Latest News

കണ്ണൂര്‍ സ്വദേശികളായ മൂന്ന് യാത്രക്കാരില്‍നിന്ന് 1.091 കിലോ സ്വര്‍ണ്ണം പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. മൂന്നുപേരില്‍നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ 1.091 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ബുധനാഴ്ച രാത്രി ഒമ്പതിന് എത്തിയ എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നായിരുന്നു ആദ്യം സ്വര്‍ണ്ണം പിടിച്ചത്.

വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ആരിഫിന്റെ(39) അടിവസ്ത്രത്തില്‍നിന്ന് 233 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. കാര്‍ബണ്‍പേപ്പറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ വാതിലില്‍ തടഞ്ഞ് പരിശോധിച്ചാണ് കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ഗള്‍ഫില്‍നിന്ന് സ്വര്‍ണംവാങ്ങി നാട്ടില്‍ വിറ്റാല്‍ കിട്ടുന്ന ലാഭം മുന്നില്‍ക്കണ്ടാണ് സ്വര്‍ണ്ണം കടത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാളില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണത്തിന് 6.5 ലക്ഷം രൂപ വിലവരും.

പുലര്‍ച്ചെ അഞ്ചിന് അബുദാബിയില്‍ നിന്നെത്തിയ തലശ്ശേരി ചൊക്ലി ആനകെട്ടിയതില്‍ പുല്ലക്കര താഹിറിന്റെ (31) ബാഗേജില്‍നിന്നാണ് രണ്ടാമത്തെ സ്വര്‍ണ്ണവേട്ട. ഇയാളുടെ കൈവശമുണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വിയുടെ ഡയറക്ട് വീഡിയോ റെക്കോര്‍ഡറിനകത്താണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.റെക്കോര്‍ഡറിനുള്ളില്‍ സ്വര്‍ണ്ണം ഡിസ്‌ക് രൂപത്തിലാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇതിന് മുകളില്‍ ഇതേരൂപത്തില്‍ ലോഹത്തകിടുകള്‍ സ്‌ക്രൂചെയ്ത് ഒട്ടിച്ചിരുന്നു. ഇതിനാല്‍ എക്‌സ്‌റേ പരിശോധനയിലും സ്വര്‍ണ്ണം കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ സംശയംതോന്നി കസ്റ്റംസ് സൂപ്രണ്ട് തിരിച്ചുവിളിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 625 ഗ്രാം തൂക്കംവരുന്ന സ്വര്‍ണഡിസ്‌ക് കണ്ടെടുത്തത്. ഇതിന് 16.5 ലക്ഷം രൂപ വിലവരും. ദുബായില്‍നിന്ന് പരിചയപ്പെട്ട അജ്മല്‍, ഫയാസ് എന്നയാളുടെ കാരിയറായി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. 35,000 രൂപയായിരുന്നു വാഗ്ദാനം. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തു.

പുലര്‍ച്ചെ മൂന്നുമണിക്കെത്തിയ കണ്ണൂര്‍ സ്വദേശിനി താഹിറ ഇഖ്ബാലി(34)ല്‍നിന്നാണ് 234 ഗ്രാം സ്വര്‍ണം പിടികൂടിയത്. മാലരൂപത്തില്‍ വസ്ത്രത്തിനടിയില്‍ ധരിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. ഇതിന് ആറുലക്ഷം രൂപ വിലവരും. ദുബായിലെ ഭര്‍ത്താവിനെ കാണാന്‍പോയ തനിക്ക് സഹോദരന്‍ അക്‌സര്‍ നല്‍കിയതാണ് മാല എന്നാണ് ഇവര്‍ പറഞ്ഞത്.

നിയമപ്രകാരം സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുവാദമില്ലാത്തവരാണ് ഇവരെന്ന് കസ്റ്റംസ് പറഞ്ഞു. ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിച്ചവര്‍ക്കാണ് 10 ശതമാനം നികുതിനല്‍കി സ്വര്‍ണ്ണം കൊണ്ടുവരാന്‍ അനുവാദമുള്ളത്. മറ്റുള്ളവര്‍ക്ക് സ്വര്‍ണ്ണവിലയുടെ 35 ശതമാനമാണ് നികുതി. ഇതുപ്രകാരം ഇവരില്‍നിന്ന് 2,50,000 രൂപ നികുതി ഈടാക്കി വിട്ടയച്ചു.

31 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് വ്യാഴാഴ്ച മാത്രം പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് വിഭാഗം കണ്ടെടുക്കുന്ന സ്വര്‍ണ്ണത്തിന്റെ അളവ് ഇതോടെ 10 കിലോ കടന്നു. ഇതിന് മൂന്ന് കോടിയിലധികം വിലവരും. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ദാസിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.കെ. സവീന്‍, വി.വി. വിനോദ്കുമാര്‍, പി.വി. ഫ്രാന്‍സിസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ആനന്ദ് വിക്രംസിങ്, ദേബാശിഷ് ഗുപ്ത, രാജേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Karipur Airport, Gold, case, Police, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.