള 15 മിനിറ്റ് നേരം അവര്‍ ബ്രസീലിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. മഞ്ഞപ്പട തീര്‍ത്തും താളം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിന്റെ ബാക്കിപത്രമെന്നോണം അവസാന സെക്കന്‍ഡ് വരെ മെക്‌സിക്കോ ഇരമ്പിക്കളിച്ചുകൊണ്ടിരുന്നു. തൊണ്ണൂറാം മിനിറ്റില്‍ ഗ്വാര്‍ഡാഡോയും ഇഞ്ച്വറി ടൈമില്‍ ഹെര്‍ണാണ്ടസും ഇങ്ങനെ ഗോളിന് വളരെ അടുത്തെത്തി. ഇക്കുറി ഭാഗ്യമോ ലോകമെങ്ങുമളള്ള ആരാധകരുടെ പ്രാര്‍ഥനയോ ആണ് ബ്രസീലിനെ തുണച്ചത്. ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.
(കടപ്പാട്: മാതൃഭൂമി)

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.