Latest News

രണ്ട് കോടിയുടെ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

ഗുരുവായൂര്‍: സൗഹൃദം സ്ഥാപിച്ച് പലരില്‍ നിന്നായി രണ്ടു കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് പനയപ്പള്ളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ സന്ധ്യാകുമാരി (39)യാണ് പിടിയിലായത്. തൃശ്ശൂര്‍ വടക്കേച്ചിറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയെ തിരുവനന്തപുരത്തെ ആഡംബര ഫ്ലാറ്റില്‍ നിന്നാണ് ഗുരുവായൂര്‍ എ.സി.പി. ജയചന്ദ്രന്‍പിള്ളയുടെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍ അറസ്റ്റുചെയ്തത്.

ചൂണ്ടല്‍ കിഴക്കേ മണ്ഡാടത്തുവീട്ടില്‍ സോമസുന്ദരനില്‍ നിന്ന് 78 ലക്ഷം രൂപയും തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി അനില്‍കുമാറില്‍ നിന്ന് 82.5 ലക്ഷവും തൃശ്ശൂര്‍ സ്വദേശി ജോഷിയില്‍ നിന്ന് 20 ലക്ഷവും തട്ടിയെടുത്ത വിവരം സന്ധ്യാകുമാരിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നതായി പോലീസ് പറഞ്ഞു. കടം നല്‍കിയ പണം കിട്ടാതായപ്പോള്‍ മനംനൊന്ത് സോമസുന്ദരന്‍ തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

സന്ധ്യാകുമാരി താമസിക്കുന്ന ഫ്ലാറ്റില്‍ സോമസുന്ദരന്റെ അടുത്ത ബന്ധുക്കള്‍ താമസിച്ചിരുന്നു. ഇടയ്ക്കിടെ അവിടെ പോയപ്പോഴാണ് സോമസുന്ദരന്‍ സന്ധ്യയുമായി സൗഹൃദത്തിലായത്. ഈ സൗഹൃദം യുവതി സാമ്പത്തികമായി മുതലെടുക്കാന്‍ ഉപയോഗിച്ചു. പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 78 ലക്ഷം രൂപ വാങ്ങി. തൃശ്ശൂരിലുള്ള തന്റെ സ്വന്തം വീടും പറമ്പും വിറ്റാണ് സോമസുന്ദരന്‍ പണം നല്‍കിയത്. 2013 ജൂണിനും 2014 ജനവരിക്കുമിടയിലായിരുന്നു ഇത്.

പണം തിരികെ തരാനുള്ള അവധി കഴിഞ്ഞിട്ടും കിട്ടാതായപ്പോള്‍ സോമസുന്ദരന്‍ പലതവണ ഫോണ്‍ വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ നേരിട്ടുപോയി അന്വേഷിച്ചു. യുവതി മുങ്ങിയെന്ന വിവരമാണ് പിന്നീടറിയുന്നത്. മനോവിഷമം താങ്ങാനാകാതെ മാര്‍ച്ച് അഞ്ചിന് ഇയാള്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യ ഗുരുവായൂര്‍ എ.സി.പി. ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സന്ധ്യാകുമാരിയെ പോലീസ് പിടികൂടിയത്. ഇവരുടെ മകന്‍ അയ്യന്തോളിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇടയ്ക്കുവെച്ച് മകനെ തിരുവനന്തപുരത്തെ സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ത്തു. അവിടെ പോയി അന്വേഷിച്ച പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ജഗതിയിലെ ആഡംബര ഫ്ലാറ്റില്‍ നിന്ന് കയ്യോടെ പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ശ്രീകുമാര്‍, പി.എസ്. അനില്‍കുമാര്‍, സി.ജി. ലിജോ, പി.കെ. പ്രതിഭ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.