Latest News

ഷീബയുടെ മരണം ആത്മഹത്യ; കടംവാങ്ങിയ പണത്തിന് പലിശകൊടുത്ത് മുടിഞ്ഞെന്ന് കുറിപ്പ്

ബേക്കല്‍: തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിക്കര സര്‍വീസ് സഹകരണബാങ്ക് ബേക്കല്‍ ശാഖയിലെ പിഗ്മി കളക്ഷന്‍ ഏജന്റ് ഷീബ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായി. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ബേക്കല്‍ കമാംപാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ അമ്പലത്തറ കുമ്പളയിലെ പരേതനായ ചന്ദ്രശേഖരന്റെയും അമ്മാളുവിന്റെയും മകളായ ഷീബയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപം കണ്ടെത്തിയ ബാഗില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ''കടംവാങ്ങിയ പണത്തിന് പലിശകൊടുത്ത് മുടിഞ്ഞു'' എന്നെഴുതിവെച്ചാണ് ഷിബ തീവണ്ടിക്കുമുന്നില്‍ച്ചാടി മരിച്ചത് .

''കടംവാങ്ങിയ പണത്തിന് പലിശകൊടുത്ത് ഞാന്‍ മുടിഞ്ഞു. എനിക്കുമുന്നില്‍ ഇതല്ലാതെ വേറെ വഴിയില്ല. രാജേട്ടന്‍(ഷീബയുടെ ഭര്‍ത്താവ്) പാവമാണ്. അവരെ വിഷമിപ്പിക്കരുത്'' കത്തില്‍ പറയുന്നു.

പിഗ്മിയിലൂടെ ശേഖരിച്ച തുക ബാങ്കുശാഖയില്‍ അടച്ചശേഷം പുറത്തുപോയ ഷീബയെ പിന്നീട് റെയില്‍പ്പാളത്തില്‍ മരിച്ച നിലയിലാണു കണ്ടത്.
ഇബ്രാഹിം എന്നയാളില്‍നിന്ന് തുകയെഴുതാത്ത ചെക്കിന്റെ ഈടില്‍ ഷീബ ഒരുവര്‍ഷം മുമ്പ് അരലക്ഷം രൂപ കടംവാങ്ങിയിരുന്നു. പലിശയിനത്തില്‍ ഒരുലക്ഷത്തിലധികം രൂപ കൊടുത്തുകഴിഞ്ഞുവെന്ന് ഷീബ നേരത്തേ പോലീസിനോടു പറഞ്ഞിരുന്നു.

 'ഓപ്പറേഷന്‍ കുബേര'യുടെ ഭാഗമായി ബേക്കല്‍ പോലീസ് ഇബ്രാഹിമിനെ പിടികൂടി കേസെടുത്തിരുന്നു. പരിശോധനയില്‍ ഷീബയുടെ ചെക്ക് കണ്ടെടുക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഷീബയും കുടുംബവും ചെറിയൊരു വീടുണ്ടാക്കി ഒരുമാസം മുമ്പ് അതിലേക്ക് താമസം മാറിയിരുന്നു. സാമ്പത്തികബാധ്യതയ്ക്ക് ഇതാവാം കാരണമെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bekal, Train Accident, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.